ബാഹുബലിയുടെ മലയാളം പതിപ്പിലെ ഗാനങ്ങൾ

രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ട ചിത്രം ബാഹുബലിയുടെ മലയാളം പതിപ്പിന്റെ സംഗീതമെത്തി. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ചടങ്ങിൽ എസ് എസ് രാജമൗലിയാണ് ചിത്രത്തിന്റെ ഗാനങ്ങൾ പുറത്തിറക്കിയത്. സംവിധായകൻ പ്രിയദർശൻ, ബാഹുബലിയിലെ താരങ്ങളായ പ്രഭാസ്, റാണ ദഗുബാട്ടി, അനുഷ്ക ഷെട്ടി, തമന്ന, സംഗീത സംവിധായകൻ എം എം കീരവാണി, നിർമ്മാതാക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സൂപ്പർഹിറ്റ് ചിത്രം ഈച്ചയ്ക്ക് ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാഹുബലി. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ബാഹുബലിയുടെ ആദ്യ ഭാഗമാണ് ഉടൻ പുറത്തിറങ്ങുന്നത്. ഒരേസമയം തെലുങ്കിലും തമിഴിലും റിലീസ് ചെയ്യുന്ന ചിത്രം മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച് ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റിയും തിയേറ്ററുകളിലെത്തും. ശിവന്റെ പ്രതിരൂപമായി അറിയപ്പെട്ട ബാഹുബലിയുടെയും പൗരാണിക മിത്തുകളുടെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹോളിവുഡിനെ വെല്ലുന്ന ചിത്രമായിരിക്കും ബാഹുബലിയെന്നാണ് സംവിധായകൻ രാജമൗലിയുടെ അവകാശം. അതീവരഹസ്യമായി ചിത്രീകരിച്ച ബാഹുബലിയുടെ അണിയറവിശേഷങ്ങളും മേക്കിംഗ് വീഡിയോയും ആദ്യലുക്കുമെല്ലാം നേരത്തെ പുറത്തുവന്നിരുന്നു.

പ്രഭാസ് ആണ് ബാഹുബലിയാകുന്നത്. അനുഷ്കാ ഷെട്ടിയും തമന്നയുമാണ് ചിത്രത്തിലെ നായികമാർ. ദേവസേനയായി അനുഷ്കാ ശർമ്മയും അവന്തികയായി തമന്നയും എത്തുന്നു. ഈച്ചയിൽ വില്ലനായി തകർത്തഭിനയിച്ച കന്നഡ താരം സുദീപും പ്രധാന റോളിലെത്തുന്നുണ്ട്. ഇവരെ കൂടാതെ സത്യരാജ്, നാസർ, രമ്യ കൃഷ്ണൻ, രോഹിണി, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇരുന്നൂറ് കോടി മുതൽമുടക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. റാമോജി റാവു ഫിലിംസിറ്റിയിൽ ഒരുക്കിയ പൗരാണിക പശ്ചാത്തലമുള്ള സെറ്റായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. സാബു സിറിൽ ആണ് കലാസംവിധാനം. വി വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് എം എസ് രാജമൗലി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആർക്ക് മീഡിയ വർക്സിന്റെ ബാനറിൽ കെ രാഘവേന്ദ്രറാവു നിർമ്മിക്കുന്ന ചിത്രം ജൂലൈ പത്തിന് തീയേറ്ററിലെത്തും.