അമി വൈൻഹൗസിനെക്കുറിച്ചുളള ഡോക്യുമെന്ററി ജൂലൈ 10ന്

അമി

കാൻ രാജ്യന്തര ചലചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച അമി വൈൻഹൗസിനെക്കുറിച്ചുള്ള ഡോക്യുമെന്ററി അമി ജൂലൈ 10 ന് ഇന്ത്യയിൽ റിലീസ് ചെയ്യും. അമിയുടെ ജീവിതത്തിന്റെ ഇരുണ്ട വശങ്ങളെക്കുറിച്ച് പറയുന്ന വിഡിയോ ആസിഫ് കപാഡിയ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. കാൻ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച വിഡിയോ ഏറെ പ്രശംസയും വിവാദങ്ങളും സൃഷ്ടിച്ചിരുന്നു.

കാനിൽ പ്രദർശിപ്പിച്ച ഹ്രസ്വചിത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് അമിയുടെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. മാതാപിതാക്കൾ അമിയെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ട് വരാൻ ശ്രമിച്ചില്ല എന്ന് ഡോക്യുമെന്ററിയിലെ പരാമർശത്തെതുടർന്നായിരുന്നു അത്. ചിത്രം യാഥാർത്ഥ്യങ്ങളോട് നീതിപുലർത്തുന്നില്ലെന്നും മദ്യപാനത്തിൽ നിന്ന് രക്ഷപെടാൻ അമിയെ തങ്ങൾ സഹായിച്ചില്ലെന്ന് പറയുന്നത് തെറ്റാണെന്നും അവർ പറഞ്ഞിരുന്നു.

അമിയുമായി അടുത്ത എൺപത് പേരുമായി അഭിമുഖം നടത്തിയ ശേഷമാണ് താൻ ഡോക്യുമെന്ററി തയാറാക്കിയതെന്നും അമി ആരായിരുന്നുവെന്നും അവരുടെ ജീവിതത്തിന് എന്താണ് സംഭവിച്ചതെന്നും ലോകത്തോട് പറയാനാണ് താൻ ആഗ്രഹിച്ചതെന്നുമാണ് ഡോക്യുമെന്ററിയുടെ സംവിധായകൻ ആസിഫ് കപാഡിയ പറഞ്ഞിരുന്നത്.

ഗായികയുടെ പ്രശസ്തിയുടെ കറുത്തവശം അനാവരണം ചെയ്യുകയാണ് ചിത്രത്തിൽ, താൻ പ്രശസ്തയാകുമെന്ന് കരുതുന്നില്ലെന്നും അങ്ങനെ പ്രശസ്തയായാൽ തന്നെ അത് തനിക്ക് കൈകാര്യം ചെയ്യാനാകുമെന്ന് കരുതുന്നില്ലെന്നും കൗമാരക്കാരിയായ അമി പറയുന്ന സംഭാഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്.

വളരെ കുറച്ചു കാലം കൊണ്ട് പ്രശസ്ത ഇംഗ്ലീഷ് ഗായികയായി മാറിയ അമി അമിതമായ മദ്യപാനത്തെ തുടർന്ന് 2011 ന് ജൂലൈ 23നാണ് അന്തരിക്കുന്നത്. 2003 ൽ പുറത്തിറങ്ങിയ ഫ്രാങ്ക് എന്ന ആൽബത്തിലൂടെ പ്രശസ്തയായകുന്ന അമി ഏറ്റവും പ്രഗത്ഭയായ ബ്രിട്ടീഷ് ഗായികമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. തുടർന്ന് ബാക്ക് ടു ബ്ലാക്ക്, ലെയണസ്; ഹിഡൻ ട്രെഷർ തുടങ്ങിയ ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 2008 ൽ അഞ്ച് ഗ്രാമി പുരസ്കാരങ്ങൾ സ്വന്തമാക്കി ആദ്യമായി അഞ്ച് പുരസ്കാരങ്ങൾ സ്വന്തമാക്കുന്ന ബ്രിട്ടീഷ് ഗായികയായി മാറി അമി. ബ്രിറ്റ് പുരസ്കാരം രണ്ട് വട്ടവും എംടിവി യൂറോപ്യൻ വിഎംഎ പുരസ്കാരം ഒരു തവണയും, വേൾഡ് മ്യൂസിക്ക് പുരസ്കാരം ഒരു തവണയും താരത്തെ തേടി എത്തിയിട്ടുണ്ട്.