സിദ്ധാർഥിനോടു പ്രണയം പാടി ആൻഡ്രിയ

പാട്ടുകാരിയായും അഭിനേതാവായും ഒരുപോലെ ശ്രദ്ധ നേടിയയാളാണ് ആൻഡ്രിയ ജെറമിയ. രണ്ടു കലയിലും പ്രാവിണ്യമുണ്ടെങ്കിലും സാധാരണ സിനിമയിൽ സജീവമായാൽ പിന്നെ ഇടയ്ക്കിടെ മാത്രം ഒരു ഗാനം ചെയ്യാറാണ് പതിവ്. പക്ഷേ അവരിൽ നിന്നെല്ലാം വ്യത്യസ്തമാണു ആൻഡ്രിയ. ചലച്ചിത്ര ഗാനങ്ങളും ആൽബം സോങുകളുമായി സംഗീതരംഗത്തും സജീവമായ നടിയുടെ പുതിയ ഗാനമെത്തി. 

പൃഥ്വി ചന്ദ്രശേഖറിനോടൊപ്പം ചേർന്നു മനോഹരമായൊരു ഗാനമെഴുതി ഈണമിട്ടു ആലപിച്ചിരിക്കുകയാണു നടി.  പ്രണയത്തെ കുറിച്ചുള്ള പാട്ടു പാശ്ചാത്യ സംഗീതത്തിൽ തീർത്ത മനോഹരമായ സൃഷ്ടിയാണു. ചടുലമായ പശ്ചാത്തല സംഗീതത്തിൽ ഭാവാര്‍ദ്രമായി നേർത്ത സ്വരത്തിൽ ആൻഡ്രിയ ആലപിച്ചിരിക്കുന്നു. നെവർ ലെറ്റ് യു ഗോ എന്ന പാട്ട് പാടിയഭിനയിച്ചിരിക്കുന്നതും ആൻഡ്രിയ തന്നെ. സിദ്ധാർഥാണു നായകൻ. തിരക്കു പിടിച്ച ജീവിതത്തിനിടയിലെ പ്രണയത്തെ കുറിച്ചു പറയുന്ന വിഡിയോയിൽ ഇരുവരേയും കാണാനേറെ ഭംഗി. ഇന്നലെ യുട്യൂബിലെത്തിയ വിഡിയോ പ്രേക്ഷക ശ്രദ്ധ നേടി.