Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസ്ത്ര13: റോക്കിൽ തുടങ്ങി കുട്ടനാടൻ പുഞ്ച വരെ

astra13img

തുള്ളിമറിഞ്ഞും കുത്തിയൊഴുകിയും പായുന്ന സംഗീതം. അതിനോടുള്ള ഭ്രമമാണു തിരക്കുകൾക്കിടയില്‍ ചങ്ങാതിമാരോടൊപ്പം ചേർന്നൊരു പാട്ടുകൂട്ടത്തിലേക്കെത്തിച്ചത്. വേദികളുടെ ആരവങ്ങൾക്കിടയിൽ നിന്നു പാടിത്തിമർത്ത് കടന്നുപോകുന്ന അസ്ത്ര13 എന്ന ബാൻഡിന്റെ തുടക്കം ഇങ്ങനെയാണ്. കേരളത്തിന് അധികം അടുപ്പമില്ലാത്ത പോപ്, റോക്ക്, റോക്ക് ആന്‍ഡ് റോൾ, മെറ്റൽ, റഗ്ഗി, ബ്ലൂസ് തുടങ്ങിയ സംഗീത ശാഖകളിലെ പാട്ടുകൾ തുടങ്ങി തനിനാടൻ കുട്ടനാടൻ പുഞ്ചവരെ തട്ടുകളിൽ കയറി നിന്ന് ത്രസിപ്പിച്ചു പാടുന്ന ഈ സംഘം മലയാളത്തിലെ സാംസ്കാരിക പരിപാടികളിൽ സജീവമാകുവാൻ തുടങ്ങിയിട്ടു കാലമേറെയായി.

തൊടുപുഴയിൽ തുടങ്ങിയ വിങ്സ് എന്ന ചെറിയൊരു ബാൻഡിൽ നിന്നാണു അസ്ത്ര13ലേക്കെത്തിയത്. പാട്ടുകൾ ഒരു സ്നേഹാസ്ത്രമായി ഒരിക്കലും മറക്കാതെ ജനമനസുകളിൽ ചെന്നെത്തണം എന്ന ആശയത്തിൽ നിന്നാണു അസ്ത്ര13 എന്ന പേരു പിറക്കുന്നത്. അതു അര്‍ഥവത്തായി. അസ്ത്രയുടെ ഒരു പാട്ടെങ്കിലും കേട്ടിട്ടുള്ളവർ ഇവരെ പിന്നീടൊരിക്കലും മറക്കുകയില്ല.

ജി.കെ.പി. ദിലീപ് നയിക്കുന്ന ബാൻഡിൽ സന്ദീപ് മോഹൻ, അനിറ്റ് പി.ജോയ്, ജിയോ ജേക്കബ്, ദീപക് നായർ, രാജേഷ് മടുക്കാനി എന്നിവരാണൊപ്പമുള്ളത്. കേരളത്തിലെ തന്നെ വിവിധ ബാൻഡുകളിൽ നീണ്ട വർഷം പ്രവർത്തിച്ചതിന്റെ അനുഭവ സമ്പത്തുമായാണ് ബാസ് ഗിത്താറിസ്റ്റായ ദിലീപ് അസ്ത്ര13 ന്റെ അമരത്തു നിൽക്കുന്നത്. അന്നു ബാൻഡിൽ ഒപ്പം പ്രവർത്തിച്ചവരേയും വേദികളിൽ പരിചയപ്പെട്ടവരേയും പാട്ടു കേട്ടറിഞ്ഞവരേയും ചേർത്തുവച്ചാണ് അസ്ത്ര13 ദീലിപ് കൂട്ടിക്കെട്ടിയത്. 

ദീപക്കാണു ബാൻഡിന്റെ സ്വരം. സംഗീത കുടുംബത്തില്‍ നിന്നു ഡ്രമ്മറായി തുടക്കം കുറിച്ചു പിന്നീട് പാട്ടുകാരനായി മാറിയ ദീപക്. ലണ്ടനിലെ ട്രിനിറ്റി കോളെജിൽ നിന്നു എട്ടാം ഗ്രേഡിൽ പഠിച്ചിറങ്ങിയ സന്ദീപാണ് അസ്ത്രയ്ക്കു ഗിത്താറിന്റെ മാസ്മരികത പകരുന്നത്. സിനിമാ രംഗത്തും ദക്ഷിണേന്ത്യൻ സംഗീത രംഗത്തും സന്ദീപിനു പരിചയ സമ്പത്തേറെ. ആദ്യ കേൾവിയിൽ തന്നെ ഇഷ്ടപ്പെടുന്ന തുള്ളിത്തുടിക്കുന്ന സംഗീതം പരസ്യങ്ങൾക്കു നല്‍കിയ അനറ്റ് പി.ജോയിയുടെ കയ്യിലാണു അസ്ത്രയുടെ കീബോർഡ്. സൗണ്ട് എഞ്ചിനീയർ കൂടിയാണിദ്ദേഹമെന്നതു മറ്റൊരു നേട്ടം. ഡ്രംസിന്റെ സ്വരം പോലെ പ്രൗഡമാണു ജോ ജേക്കബ് പോയ വേദികളും. അത് അഞ്ഞൂറിലേറെയുണ്ട്. റഹ്മാന്റെ ജയ് ഹോ പരിപാടി ഉൾപ്പെടെ. അസ്ത്രയുടെ മനസുകളിൽ വിരിയുന്ന സംഗീതത്തെ സാങ്കേതികതയിലേക്കു ഒരു നോട്ടു പോലും തെറ്റാതെ കൂട്ടിവയ്ക്കുന്നത് രാജേഷ് മധുക്കനിയെന്ന സൗണ്ട് എഞ്ചിനീയറാണ്. തരംഗിണി ഉൾപ്പെടെയുള്ള പ്രമുഖ സ്റ്റുഡിയോകളിലും ടിവി ചാനലുകളിലുമായുള്ള  പതിനഞ്ചു വർഷത്തിലേറെയുള്ള അനുഭവ സമ്പത്ത് വേറെയും. ബാങ്ക് ഉദ്യോഗസ്ഥനായ പി.എസ്.വിനീത് ആണ് അസ്ത്രയ്ക്കായി പാട്ടുകൾ കുറിച്ചു നൽകുന്നത്. യുവത്വവും ആവേശവും പരിചയ സമ്പത്തും പിന്നെ പാട്ടിനോടുള്ള പ്രണയവും നിറഞ്ഞ മനസുള്ള ഈ കൂട്ടുകാരാണ് അസ്ത്രയുടെ ബലം.

 ഐആം സൂപ്പർ സ്റ്റാർ, ഹോപ് സംബഡി എന്നിവയാണ് അസ്ത്രയുടെ സ്വന്തം സൃഷ്ടികൾ. റീമിക്സുകളും ഫ്യൂഷനുകളും വേറെയും. വനിതാ മാഗസിന്റെ പരിപാടികളില്‍ സ്ഥിര സാന്നിധ്യമാണ് അസ്ത്ര. സീ ടീവിയുടെ ഇശൈ അൺപ്ലഗ്ഡിലും എവൈ ടിവിയുടെ യെഎസ് ലോഡ് എന്ന പരിപാടിയിലും അസ്ത്ര സാന്നിധ്യമറിയിച്ചു നേടിയത് വലിയ പ്രശംസകൾ. റേഡിയോ മാംഗോ നടത്തിയ ഡെസിബെൽ എന്ന പരിപാടിയിലും അസ്ത്ര ഫൈനൽ റൗണ്ടിലെത്തി. പ്രമുഖ ഗായകർക്കും വാദ്യോപകരണ വിദഗ്ധർക്കുമൊപ്പം ചേർന്ന് വേറെയും ഏറെ പരിപാടികൾ. അസ്ത്രയുടെ ഏറ്റവും പുതിയ നീക്കം ഇതാണിപ്പോൾ. 

സർക്കാർ ജോലിയുടെ തിരക്കുകൾക്കും സ്ഥിരതയ്ക്കുമിടയിൽ പാതിരാവരെ നീളുന്ന സംഗീത പരിപാടികളുമായി എന്തിനാണിങ്ങനെ ഊരുചുറ്റുന്നതെന്നു ചോദിച്ചാൽ ദിലീപിന് ഉത്തരമിതാണ്. പാട്ടിനെ അത്രയേറെ ഇഷ്ടപ്പെടുന്നു. ജോലിയും കഴിഞ്ഞുവന്നു മെനക്കെട്ടിങ്ങനെ പുതിയ താളങ്ങൾ തേടുന്നതും നല്ല പാട്ടുകളെ മറ്റൊരു താളത്തിലേക്കു മാറ്റിയെഴുതി പരിശീലിക്കുന്നതും ഓരോയിടങ്ങളിലേക്കും കൂട്ടുകാർക്കൊപ്പം വാദ്യോപകരണങ്ങളുമായി പാഞ്ഞുനടക്കുന്നതും മറ്റൊന്നുംകൊണ്ടല്ല. ദിലീപ് പറയുന്നു. സ്വപ്നം ഒന്നേയുള്ളൂ. ലോകം ശ്രദ്ധിക്കുന്ന ഒരു ആൽബം സൃഷ്ടിക്കണം. പാട്ടുകളുടെ ലോകത്ത് സജീവമാകണം. 

മുന്നിലേക്കെത്തുന്ന വേദികളെ വിവിധ സംഗീത ശൈലികളുടെ സമന്വയം കൊണ്ടു രസിപ്പിക്കുവാനാകുന്നുവെന്നതാണു അസ്ത്ര13ന്റെ  പ്രത്യേകത. ലോകമൊന്നിച്ചു കേൾക്കുന്നൊരു മ്യൂസികൽ ആൽബം, പിന്നെ ഇനിയുമേറെ വേദികൾ തുടങ്ങിയ ഇവരുടെ സ്വപ്നങ്ങളെല്ലാം യാഥാർഥ്യമാകട്ടെ...അസ്ത്രയ്ക്കിനിയും നല്ല പാട്ട് അനുഭവങ്ങൾ ആസ്വാദകരിലേക്കു പകരുവാനാകട്ടെ....

Your Rating: