അനിരുദ്ധും ഗോപീ സുന്ദറും ഒന്നിക്കുന്നു , പാട്ട് വൻ ഹിറ്റ്?

വലൻറൈൻസ് ദിനത്തിന്റെയന്ന് അനിരുദ്ധിന്റെ പാട്ട് നമ്മൾ വീണ്ടും കേട്ടു. ഈണവും വരികളും ദൃശ്യങ്ങളും മനസുതൊട്ട ആ പാട്ട് ഇന്ന് ഹിറ്റാണ്. ഈ ആൽബത്തിലെ പാട്ടിനു തൊട്ടുപിന്നാലെ അനിരുദ്ധ് സിനിമയിലേക്കും പാടിക്കഴിഞ്ഞു. സ്വന്തം ഈണത്തിലല്ല നമ്മുടെ സ്വന്തം സംഗീത സംവിധായകൻ ഗോപീ സുന്ദറിന്റെ ഈണത്തിൽ. ബീപ് സോങ് വിവാദത്തിനു ശേഷം വീണ്ടും ചലച്ചിത്ര ലോകത്ത് ചുവടുറപ്പിക്കാനൊരുങ്ങുന്ന അനിരുദ്ധ് രവിചന്ദറിന്റെ അടുത്ത ഏറ്റവും വലിയ ഹിറ്റ് ഒരു മലയാളിയുടെ കൈകളിലൂടെയാകുമോ? തമിഴകം ഏറെ കാത്തിരിക്കുന്ന കാർത്തി ചിത്രമാണ് തോഴ. മലയാളത്തിലെ സൂപ്പർ ഹിറ്റ് സംഗീത സംവിധായകന്റെ ഈണത്തിനനുസരിച്ച് തമിഴിലെ കൊലവെറി സംഗീത സംവിധായകൻ പാടുന്നുവെന്നത് തന്നെ ഏറെ കൗതുകമല്ലേ. പാട്ടു കേൾക്കാനും തമിഴിനും മലയാളത്തിനും ഒരുപോലെ ആകാംഷയുണ്ട്.

പത്താം വയസിലേ സംഗീത സംവിധായകനായ മിടുക്കനാണ് അനിരുദ്ധ്. ഇരുപതാം വയസിൽ തന്നെ സൂപ്പർ ഹിറ്റ് സംവിധായകൻ. തമിഴിലെ കൊലവെറി സംഗീത സംവിധായകൻ തന്നെയാണിദ്ദേഹം. എന്നാലും അടുത്തിടെയുണ്ടായ ബീപ് സോങ് വിവാദം അനിരുദ്ധിന്റെ തിളക്കം അൽപം കുറച്ചിട്ടുണ്ട്. അതിൽ നിന്നൊരു തിരിച്ചുവരവിനുള്ള വഴികളാണ് ഈ പാട്ടുകളൊക്കെയെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.