ഋഷികേശിലെ ബീറ്റിൽസിന്റെ ആശ്രമം ഇനി മ്യൂസിയം

The Beatles with Maharshi Mahesh Yogi

ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച ബാൻഡാണ് ബീറ്റിൽസ്. 1960 മുതൽ 1970 വരെയുള്ള പത്ത് വർഷമേ ബീറ്റിൽസ് എന്ന് ബാൻഡ് ഒന്നിച്ചുണ്ടായിരുന്നെങ്കിലും ഇന്നും ബാൻഡിന് ആരാധകരേറെയാണ്. പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോൾ ബീറ്റിൽസ് ശാന്തത തേടി എത്തിയത് ഇന്ത്യയിലാണ്. ബീറ്റിൽസിന്റെ ആത്മീയ ഗുരു മഹർഷി മഹേഷ് യോഗിയുടെ കീഴിൽ യോഗ അഭ്യസിച്ച ബീറ്റിൽസ് താരങ്ങൾ ഋഷികേശിലെ മഹർഷിയുടെ ആശ്രമത്തിലായിരുന്നു രണ്ട് മാസം ചിലവഴിച്ചത്.

ബീറ്റിൽസ് അംഗങ്ങൾ താമസിച്ച കുടിലുകളാണ് ഉത്തരാഖണ്ഡ് സർക്കാർ പുനഃസൃഷ്ടിച്ച് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത്. 1968 ൽ ഇന്ത്യയിലെത്തിയ ബീറ്റിൽസ് താരങ്ങൾ ഗുരു മഹേഷ് യോഗിയോടൊപ്പം രണ്ട് മാസം ഈ കുടിലുകളിൽ താമസിച്ചിരുന്നു. 84 കുടിലുകളാണ് 15 ഏക്കറിൽ സ്ഥിതിചെയ്യുന്നത്. ഇവിടെ വെച്ച് 48 ഗാനങ്ങളും ഇവർ എഴുതി. 1963 മുതൽ 1983 വരെ മഹർഷിക്ക് സർക്കാർ പാട്ടത്തിന് നൽകിയ ഭൂമിയിലായിരുന്നു ആശ്രമം സ്ഥാപിച്ചിരുന്നത്. 1983 ൽ പാട്ടക്കാലാവധി അവസാനിച്ചിരുന്നെങ്കിലും മഹേഷ് യോഗിയുടെ അനുയായികൾ ഇവിടം വിട്ട് പോയിരുന്നില്ല.

2000 ൽ സുപ്രീംകോടതിയുടെ വിധിയെത്തുടർന്നാണ് ആശ്രമം അടച്ചത്. ഇന്ന് രാജാജി നാഷണൽ പാർക്കിന്റെ അധീനതയിൽ വരുന്ന ഈ പ്രദേശത്താണ് ബീറ്റിൽസിന്റെ ഓർമ്മകൾ പുനഃസൃഷ്ടിച്ച് വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. ബീറ്റിൽസിന്റെ ഓർമ്മയ്ക്കായി, കുടിലുകളിൽ അവരുടെ ചിത്രങ്ങളും ഗാനങ്ങളുടെ വരികളുമെല്ലാം നൽകിയാണ് പുനഃസൃഷ്ടിച്ചിരിക്കുന്നത്.

1960 ൽ ലിവർപൂളിൽ രൂപീകരിക്കപ്പെട്ട ബാൻഡാണ് ബീറ്റിൽസ്. ജോൺ ലെനൻ,പോൾ മെക്കാർട്ടിനി,ജോർജ്ജ് ഹാരിസൺ,റിംഗോ സ്റ്റാർ എന്നിവരായിരുന്നു ബാൻഡ് അംഗങ്ങൾ. ചുരുങ്ങിയ കാലംകൊണ്ട് ലോക സംഗീതത്തിലെ പ്രധാനികളായി മാറി ബീറ്റിൽസ്. 1970 ൽ ഒറ്റക്കുള്ള കരിയറുമായി മുന്നോട്ടു പോകാനുള്ള അംഗങ്ങളുടെ താൽപര്യവും അവരുടെ സ്വരചേർച്ചയില്ലായ്മകൊണ്ടുമാണ് ബാൻഡ് പിരിച്ച് വിട്ടത്. പത്ത് വർഷംകൊണ്ട് 12 സ്റ്റുഡിയോ ആൽബങ്ങൾ, 22 സിംഗിളുകൾ 13 എക്‌സ്‌റ്റെന്റഡ് പ്ലേകൾ എന്നിവ ബാൻഡ് പുറത്തിറക്കിയിട്ടുണ്ട്. പത്ത് ഗ്രാമി പുരസ്‌കാരങ്ങളും മൂന്ന് ബ്രിറ്റ് പുരസ്‌കാരങ്ങളും ബാൻഡിനെ തേടി എത്തിയിട്ടുണ്ട്.