സംഗീത സംവിധായകൻ പാട്ട് നശിപ്പിച്ചു; പ്രതിഷേധവുമായി അരിജിത് സിങ്

പ്രണയാതുരമായ ശബ്ദത്തിന്റെ മാത്രമല്ല, കുറച്ചു വിവാദങ്ങളുടെയും കൂടി ഉടമയാണു ഗായകൻ അരിജിത് സിങ്. ഒരു പാട്ടിന്റെ പേരില്‍ സൽമാന്‍ ഖാനുമായി ഫെയ്സ്ബുക്കിലൂടെ ഉരസിയത് അടുത്തിടെയായിരുന്നു. ചെറിയൊരിടവേളയ്ക്കു ശേഷം അരിജിത് സിങിന്റെ പേര് വീണ്ടും ഒരു വിവാദത്തിൽ ഉയര്‍ന്നു കേൾക്കുകയാണ്.   വജാ തും ഹോയുടെ സംഗീത സംവിധായകനായ അഭിജിത് വഘാനിയോടാണ് അരിജിതിന്റെ പ്രതിഷേധം. സൽമാനുമായുള്ള പ്രശ്നത്തിനു കാരണം ഒരു പാട്ട് ഒഴിവാക്കിയതാണങ്കിൽ വഘാനി തന്റെ ശബ്ദം റിട്യൂൺ ചെയ്തു നശിപ്പിച്ചുവെന്നാണ് അരിജിത് പറയുന്നത്. ഫെയ്സ്‍ബുക്കിലൂടെ തന്നെയാണ് അരിജിത് ഈ വിവാദവും കെട്ടഴിച്ചു വിടുന്നത്.

വജാ തും ഹോയിലെ ദിൽ കേ പാസ് എന്ന പാട്ട് മിക്സ് ചെയ്ത സമയത്ത് തന്റെ അനാവശ്യമായി വലിച്ചു നീട്ടിയും ചെറിയ മാറ്റം വരുത്തിയും സ്വാഭാവികതയില്ലാതാക്കിയെന്നാണ് അരിജിതിന്റെ പരാതി. ചെറിയ കാരണങ്ങൾക്കു വേണ്ടി എന്തിനാണ് ആളുകൾ ഓവർ സ്മാർട്ട് ആകുന്നതെന്നു മനസിലാകുന്നില്ല എന്നാണ് അരിജിത് എഴുതി തുടങ്ങുന്നത്. അഭിജിത്തിനോട് ഒട്ടും ദയയില്ലാതെയാണ് അരിജിത് വിമർശനം അഴിച്ചുവിട്ടത്. തന്നെ പറ്റിച്ചു എന്നതടക്കം നിരവധി ഗുരുതരമായ ആരോപണങ്ങളാണുള്ളത്. തന്റെ സ്വരത്തെ മാറ്റി മാറ്റി അതു തനിക്കു പോലും നാണക്കേടുണ്ടാക്കുന്ന വിധത്തിലാക്കി. പാട്ടിനെ ക്ലാസിക് ആയി ചിട്ടപ്പെടുത്തിയിട്ട് അതിനെ ക്ലാസിക് ആയി തന്നെ നശിപ്പിച്ചു കളഞ്ഞു എന്നാണ് അരിജിത് കുറിച്ചിരിക്കുന്നത്. 

അരിജിതിന്റെ അപക്വമായ വിമർശനങ്ങളോടു പ്രതികരിക്കാനില്ലെന്നാണ് അഭിജിത്തിന്റെ പക്ഷം. നിങ്ങളൊരു പ്രതിഭാധനനായ സംഗീത സംവിധായകനാണ്. നിങ്ങൾക്കായി എന്റെ കഴിവിന്റെ പരമാവധി ഞാൻ പാടുകയും ചെയ്തു. പക്ഷേ യഥാർഥ ഈണത്തെ അധിക്ഷേപിക്കുന്ന തരത്തിൽ പാട്ടിനെ റീട്യൂൺ ചെയ്തു നശിപ്പിക്കുകയും ചെയ്തു എന്നും അരിജിത് എഴുതിയിട്ടുണ്ട്.

ആഷിഖി 2 എന്ന ചിത്രത്തിലെ തും ഹി ഹോ എന്ന ഗാനത്തിലൂടെയാണ് അരിജിത് പ്രശസ്തനാകുന്നത്. ഏ ദിൽ ഹേ മുശ്ഖിൽ അടക്കം അടുത്തിടെയിറങ്ങിയ ഒട്ടനവധി ചിത്രങ്ങളിൽ അരിജിതിന്റെ ഗാനമുണ്ട്. 

സൽമാൻ ചിത്രമായ സുൽത്താനിൽ നിന്ന് താൻ പാടി ജഗ് ഗൂമെയാ ഗാനം സൽമാൻ ഇടപെട്ട് ഒഴിവാക്കി എന്നായിരുന്നു ഇതിനു മുൻപേയുണ്ടായ വിവാദത്തിനു കാരണം. തന്റെ പാട്ട് ഒഴിവാക്കരുതെന്ന അഭ്യർഥനയായിരുന്നു ഈ വിഷയം പുറത്തറിയിച്ചു കൊണ്ടെഴുതിയ കുറിപ്പിൽ അരിജിത് പറഞ്ഞത്. അഭിജിത്തിനോടു രൂക്ഷമായ ഭാഷയിലും. തുൾസി കുമാറും ചേർന്നാണ് ദിൽ കേ പാസ് പാടിയത്. ഇരുപത്തിരണ്ട് ലക്ഷത്തിലധികം പ്രാവശ്യമാണ് ഈ ഗാനം യുട്യൂബ് വഴി ആളുകൾ കണ്ടത്.