പാട്ടു മറന്നു, നൃത്തവും, ഐശ്വര്യ ധനുഷിനു ട്രോൾ മഴ: വിഡിയോ കാണാം

ഇന്ത്യയിലെ ട്രോൾ ഗ്രൂപ്പുകളിൽ ഇന്നത്തെ താരം ഐശ്വര്യ ധനുഷാണ്. തമിഴ് സൂപ്പർ താരം രജനീകാന്തിന്റെ മകളും മറ്റൊരു സൂപ്പർ താരം ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ അവതരിപ്പിച്ച ഭരതനാട്യം കടുത്ത വിമർശനമാണ് നേരിടുന്നത്. നൃത്തത്തെ കളിയാക്കിക്കൊണ്ടുള്ള പോസ്റ്റുകളുമായി ട്രോളൻമാരും സംഗതി ആഘോഷമാക്കുകയാണ്. പാട്ടു മറന്നു നൃത്തം ചെയ്ത ഐശ്വര്യ വേദിയിൽ കാണിച്ചതെല്ലാം അബദ്ധമായിരുന്നു. ഇതെന്താണീ ചെയ്യുന്നതെന്നു തോന്നിപ്പിക്കും വിധമായിരുന്നു ഐശ്വര്യ വനിത ദിനത്തിൽ നൃത്തം അവതരിപ്പിച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനമായ ന്യൂയോർക്കിലായിരുന്നു ന‍ൃത്തം. പ്രശസ്ത നർത്തകരും കലാകാരന്‍മാരും വലിയ വിമർശനമാണ് ഐശ്വര്യയ്ക്കു നേരെ ഉയർത്തുന്നത്.

ഭീകരമായിരുന്നു ഐശ്വര്യയുടെ നൃത്തം. വേണ്ടത്ര പരിശീലനം ഇല്ലായിരുന്നു ഐശ്വര്യയ്ക്കെന്ന് നൃത്തം ആദ്യമായി ഭരതനാട്യം കാണുന്നവർക്കു പോലും മനസിലാകും. പശ്ചാത്തല സംഗീതവും മോശമായിരുന്നു. പാട്ടിന്റെ വരികള്‍ക്കൊപ്പമല്ല ഐശ്വര്യ നൃത്തം ചെയ്തത്. ഐക്യരാഷ്ട്ര സംഘടനയുടെ ഗുഡ്‌വില്‍ അംബാസഡറാണ് ഐശ്വര്യ. സഭയിൽ ഭരതനാട്യം അവതരിപ്പിക്കാന്‍ കഴിഞ്ഞത് ആദരവായി കരുതുന്നുവെന്നാണ് ഐശ്വര്യ നേരത്തെ പ്രതികരിച്ചിരുന്നത്. ഇന്ത്യയിൽ ലിംഗസമത്വവും സ്ത്രീശാക്തീകരണവും ഉറപ്പു വരുത്താൻ ഐക്യരാഷ്ട്ര സംഘടന നിയോഗിച്ച സമിതിയുടെ ഗുഡ്‍വിൽ അംബാസിഡറാണ് ഐശ്വര്യ. 

സംവിധായകനും ആക്ടിവിസ്റ്റുമായ പാർഥിപൻ ഷൺ‌മുഖത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം ഏറെ വിവാദമായത്. എക്കാലത്തേയും ദയനീയമായ ഭരതനാട്യ അവതരണം എന്നാണ് ഐശ്വര്യ നൃത്തം കളിയ്ക്കുന്ന വിഡിയോ പങ്കുവച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിൽ ഷൺ‌മുഖം പറയുന്നത്. സ്വജനപക്ഷപാത്തോടെ കേന്ദ്രം ഭരിയ്ക്കുന്ന ബിജെപി സർക്കാരിനു നന്ദി എന്നും അദ്ദേഹം ആരോപിക്കുന്നു. ഐശ്വര്യയുടെ ഗുരു ഈ വിഡിയോ കാണുമ്പോൾ ചിലപ്പോൾ നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ചുപോകും. ഐശ്വര്യയുടെ ഗുരുവിന് വിലക്കേർപ്പെടുത്തണം. എന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത നർത്തകി അനിത രത്നം താരമൂല്യമോ രാഷ്ട്രീയ പിന്‍ബലമോ ഇല്ലാത്ത നിരവധി കലാകാരൻമാർ‌ നമുക്കിടയിലുണ്ട്. അവരാണ് ഇത്തരം വേദികൾ അർഹിക്കുന്നത് എന്നായിരുന്നു അവരുടെ ട്വീറ്റ്.