ചിത്രക്ക് പോളണ്ടിൽ നിന്ന് ജന്മദിനാശംസകൾ

മലയാളിയുടെ പ്രിയഗായിക ചിത്രക്ക് പോളണ്ടിൽ നിന്ന് ജന്മദിനാശംസ നേർന്നിരിക്കുകയാണ് പോളിഷ് സ്വദേശി ബർത്തുസ് ഷർനോട്ട. മലയാളികളുടെ വാനമ്പാടി ചിത്രയ്ക്ക് എല്ലാവിധ പിറന്നാൾ ആശംസകളും നേരുന്നു എന്നാണ് ബർത്തുസ് ഷർനോട്ട തന്റെ ഫെയ്‌സ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞിരിക്കുന്നത്. മോഹൻലാൽ ആരാധകനായ ഷർനോട്ട ഇതിന് മുമ്പ് മോഹൻലാൽ, തമിഴ് നടൻ സൂര്യ തുടങ്ങിയവർക്ക് ആശംസകൾ അർപ്പിച്ചിട്ടുണ്ട്.

തെക്കേ ഇന്ത്യൻ സിനിമയെക്കുറിച്ച് പോളിഷ് ഭാഷയിൽ ലേഖനമെഴുതുന്ന ആളാണ് ബർത്തുസ് ഷർനോട്ട. എംജിആറിന്റേയും, രജനികാന്തിന്റേയും മോഹൻലാലിന്റേയും കടുത്ത ആരാധകനായ ഷർനോട്ട, വിക്കിപീഡിയയിലെ മോഹൻലാലിനെക്കുറിച്ചുള്ള പോളിഷ് വിവർത്തനം തയ്യാറാക്കിയിട്ടുണ്ട്. പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായ ബർത്തൂസ് പഠനത്തിന്റെ ഭാഗമായി എംജിആറിനെക്കുറിച്ച് പ്രബന്ധവും തയ്യാറാക്കിയിട്ടുണ്ട്.