ജാനകിയമ്മയെ അനുകരിച്ച് ഗായകൻ

ജാനകിയമ്മയുടെ അരികെയിരുന്നു, ഗായികയെ അനുകരിച്ചു പാടുക. ആര്‍ക്കാണതിനു ധൈര്യമെന്നു ഇനി ചോദിക്കരുത്. ഇവിടെ ഒരു ഗായകൻ അത് യാഥാർഥ്യമാക്കിയിരിക്കുകയാണ്. പാടിത്തീരുമ്പോൾ സ്നേഹത്തോടെ ചേർത്തു പിടിച്ചു നന്നായിരുന്നുവെന്നു ജാനകിയമ്മ മറുപടിയും പറയുന്നുണ്ട്. മനോഹരമായൊരു പാട്ടനുഭവം പങ്കുവച്ചത് സംവിധായകൻ മണിരത്നമാണ്. ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച വിഡിയിയോയിലെ ഗായകൻ പാടുന്നത് നെഞ്ചിനിലേ എന്ന ഗാനമാണ്. 

ഭാവാർദ്രമായി പാട്ടുപാടാൻ ഭാഷയറിയേണ്ടതില്ലെന്ന സന്ദേശം വീണ്ടും നൽകുകയാണ് ഈ വിഡിയോ. കല എങ്ങനെയാണു രാജ്യത്തെ സംസ്കാരത്തെ അതിരുകളെ എല്ലാം ഭേദിക്കുന്നതെന്ന കുറിപ്പോടെയാണു ഈ മനോഹരമായ വിഡിയോ മണിരത്നം പോസ്റ്റ് ചെയ്തത്. 

എപ്പോഴും ചിരിതൂകുന്ന മുഖവും സൗമ്യമായ സംസാരവുമുള്ള ഗായികയെ അവരുടെ പാട്ടു പോലെ നമ്മളേറെ സ്നേഹിക്കുന്നു.ഉച്ഛസ്ഥായിയിലെ അസാധ്യമായ ആലാപന ഭംഗിയും കുയിൽ നാദം പോലുള്ള സ്വരവുമാണ് ജാനകിയമ്മയെ സംഗീത ലോകത്തെ വേറിട്ടു നിർത്തുന്നത്. എത്രകേട്ടാലും മതിവരാത്ത എത്രയോ ഗാനങ്ങൾ അവര്‍ നമുക്കു പാടിത്തന്നിരിക്കുന്നത്.  ആറു ദശാബ്ദക്കാലം പിന്നിട്ട സംഗീത ജീവിതത്തിനിടയിൽ പതിനഞ്ചിലേറെ ഭാഷകളിലായി നാൽപ്പത്തിയെണ്ണായിരത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് എസ്.ജാനകി. നാലു പ്രാവശ്യം ദേശീയ പുരസ്കാരവും ജാനകിയമ്മയെ തേടിയെത്തി.