ലോകം ശ്രദ്ധിച്ച ഒളിമ്പിക്സ് ഗാനങ്ങൾ

റിയോ ഒളിമ്പിക്സ് ഉദ്ഘാടന വേദിയിലെ കാഴ്ചകളിൽ നിന്ന്

കായിക ഇനങ്ങളിലൊരുങ്ങുന്ന അത്ഭുതം കാണുവാൻ റിയോയിലെ മൈതാനങ്ങള്‍ക്കു മനസു നൽകി കാത്തിരിക്കുകയാണ് ലോകം. ഓരോ ഒളിമ്പിക്സും മിഴിതുറക്കുന്നത് കലയുടെ ഏറ്റവും മനോഹരമായ സമ്മോഹനമൊരുക്കിക്കൊണ്ടാണ്. ഈണങ്ങളിലൂടെയും നൃത്തത്തിലൂടെയും ദീപക്കാഴ്ചകളിലൂടെയുമെല്ലാം. ഓരോ മത്സര വേദികളിലെയും ആരവങ്ങളുടെ താളങ്ങൾക്കു കാതോർക്കും മുൻപൊന്ന് ഓർത്തെടുക്കാം ഇന്നോളം കേട്ട ഏറ്റവും സുന്ദരമായ ഔദ്യോഗിക ഒളിമ്പിക്സ് ഗാനങ്ങളിലേക്ക്...

ദി പവർ ഓഫ് ദി ഡ്രീം

ഓർമകളിലിപ്പോഴും മുഴങ്ങുന്നുണ്ടാകും ഈ ഈണം. ഔദ്യോഗിക ഗാനമല്ലായിരുന്നുവെങ്കിലും  1996ലെ സമ്മർ ഒളിമ്പിക്സിന്റെ ഉണര്‍ത്തുപാട്ടായിരുന്നു അത്. സെലിൻ ഡിയോൺ വേദിയിൽ ആലപിച്ച ഗാനമായിരുന്നു ഇത്. ദി പവർ ഓഫ് ദി ഡ്രീം എന്ന പേരു പോലെ സ്വപ്നം പോലൊരു പാട്ട്

വൺ മൊമെന്റ് ഇൻ ടൈം

കാലത്തിന്റെ സമയക്കണക്കിലെ അമൂല്യമായ നിമിഷങ്ങളാണ് ഓരോ ഒളിമ്പിക്സുകൾ പിന്നിടുമ്പോഴും കഴിഞ്ഞു പോകുന്നത്. 1988ലെ സമ്മർ ഒളിമ്പിക്സിനു വേണ്ടി അമേരിക്കൻ ഗായിക വിറ്റ്നി ഹൂസ്റ്റൺ എഴുതി പാടിയ ഗാനമായിരുന്നു ഇത്. ആ വർഷത്തെ ഏറ്റവും ഹിറ്റ് സോങും, എമ്മി അവാർഡും നേടിയ പാട്ട്. 

ഹാൻഡ് ഇൻ ഹാൻഡ്

മനസു കൊണ്ടു ലോകമൊന്നിക്കുന്ന കാഴ്ചയാണ് ഓരോ ഒളിമ്പിക്സും പങ്കുവയ്ക്കുന്നത്. അതേക്കുറിച്ചാണ് ദക്ഷിണ കൊറിയൻ പാട്ടു സംഘമായ കൊറിയാന പാടിയതും.  1988ൽ നടന്ന ഒളിമ്പിക്സിന്റെ ഔദ്യോഗിക ഗാനമായും അതു മാറി.

യൂ ആന്‍ഡ് മീ

തീർത്തും മെലോഡിയസ് ആയ ഒരു ഒളിമ്പിക് ഗാനം. ഒളിമ്പിക്സിലെ ത്രസിപ്പിക്കുന്ന ചലനങ്ങളിലെ ഹൃദയം തൊടുന്ന താളത്തെ പോലൊരു പാട്ട്. ല്യൂ ഹുവാനും സാറാ ബ്രൈറ്റ്മാനും ചേർന്നൊരു ഗാനം.

സോൾ ആൻഡ് ഹാർട്ട്

താളങ്ങളും മത്സരങ്ങളുമാണ് ബ്രസീലിന്റെ ആത്മാവിനുള്ളിൽ. അതുകൊണ്ടു തന്നെ ബ്രസീലിയൻ മണ്ണിലൊരു ഒളിമ്പിക്സിനു കൊടിയേറുമ്പോൾ ആദ്യം തോന്നുന്ന കൗതുകം ഔദ്യോഗിക ഗാനമെന്തായിരിക്കുമെന്നാണല്ലോ. ആ ആകാംഷയെ തെല്ലിട തെറ്റിക്കാത്ത ഗാനം തന്നെയായിരുന്നു എത്തിയതും. ഉദ്ഘാടന പരിപാടികളിൽ കേട്ടതു പോലുള്ള കേൾവിക്കാരന്റെ ആത്മാവു തൊട്ട ഈണം. അന്റോണിയോ മാഴ്സെലോ കൊറിയ്യ എന്ന ബാലന്റെയും കൂട്ടുകാരുടെയും വലിയ സ്വപ്നങ്ങളെ കുറിച്ചു പാടിയ ഗാനം ദൃശ്യസുന്ദരവും താളാത്മകവുമായിരുന്നു. റിയോയിലേക്കു ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനും ഒളിമ്പിക്സിന്റെ ആത്മാംശത്തെ നമ്മിലേക്കെത്തിക്കുന്നതിനും ഗാനത്തിനു സാധിച്ചു.