ഇവിടെ സംഗീതജ്ഞർക്ക് വളരാനിടമില്ല: എ ആർ റഹ്മാൻ

മദ്രാസിന്റെ സംഗീത ചക്രവര്‍ത്തി ലോക സംഗീതത്തിലേക്ക് കാലങ്ങൾക്ക് മുൻപേയെത്തിച്ചേർന്നതാണ്. പാട്ടു ലോകത്തെ വൈവിധ്യങ്ങളിലേക്ക് പ്രതിഭയുടെ മൂർച്ചയോടെ കടന്നു ചെല്ലുന്ന റഹ്മാൻ പുതിയൊരു സംഗീത സംസ്കാരമാണ് നമുക്ക് കാണിച്ചു തന്നത്. എന്നാൽ ഒരു സംഗീതജ്ഞന് വളർന്നു വരാനുള്ള സാഹചര്യങ്ങളുടെ നമ്മുടെ രാജ്യത്തു കുറവാണെന്നാണ് റഹ്മാന്റെ അഭിപ്രായം. പാശ്ചാത്യ രാജ്യങ്ങളിൽ അതിനുള്ള സാഹച്യര്യം ഏറെയാണ്. പ്രതിഭാശാലികളായ ഒരുപാടു പേർ നമുക്കിടയിലുണ്ടെങ്കിലും അവർക്ക് കഴിവു തെളിയിക്കാനുള്ള ഇടങ്ങളൊരുക്കുന്നതിൽ പിശുക്കുണ്ട്. ആർട്ട് സെന്ററുകൾ, റേഡിയോ സിറ്റികൾ ഇവയൊക്കെ സൃഷ്ടിക്കുന്നതിൽ നമ്മളിന്നും പുറകിലോട്ടാണ്. എ ആർ റഹ്മാൻ പറഞ്ഞു. പിറ്റിഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു റഹ്മാന്റെ തുറന്നുപറച്ചിൽ.

നമുക്കൊരുപാട് മെട്രോ നഗരങ്ങളുണ്ട്. പക്ഷേ കലയ്ക്കും മറ്റുമായുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള കേന്ദ്രങ്ങൾ എവിടെയെങ്കിലുമുണ്ടോ? ഓപ്പെറകൾ എവിടെയെങ്കിലുമുണ്ടോ? ആ ഒരു സംസ്കാരമാണ് നാം കൊണ്ടു വരേണ്ടത്. ഇന്ത്യൻ കലാകാരൻമാരുടെ പ്രകടനം വീക്ഷിക്കുവാന്‍ വിദേശികൾ വരുന്ന ഒരു കാലമാണുണ്ടാകേണ്ടത്. സംഗീതത്തിലും വാദ്യോപകരണങ്ങളിലുമൊക്കെ ഉപരിപഠനം നടത്തിയ പ്രഗത്ഭരായ വിദ്യാർഥികൾ പലരും ഇംഗ്ലണ്ടിലേക്കോ മറ്റോ ആണ് പോകുന്നത്. അവര് ഇന്ത്യൻ സംഗീത പാരമ്പര്യത്തിന്റെ ഭാഗമാകണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇവിടത്തെ കലാകാരൻമാർക്ക് മാത്രമല്ല ലോകമൊട്ടുക്കുള്ളവർക്ക് ഇവിടെയെത്തി പാട്ടും നൃത്തവും ഉൾപ്പെടെയുള്ള സംഗീതവിരുന്നൊരുക്കാനുള്ള സാഹചര്യം നമ്മൾ സൃഷ്ടിക്കണം. ഇന്ത്യൻ സംഗീതത്തിന്റെ വളർച്ച ഇതിലൂടെയാണ് സ്വപ്നം കാണുന്നത്. ഭാവിയിൽ‌ ഈ ആവശ്യത്തിന് കൂടുതല്‍ സ്വീകാര്യത കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. റഹ്മാൻ പറഞ്ഞു.