പ്രതിഷേധിച്ച് സോനു നിഗം; പാക്കിസ്ഥാനിലായിരുന്നെങ്കിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചേനെ

പലവിഷയങ്ങളിലും സ്വന്തം നിലപാടുകൾ തുറന്നു പറഞ്ഞ സോനു നിഗമിന്റെ പുതിയ പ്രസ്താവന കേട്ടു അമ്പരന്നിരിക്കുകയാണ് സംഗീത ലോകം. പാക്കിസ്ഥാനിലാണു ജനിച്ചതെങ്കിൽ കൂടുതൽ അവസരങ്ങൾ തന്നെ തേടി എത്തുമായിരുന്നു എന്നാണ് സോനു നിഗമിന്റെ പുതിയ പ്രസ്താവന. അവിടെ ജനിച്ചിരുന്നെങ്കിലെന്നു പലപ്പോഴും ആഗ്രഹിച്ചതായും സോനു നിഗം പറഞ്ഞു. 

പാക്കിസ്ഥാനി ഗായകരോടുള്ള സംഗീത പരിപാടി സംഘാടരുടെ താത്പര്യത്തെ പറ്റിയും സോനു നിഗം തുറന്നു പറഞ്ഞു. ഒരു ദേശീയ മാധ്യമം നടത്തിയ പൊതു ചർച്ചയിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ഇന്ത്യക്കാരായ ഗായകരോടും പാക്കിസ്ഥാന്‍കാരായ ഗായകരോടുമുള്ള വ്യത്യസ്ത സമീപനമാണ് സോനു നിഗമിനെ ചൊടിപ്പിച്ചത്. 

സോനു നിഗമിന്റെ വാക്കുകൾ ഇങ്ങനെ: "ഇന്ത്യൻ ഗായകരോടുള്ള ചില സംഘാടകരുടെ സമീപനം കാണുമ്പോൾ പാക്കിസ്ഥാനിൽ ജനിച്ചാൽ മതിയായിരുന്നു എന്നു തോന്നും. കാരണം പാക്കിസ്ഥാനികളായ ഗായകരെയും ഇന്ത്യൻ ഗായകരെയും രണ്ടുവിധമാണ് സംഘാടകർ സമീപിക്കുന്നത്. ഒരു പക്ഷേ, പാക്കിസ്ഥാനിലായിരുന്നു ജനിച്ചിരുന്നതെങ്കിൽ കൂടുതൽ അവസരങ്ങൾ എന്നെ തേടി വരുമായിരുന്നു. ഇപ്പോൾ നടക്കുന്ന സ്റ്റേജ് ഷോകൾ നടത്താൻ മ്യൂസിക് കമ്പനികൾക്ക് അങ്ങോട്ടു പണം നൽകേണ്ട അവസ്ഥയാണ്. പാക് ഗായകർക്ക് അതു വേണ്ട. അവരിൽ നിന്നു അത്തരത്തിൽ യാതൊരു തുകയും ഈടാക്കുന്നില്ല. പണം നൽകിയില്ലെങ്കിൽ അതുനൽകാൻ തയ്യാറുള്ള മറ്റുഗായകരുടെ പിറകെ പോവുകയും അവരുടെ പാട്ടുകൾക്കു കൂടുതൽ പ്രാധാന്യം നൽകി പുറത്തിറക്കുകയും ചെയ്യും.' 

സുഹൃത്തായ അൽത്താഫ് അസ്‌ലത്തിനോടും റഹത്ത് ഫത്തേഹ് അലി ഖാനോടും ആരും പണം ആവശ്യപ്പെടുന്നതായി അറിവില്ലെന്നും സോനു പറഞ്ഞു. വർധിച്ചു വരുന്ന റീമിക്സ് ട്രന്റുകൾക്കെതിരെയും രൂക്ഷമായ വിവമർശനമാണ് സോനു ഉന്നയിച്ചത്.