റോക്ക് സ്റ്റാർ കമൽഹാസൻ

ഉത്തമവില്ലൻ, പാപനാശം, വിശ്വരൂപം 2 എന്നിങ്ങനെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണെങ്കിലും റോക്ക് ഗാനം ആലപിക്കാൻ സമയം കണ്ടെത്തിയിരിക്കുകയാണ് കമൽഹാസൻ. വിജയ് വിൽവാകൃഷ് സംവിധാനം ചെയ്യുന്ന അവം എന്ന ചിത്രത്തിന് വേണ്ടിയാണ് ഉലകനായകൻ കാരിരുളെ എന്ന ഗാനം ആലപിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഗാനത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങിയിരുന്നു. കമൽ ഹാസൻ തങ്ങളുടെ ചിത്രത്തിൽ ഗാനം ആലപിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും, മികച്ചൊരു ഗാനമാണ് കമൽ പാടിയിരിക്കുന്നതെന്നും, കമൽ ഹാസനിൽ നിന്ന് ഇന്നു വരെ കേൾക്കാത്ത രൂപത്തിലുള്ള പാട്ടാണിതെന്നുമാണ് ഗാനത്തിന്റെ ട്രെയ്ലർ പുറത്തിറക്കിക്കൊണ്ട് ചിത്രത്തിന്റെ നിർമ്മാതാക്കൾ പറഞ്ഞിരിക്കുന്നത്.

നവാഗത സംഗീതസംവിധായകൻ സുന്ദരമൂർത്തി കെ എസാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. മദൻ കാർക്കിയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.

പ്രശസ്ത ക്യാമറമാനും സംവിധായകനുമായ രാജീവ് മേനോന്റെ സഹായി വിജയ് വിൽവാകൃഷ് ആദ്യമായി സംവിധായനം ചെയ്യുന്ന ചിത്രമാണ് അവം. പുതുമുഖങ്ങളായ ഗൗരവ്, കാവ്യ ഷെട്ടി, കാർത്തിക്ക് വിൽവാകൃഷ് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. വിജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയ് വിൽവാകൃഷ് നിർമ്മിക്കുന്ന ചിത്രം ഉടൻ തന്നെ തീയേറ്ററിലെത്തും.