അഭിരാമി പ്ളസ് ടു പാട്ടുംപാടി ജയിച്ചു

യുവ ചലച്ചിത്ര പിന്നണി ഗായിക അഭിരാമി അജയ് പ്ളസ് ടു പരീക്ഷ 'പാട്ടുംപാടി' ജയിച്ചു. ഷാർജ ഡൽഹി പ്രൈവറ്റ് സ്കൂളിൽ പരീക്ഷയെഴുതിയ അഭിരാമി ഡിസ്റ്റിൻക് ഷനോ(94% മാർക്ക്)ടെയാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.

ഹ്യുമാനിറ്റീസായിരുന്നു അഭിരാമി പ്ളസ് ടുവിന് പഠിച്ചത്. കഴിഞ്ഞ നാല് മാസമായി സംഗീതത്തിന് അവധി നൽകിയായിരുന്നു പ്ളസ് ടു പരീക്ഷയ്ക്ക് തയ്യാറെടുത്തത്. സോഷ്യോളജിക്ക് നൂറിൽ 97, ഇക്കണോമിക്സിന് 95, പോളിറ്റിക്കൽ സയൻസിന് 98, ഹിസ്റ്ററിക്ക് 92, ഇംഗ്ളീഷിന് 88 മാർക്ക് ലഭിച്ചു. ഇംഗ്ളീഷിന് മികച്ച രീതിയിൽ ഉത്തരമെഴുതിയിരുന്നെങ്കിലും മാർക്ക് കുറഞ്ഞതിൽ വിഷമമുണ്ടായി. അതിനാൽ പുനപ്പരിശോധനയ്ക്ക് നൽകാനുള്ള തീരുമാനത്തിലാണ്. ചെന്നൈയിൽ ആലപ്പി രംഗനാഥ ശർമ, പെരുന്പാവൂർ ജി.രവീന്ദ്രനാഥ്, ഡോ.ലക്ഷ്മിമേനോൻ എന്നിവരുടെ കീഴിൽ സംഗീതപഠനം നടത്തുന്നു. ഇതോടൊപ്പം ഡോ.സുരേഷ് വാഡ്കറുടെ കീഴിൽ ഹിന്ദുസ്ഥാനി സംഗീതവും പഠിക്കുന്നു. സംഗീതാഭ്യാസത്തോടൊപ്പം സാന്പത്തികശാസ്ത്രത്തിൽ ബിരുദനപഠനം നടത്താനാണ് ഉദ്ദേശിക്കുന്നത്. 

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ്  അഭിരാമി പിന്നണിഗായികയായി അരങ്ങേറിയത്. വിദ്യാസാഗർ സംഗീതം നൽകി നജീം അർഷദിനോടൊപ്പം ആലപിച്ച തൊട്ട് തൊട്ട് തൊട്ട് നോക്കാതെ.. എന്ന യുഗ്മ ഗാനം ഹിറ്റായതോടെ അഭിരാമി ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ഔസേപ്പച്ചന്റെ സംഗീതസംവിധാനത്തിൽ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൽ പാടിയ അഴലിന്റെ ആഴങ്ങളിൽ, വിദ്യാസാഗർ സംഗീതം നൽകിയ പ്രിയദർശന്റെ ഗീതാജ്ഞലി എന്ന ചിത്രത്തിലെ മധുമതിപ്പൂ വിരിഞ്ഞുവോ, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യൻ പ്രണയകഥയിലെ ഒാമനക്കോമളത്താമര പൂവേ.. എന്നീ ഗാനങ്ങൾ കൂടി ആസ്വാദകർ ഏറ്റെടുത്തു.

വിദ്യാസാഗറിന്റെ തന്നെ സംഗീത സംവിധാനത്തിൽ ആദ്യമായി തമിഴിൽ ആലപിച്ച ഗാനം(ചിത്രം– ജനലോരം) ഹിറ്റായതോടെ അഭിരാമി ആ ഭാഷയിലും ശ്രദ്ധിക്കപ്പെട്ടു. ദൂരം എന്ന ചിത്രത്തിൽ വിജയ് യേശുദാസിനോടൊപ്പം ആലപിച്ച യുഗ്മഗാനമടക്കം നാല് ചിത്രങ്ങളിലെ പാട്ടുകൾ പുറത്തുവരാനുണ്ട്.

ഗുരൂവായർ ക്ഷേത്രം, എറണാകുളം രസികപ്രിയ, ദുബായ് എന്നിവിടങ്ങളിൽ സംഗീതക്കച്ചേരി നടത്തിയിട്ടുണ്ട്. 2013 ൽ മികച്ച യുവഗായികയ്ക്കുള്ള അവാർഡ് നേടി. പഠനത്തോടൊപ്പം പിന്നണി ഗാനരംഗത്തും സജീവമാകാനാണ് അഭിരാമിയുടെ തീരുമാനം. തിരുവല്ല ചാത്തങ്കരി സ്വദേശികളായ കഴിഞ്ഞ 12 വർഷമായി ദുബായിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഡോ.അജയകുമാർ, ഡോ.അശ്വതി ദന്പതികളുടെ മകളാണ്.