അപ്പവും വീഞ്ഞിന്റേയും സംഗീതമെത്തി

തെന്നിന്ത്യൻ താരം രമ്യകൃഷ്ണന്റെ തിരിച്ചുവരവ് ചിത്രം അപ്പവും വീഞ്ഞിന്റേയും സംഗീതം പുറത്തിറങ്ങി. തൊടുപുഴയിൽ നടന്ന ചടങ്ങിൽ മെഗാസ്റ്റാർ മമ്മൂട്ടിയും സംവിധായകൻ കമലും ചേർന്നാണ് ഓഡിയോ പ്രകാശനം നിർവ്വിഹിച്ചത്. ഇവരെ കൂടാതെ ചിത്രത്തിലെ താരങ്ങളായ സണ്ണി വെയ്ൻ, പ്രതാപ് പോത്തൻ, സംഗീതസംവിധായകൻ ഔസേപ്പച്ചൻ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

റഫീഖ് അഹമ്മദാണ് ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത്. കാവ്യ അജിത്ത്, പ്രതാപ് പോത്തന്റെ മകൾ കെയ പോത്തൻ, ചിത്രത്തിന്റെ സംഗീതസംവിധായകനായ ഔസേപ്പച്ചൻ തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ സണ്ണി വെയ്ൻ പാട്ടുകാരന്റെ വേഷത്തിലെത്തുന്ന ചിത്രത്തിൽ ഔസേപ്പച്ചനും അഭിനേതാവാകുന്നുണ്ട്. സണ്ണി വെയ്നെയും ഔസേപ്പച്ചനേയും കൂടാതെ പ്രതാപ് പോത്തൻ, രമ്യ കൃഷ്ണൻ, ശ്വേതാമേനോൻ, ഗീതാവിജയൻ, ബാലു വർഗീസ്, ദേവി അജിത്ത്, സുനിൽ സുഗത തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സണ്ണിയുടെ കഥാപാത്രവും മധ്യവയസ്സിലെത്തിയ ദമ്പതികളും തമ്മിലുള്ള അടുപ്പമാണ് കഥയുടെ പശ്ചാത്തലം. ആര്യൻ, അനുരാഗിണി പോലുള്ള ഹിറ്റ് മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രമ്യ കൃഷ്ണന്റെ തിരിച്ചുവരവാണ് അപ്പവും വീഞ്ഞും എന്ന ചിത്രം. ഒരേ കടലായിരുന്നു രമ്യാ കൃഷ്ണൻ മലയാളത്തിൽ അവസാനമായി അഭിനയിച്ച ചിത്രം.

ഔട്ട് ഓഫ് സിലിബസ്, ഡോക്ടർ പേഷ്യന്റ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത വിശ്വനാഥന്റെ മൂന്നാമത്തെ ചിത്രമാണ് അപ്പവും വീഞ്ഞും. വിശ്വാനാഥൻ തന്നെ തിരക്കഥ രചിക്കുന്നു ചിത്രത്തിന് സംഗീതം പകരുന്നത് ഔസേപ്പച്ചനാണ്. റഫീഖ് അഹമ്മദാണ് ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്. എം.ടി.എം. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷൈൻ അഗസ്റ്റിൻ, ബെന്നി, ടി.സി. ബാബു എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം ഉടൻ പ്രദർശനത്തിനെത്തും.