ഈ ആഴ്ചയിലെ പാട്ടുകൾ

ഒരുപാട് ചലച്ചിത്രങ്ങൾ മലയാളത്തിലേക്കു വന്നു കഴിഞ്ഞ വാരങ്ങളിലൂടെ. ഒരുപിടി നല്ല പാട്ടുകളും എത്തി ഏറെക്കാലത്തിനു ശേഷം. നല്ലൊരു പുതിയ പാട്ടിനായി കാത്തിരുന്നവരെയൊന്നും നിരാശപ്പെടുത്തിയില്ല. നല്ല വരികൾ എന്നതാണ് ഓരോ പാട്ടിന്റെയും പ്രത്യേകത. ഓർക്കസ്ട്രയുടെ അനാവശ്യ ബഹളങ്ങളില്ലാത്ത പാട്ടുകൾ. കഴിഞ്ഞ വാരത്തിൽ ശ്രദ്ധിക്കപ്പെട്ട അഞ്ച് പാട്ടുകളിതാ...

ആ ഒരുത്തി ... അവളരൊരുത്തി...

വിദ്യാസാഗർ സംഗീതത്തിന്റെ മാജിക്കാണ് 'ആ ഒരുത്തി ... അവളരൊരുത്തി...' എന്ന ഗാനത്തിലും നിറഞ്ഞുനിൽക്കുന്നത്. തബലയുടെ മാസ്മരികതാളം മാപ്പിളപ്പാട്ടിന്റെ മൊ‍‍ഞ്ച് കൂട്ടിയിട്ടേയുള്ളു... 'കിളിച്ചുണ്ടൻ മാമ്പഴത്തിലെ' "കസവിന്റെ തട്ടമിട്ട്.." എന്ന ഗാനത്തിനുശേഷം വിനീത് ശ്രീനിവാസന്റെ ശബ്ദത്തെ കൃത്യമായി ഉപയോഗപ്പെടുത്തിയ ഒരു ഗാനമാണിത്. വിനീതിനൊപ്പം മഞ്ജരിയുടെ ശബ്ദം കൂടിചേരുമ്പോൾ വീണ്ടും ഒരു മൊഞ്ചത്തിപ്പാട്ട് കൂടി പിറക്കുകയാണ് അനാർക്കലിയെന്ന ചിത്രത്തിലൂടെ...

ഒറ്റത്തൂവൽ...

പന്തുവരാളി രാഗത്തിന്റെ പ്രത്യേകതകൊണ്ട് ശ്രദ്ധിക്കപ്പെട്ട ഗാനമാണ് 'രാജമ്മ @ യാഹു'വിലെ "ഒറ്റത്തുവൽ..." അജിത്കുമാറിന്റെ വരികൾക്ക് ബിജിബാൽ സംഗീതം നിർവഹിച്ചിരിക്കുന്നു. ഗണേഷ് സുന്ദരവും രൂപാ രേവതിയും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.

എന്റെ ജനലരികിലിന്ന്

തൊണ്ണൂറുകളിലെ മലയാളഗാനങ്ങളുടെ ഓർമ്മ ഉണർത്തുന്നതാണ് 'സു സു സുദി വാത്മീകത്തിലെ' "എന്റെ ജനലരികിൽ" എന്ന ഗാനം സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ ഈണം നൽകിയിക്കുന്നു. വളരെ ലളിതവും ഹൃദ്യവുമായ് ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ ഓർക്കസ്ട്രേഷനും എടുത്തുപറയേണ്ടതാണ്. എല്ലാത്തിനും ഒപ്പം ഭാവഗായകൻ പി ജയചന്ദ്രന്റെ ശബ്ദം കൂടിചേരുമ്പോൾ മലയാളത്തിന് പുതിയ ഒരു മെലഡികൂടി.‌..

പാവാട പെണ്ണാണേ....

തട്ടുപൊളിപ്പൻ ടൈറ്റിൽ സോങ്. രചന നാരായണൻ കുട്ടിയുടെ അടിപൊളി നൃത്തത്തോടു കൂടിയുള്ള ഗാനം. എം ആർ ജയഗീതയെന്ന എഴുത്തുകാരിയുടെ വ്യത്യസ്തമാർന്ന എഴുത്താണ് ഈ പാട്ടിന്റെ പ്രത്യേകത. ദീപക് ദേവിന്റേതാണ് സംഗീതം. അമലാ റോസ് കുര്യൻ, രമ്യ എന്നീ രണ്ടു പുതിയ ശബ്ദങ്ങളും മലയാളത്തിന് പരിചയപ്പെടുത്തുകയാണ് ഈ പാട്ട്.

ഒറ്റക്കുയിലിന്റെ

അക്കൽദാമയിലെ പെണ്ണ് എന്ന ചിത്രത്തിലെ മനോഹരമായ ഗാനം. ശ്രേയാ ഘോഷാൽ സമ്മാനിക്കുന്ന സുന്ദര ഗാനം. പാട്ടിന്റെ രംഗങ്ങളും അതിമനോഹരം. അനിൽ പനച്ചൂരാന്റെ വരികൾക്ക് അൽഫോണ്‍സാണ് സംഗീതം നൽകിയത്.