ബാഹുബലി ഗാനത്തിന്റെ വിസ്മയിപ്പിക്കുന്ന മേക്കിങ് വിഡിയോ

ഇരുന്നൂറിലധികം കോടി രൂപ മുതൽമുടക്കി ഇന്ത്യൻ സിനിമാ ചരിത്രത്തിലിടം പിടിച്ച രാജമൗലിയുടെ ബാഹുബലി ബോക്സ് ഓഫീസ് കളക്ഷനുകളിൽ സർവ്വ റിക്കാർഡുകളും കടത്തിവെട്ടി മുന്നേറുകയാണ്. ആദ്യ ദിവസം അമ്പത് കോടി നേടി ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന ഇനീഷ്യൽ കളക്ഷൻ റിക്കാർഡ് സ്വന്തമാക്കിയ ബാഹുബലി ഇതിനകം 400 കോടിയിലധികം നേടി കഴിഞ്ഞു. ഇന്ത്യൻ സിനിമയിൽ ചരിത്രം കുറിക്കുന്ന ബാഹുബലിയെ ആദ്യം തന്നെ പ്രേക്ഷകരിലേക്ക് ആകർഷിച്ചത് അതിലെ ഗാനങ്ങളായിരുന്നു. അതിലെ മികച്ച ഗാനമായ ധീവരയുടെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ.

ബാഹുബലിയായി എത്തുന്ന പ്രഭാസും നായിക തമന്നയും ആദ്യമായി കണ്ടുമുട്ടുന്ന വെള്ളച്ചാട്ടത്തിലൂടെ മലകയറുന്ന രംഗങ്ങൾ പ്രേക്ഷകരെയെല്ലാം വിസ്മയിപ്പിച്ച രംഗങ്ങളാണ്. ഈ രംഗങ്ങൾ യഥാർത്ഥത്തിലെങ്ങനെയാണ് ചിത്രീകരിച്ചതെന്ന് വെളിപ്പെടുത്തുന്നതാണ് മേക്കിങ് വിഡിയോ. അണിയറക്കാരും അഭിനേതാക്കളും എത്രത്തോളം പണിപ്പെട്ടാണ് രംഗങ്ങൾ ചിത്രീകരിച്ചതെന്ന് വിഡിയോ കണ്ടാൽ മനസ്സിലാക്കും. ഒപ്പം ഇതിന്റെ യഥാർത്ഥ വിഡിയോ നിർമ്മിക്കാൻ എത്രത്തോളം സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ടെന്നും മനസിലാക്കാൻ സാധിക്കും.

ബാഹുബലി റിലീസാകുന്നതിന് മുമ്പ് തന്നെ ബാഹുബലിയുടെ ചില മേക്കിങ് രംഗങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ യഥാർത്ഥ ഗാനം പോലെ തന്നെ ആരെയും വിസ്മയിപ്പിക്കുന്നതാണ് ധീവര എന്ന ഗാനത്തിന്റെ മേക്കിങ് വിഡിയോയും.