തലയ്ക്ക് അനിരുദ്ധിന്റെ സംഗീതം

യുവ സംഗീത സംവിധായകൻ അനിരുദ്ധ് രവിന്ദ്രരാണ് ഇപ്പോൾ തമിഴ് സംവിധായകരുടെ ആദ്യ ചോയിസ് എന്ന് തോന്നുന്നു. അനിരുദ്ധിന് അസൗകര്യമുണ്ടെങ്കിൽ മാത്രമേ വേറെ ആളെ നോക്കുകയുള്ളു എന്നാണ് തമിഴകത്തുന്നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ.

ഇളയദളപതി വിജയ്ക്ക്് പിന്നാലെ സൂപ്പർതാരം അജിത്തും തന്റെ ചിത്രത്തിനായി അനിരുദ്ധിനെ തിരഞ്ഞെടുത്തിയിരിക്കുകയാണ്. തല നായകനാവുന്ന 56-ാമത്തെ ചിത്രത്തിൽ അനിരുദ്ധാണ് സംഗീതം നിർവ്വഹിക്കുക എന്ന വിവരം യുവ സംഗീതസംവിധായകൻ തന്നെയാണ് തന്റെ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്.

എന്നൈ അറിന്താൽ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം തല നായകനാവുന്ന ചിത്രമാണ് തല56. സിരുതൈ, വീരം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ജയമോഹൻ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചുകഴിഞ്ഞു. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ചിത്രമാണ് തല 56.

വൈ ദിസ് കൊലവെറി എന്ന ആദ്യ ഗാനത്തിലൂടെ തന്നെ തെന്നിന്ത്യൻ സിനിമാ ലോകത്ത് തരംഗങ്ങൾ സൃഷ്ടിച്ച അനിരുദ്ധ് തുടർന്ന് എതിർ നീച്ചൽ, ഡേവിഡ്, വണക്കം ചെന്നൈ, ഇരണ്ടാം ഉലകം, വേലൈ ഇല്ല പട്ടധാരി, മാൻ കരാട്ടേ, കത്തി, കാക്കി സട്ടൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് അനിരുദ്ധ് സംഗീതം നൽകിയിട്ടുണ്ട്. മികച്ച സംഗീതസംവിധായകനുള്ള സൗത്ത്് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളും അനിരുദ്ധിനെ തേടി എത്തിയിട്ടുണ്ട്.