ജയിംസ് ബോണ്ടിന്റെ ഔദ്യോഗിക ഗായികയായി അഡേൽ

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റായ ജയിംസ് ബോണ്ട് ഗാനം പാടിയ പോപ്പ് ഗായിക അഡേൽ വീണ്ടും ബോണ്ട് ചിത്രത്തിന് ഗാനം ആലപിക്കുന്നു. സ്കൈഫോളിന് ശേഷം പുറത്തിറങ്ങുന്ന ജയിംസ് ബോണ്ട് ചിത്രമായ സ്പെക്റ്ററിനുവേണ്ടിയാണ് അഡേൽ പാടുന്നത്. നേരത്തെ അമേരിക്കൻ ഗായിക ലന ഡെൽ റേയാണ് ഗാനം ആലപിക്കുക എന്ന് നിർമ്മാതാക്കൾ അറിയിച്ചിരുന്നെങ്കിലും ആ ഗായികയെ ഒഴിവാക്കുകയായിരുന്നു. തുടർച്ചയായി രണ്ട് ജയിംസ് ബോണ്ട് ചിത്രങ്ങളുടെ തീം ഗാനം ആലപിക്കുന്ന ആദ്യ പോപ്പ് താരമാണ് അഡേൽ. അഡേലും ചിത്രത്തിലെ നായകൻ ഡാനിയൽ ക്രേഗും ചേർന്നായിരിക്കും പുതിയ ജയിംസ് ബോണ്ട് ചിത്രത്തിന്റെ തീം സോങ് ആലപിക്കുക. തോമസ് ന്യൂമനാണ് സെപ്ക്റ്ററിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്.

സ്കൈഫോളിലെ അഡേലിന്റെ പാട്ട് വളരെ പ്രശസ്തമായിരുന്നു ആ പ്രശസ്തി പുതിയ ചിത്രത്തിലെ പാട്ടിന് ലഭിക്കുന്നതിനുവേണ്ടി മികച്ച ഗായികയെ മാത്രമേ തിരഞ്ഞെടുക്കു എന്നാണ് നിർമ്മാതാക്കൾ നേരത്തെ അറിയിച്ചിരുന്നത്. ലെന റേയെ കൂടാതെ ബ്രിട്ടീഷ് പാട്ടുകാരൻ സാം സ്മിത്തിനേയും ബോണ്ട് ഗാനം ആലപിക്കാൻ പരിഗണിക്കുന്നുണ്ടായിരുന്നു എന്നാൽ ഇവരെയെല്ലാം പിന്തള്ളിയാണ് അഡേലിനെ തിരഞ്ഞെടുത്തത്.

2012 ൽ പുറത്തിറങ്ങിയ സ്കൈഫോൾ എന്ന ചിത്രത്തിലെ ഗാനങ്ങൾ ബോണ്ട് ചിത്രങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരുന്നു. 2013 ലെ ഒറിജിനൽ മ്യൂസിക്കിനുള്ള ഓസ്കാറും സ്കൈഫോളിലെ ഗാനത്തിനായിരുന്നു. 50 വർഷത്തെ ബോണ്ട് ചിത്രങ്ങളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ബോണ്ട് ചിത്രത്തിലെ പാട്ടിന് ഓസ്കാർ ലഭിക്കുന്നത്.

ഡാനിയൽ ക്രേഗ് ജയിംസ് ബോണ്ടായി എത്തുന്ന നാലാമത്തെ ചിത്രമാണ് സ്പെക്റ്റർ. ഓസ്കാർ ജേതാവ് സാം മെൻഡസ്് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് നീൽ പർവ്വിസ്, റോബർട്ട് വെയ്ഡ്, ജോൺ ലോഗൻ എന്നിവർ ചേർന്നാണ്. ക്രേഗിനെ കൂടാതെ ക്രിസ്റ്റോഫ് വാട്ട്സ്്, മോണിക്ക ബലൂച്ചി, ആൻഡ്രൂ സ്കോട്ട്, ഡേവ് ബൗട്ടിസ്റ്റ, നയോമി ഹാരിസ്, ബെൻ വിഷാവ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇയോൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ മൈക്കിൾ ജി വിൽസൺ, ബാർബറ ബ്രോച്ചോലി തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2015 നവംബറിൽ തീയേറ്ററിലെത്തും.