Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണം തട്ടിയെടുത്ത കൂട്ടുകാർ‌ക്കായി യുസി കോളെജിന്റെ സ്നേഹസമ്മാനം

adhoore-hum

അകാലത്തില്‍ പൊലിഞ്ഞു പോയ സുഹൃത്തുകള്‍ക്കുള്ള സമര്‍പ്പണമാകുകയാണ്  'Adhoore Hum' എന്ന സംഗീത ആല്‍ബം. ആലുവ യൂസി കോളജിലെ വിദ്യാര്‍ഥികളുടെ കൂട്ടായ്മയിലാണ് മ്യൂസിക്ക് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. വാഹനാപകടത്തില്‍ മരിച്ച സാം ഡേവിസിനും പ്രമോദ് മാത്യുവിനുമാണ് വിദ്യാര്‍ഥികള്‍ ഈ ആല്‍ബം സമര്‍പ്പിച്ചിരിക്കുന്നത്. യൂടൂബിലൂടെ റിലീസ് ചെയ്ത ഗാനത്തിനു മണിക്കൂറുകള്‍ക്കകം അയ്യായിരത്തിലധികം ഹിറ്റുകളാണ് ലഭിച്ചത്. 

രണ്ടു വര്‍ഷം മുമ്പാണ് കോളജിലെ സംഗീത പ്രേമികളായ ഒരുപറ്റം വിദ്യാര്‍ഥികളുടെ മനസ്സില്‍ മ്യൂസിക് വീഡിയോ എന്ന ആശയം ഉടലെടുക്കുന്നത്. സൈക്കോളജി ബിരുദ വിദ്യാര്‍ഥിനിയായിരുന്ന വര്‍ഷ മനോജാണ് ആല്‍ബത്തിനു വേണ്ടി വരികള്‍ എഴുതാന്‍ നിയോഗിക്കപ്പെട്ടത്. വര്‍ഷയുടെ സൂഹൃത്തും ഗായകനുമായ നന്ദഗോപന്റെ സഹപാഠിയായിരുന്നു സാം ഡേവിസ്. സൗഹൃദ സദസ്സില്‍ സംഗീതം നിറഞ്ഞപ്പോള്‍ വര്‍ഷയുടെ വരികള്‍ കൂട്ടുകാര്‍ ഏറ്റു പാടി. കൂട്ടത്തില്‍ സാം ഡേവിസിന്റെയും ഇഷ്ടഗാനമായി അത് മാറി. പാട്ടിന്റെ ചിത്രീകരണത്തെക്കുറിച്ചു ആലോചിച്ചു തുടങ്ങിയപ്പോള്‍ നായകന്‍ ആരാകണമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടായിരുന്നില്ല. എല്ലാവരും ഒരേ സ്വരത്തില്‍ നിര്‍ദ്ദേശിച്ച പേര് സാംമിന്റേതായിരുന്നു. 

ജനുവരി 19നു കോളജിനു മുന്നിലുണ്ടായ ബൈക്ക് അപകടത്തിലാണ് സാംമിനും പ്രമോദിനും പരിക്കേല്‍ക്കുന്നത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റത് പ്രമോദിനായിരുന്നു. പുറമേക്കു സാരമായ പരുക്കുകള്‍ തോന്നാതിരുന്ന സാംമിനു പിന്നീട് കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടു. 20നു സാം മരണത്തിനു കീഴടങ്ങി. മസ്തിഷ്‌ക മരണം സംഭവിച്ച സാംമിന്റെ ആന്തരിക അവയവങ്ങള്‍ രക്ഷിതാക്കള്‍ ദാനം ചെയ്തിരുന്നു. സാംമിന്റെ മരണം ഏല്‍പ്പിച്ച ആഘാതത്തിലും ഒരു കലാലയം മുഴുവന്‍ പ്രമോദിന്റെ ജീവനു വേണ്ടി പ്രാര്‍ഥിച്ചു കൊണ്ടിരുന്നു. എന്നാല്‍ രണ്ടരമാസത്തോളം നീണ്ട മൗനത്തിനു ശേഷം കൂട്ടുകാരുടെ വിളികള്‍ക്കു കാതോര്‍കാതെ പ്രമോദും യാത്രയായി.

സാംമിന്റെ അപ്രതീക്ഷിതമായ മരണം നന്ദഗോപനെ തളര്‍ത്തി. മ്യൂസിക്ക് വീഡിയോ പ്രൊജക്റ്റുമായി മുന്നോട്ട് പോവകേണ്ടതില്ലെന്നും അത് പാതിവഴിയില്‍ ഉപേക്ഷിക്കാനും നന്ദഗോപന്‍ തീരുമാനിച്ചു. സുഹൃത്തുകളുടെ നിരന്തരമായ നിര്‍ബന്ധത്തിനൊടുവിലാണ് മ്യൂസിക് വീഡിയോ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ നന്ദുവും കൂട്ടരും പുനഃരാംഭിക്കുന്നത്. നന്ദു അംഗമായ Mesmerocksia ബാന്‍ഡിന്റെ ബാനറില്‍ വീഡിയോ പുറത്തിറക്കാന്‍ തീരുമാനിച്ചു. ബാന്‍ഡിലെ ജാസ് പ്ലെയറും എറണാകുളം ചിന്മയ കോളജിലെ വിദ്യാര്‍ഥിയുമായ ഡിക്‌സണ്‍ ഡെന്നിസ് സന്തോഷത്തോടെ മ്യൂസിക്ക് വീഡിയോ സംവിധാനം ചെയ്യാന്‍ മുന്നോട്ടു വന്നു. ബാന്‍ഡിന്റെ പ്രൊമോഷനു വേണ്ടി സ്റ്റില്‍സ് എടുത്തിരുന്ന തേവര എസ്എച്ച് കോളജിലെ വിദ്യാര്‍ഥി നീരജ് കെ. മനോജ് ഛായാഗ്രാഹകന്റെ വേഷവും ഏറ്റെടുത്തു. നന്ദഗോപന്റെ സഹപാഠികളായ ജോസഫും അബിനും അഭിനയിക്കാനും സന്നദ്ധരായി. 

ഗായകരും അഭിനേതാക്കളും സംവിധായകനും ക്യാമറമാനും എല്ലാം പുതുമുഖങ്ങള്‍ ആയാതുകൊണ്ടു തന്നെ ആല്‍ബത്തെ ഏറ്റെടുക്കാന്‍ പ്രൊഡ്യൂസര്‍മാരാരും ഉണ്ടായില്ല. ചിത്രീകരണം വഴിമുട്ടുമെന്ന ഘട്ടമെത്തിയപ്പോള്‍ യൂസിയിലെ കൂട്ടുകാര്‍ മുന്നിട്ടിറങ്ങി ആല്‍ബം ചിത്രീകരിക്കാനുള്ള തുക വിദ്യാര്‍ഥികളില്‍ നിന്ന് തന്നെ സമാഹരിച്ചു. 

സൗഹൃദവും പ്രണയവും പ്രണയത്തിനിടയിലെ തെറ്റിധാരണകളും പ്രണയനഷ്ടവുമൊക്കെയാണ് അഞ്ചര മിനിട്ടു ദൈര്‍ഘ്യമുള്ള ഈ മ്യൂസിക്ക് വീഡിയോയുടെ ഇതിവ്യത്തം. എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം വിശ്വാസമെന്ന തൂണാണെന്നു ഒരിക്കല്‍ കൂടി അടിവരയിടുന്നു ഈ ആല്‍ബം. പ്രണയത്തിലും സൗഹൃദത്തിലും സത്യവും നീതിയും പുലര്‍ത്താനുള്ള ആഹ്വാനം കൂടിയായി മാറുന്നു ഈ മ്യൂസിക്ക് വീഡിയോ. 

ജോര്‍ജിന്റെ പ്രേമം പൂത്തുലഞ്ഞ യൂസി ക്യാംപസും ആലുവ കനാല്‍ പാലവുമാണ് ആല്‍ബത്തിന്റെ പ്രധാന ലൊക്കേഷന്‍. ഗാനരചന നിര്‍വ്വഹിച്ച വര്‍ഷയാണ് നായികയായും ഗായികയായും സ്‌ക്രീനിലും പിന്നണിയിലും നിറയുന്നത്. മലയാള ബിരുദ വിദ്യാര്‍ഥിനിയായ ലക്ഷമിപ്രിയയേടതാണ് ബാക്കിങ് വോയ്‌സ്. റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ മേല്‍നോട്ടം വഹിച്ചതും ലക്ഷമിയായിരുന്നു.

വര്‍ഷ ഈണമിട്ട വരികള്‍ക്ക് സംഗീതത്തിലൂടെ പൂര്‍ണത നല്‍കിയത് നന്ദഗോപനും റോഹിത്തും ഇമ്മാനുവേലുമാണ്. ഒറ്റ ദിവസം കൊണ്ടാണ് വര്‍ഷ ആല്‍ബത്തിനു വേണ്ടി വരികളെഴുതിയത്. സാംമിന്റെ വിയോഗത്തോടെ ഗായകനൊപ്പം നായകന്റെ റോള്‍ കൂടി ഏറ്റെടുക്കാന്‍ നന്ദഗോപന്‍ നിര്‍ബന്ധിതനായി. ഹൃദ്യവും ലളിതവുമായൊരു പ്ലോട്ടിനെ സ്വാഭവികമായ രംഗങ്ങളിലൂടെ മികവുറ്റതാക്കി മാറ്റാന്‍ ഡിക്‌സണ്‍ ഡെന്നിസിനു കഴിഞ്ഞിട്ടുണ്ട്. നീരജ് കെ. മനോജിന്റെ ക്യാമറകാഴ്ചകള്‍ ഈ മ്യൂസിക്ക് വീഡിയോയിക്കു പൂര്‍ണത നല്‍കുന്നു. സ്‌ക്രീനിലും പിന്നണിയിലും നിറഞ്ഞു നില്‍ക്കുന്ന വര്‍ഷയും നന്ദഗോപനും തന്നെയാണ് ആല്‍ബത്തിന്റെ നട്ടെല്ലുകള്‍. ആല്‍ബത്തിനു ലഭിച്ച മികച്ച പ്രതികരണങ്ങളില്‍ സംതൃപ്തരാണ് ബാന്‍ഡ് അംഗങ്ങള്‍. അടുത്ത ലക്ഷ്യം ഒരു മലയാള ഗാനമാണ്.

"പിരിഞ്ഞു പോകാന്‍ വേണ്ടി മാത്രമായിരുന്നെങ്കില്‍ എന്തിനു വേണ്ടിയാണ് നീ കടന്നു വന്നത്" (Agar jana hi tha.. Toh aaye hi kyun) അവിചാരിതമായിട്ടാവാം ആല്‍ബത്തിന്റ ആദ്യവരികള്‍ ഇപ്രകാരം കുറിക്കപ്പെട്ടത്. ഒരുപാട് ഓര്‍മകള്‍ ബാക്കിയാക്കി കടന്നു പോയ സാംമിനോടും പ്രമോദിനോടും നിറകണ്ണുകളോടെ ഒരു കലാലയം മുഴുവന്‍ ബാക്കിവെയ്ക്കുന്നതും ഇതേ ചോദ്യമാണ്...

Your Rating: