ബിയോൺസ് കോപ്പിയടി വിവാദത്തിൽ

അമേരിക്കൻ പോപ്പ് ഗായിക ബിയോൺസിന്റെ ഗാനം എക്സ് ഓ കോപ്പിയടി വിവാദത്തിൽ. ഗാനത്തിന്റെ സംഗീതം കോപ്പിയടിയാണെന്നാണ് അഹമ്മദ് ജാവോൺ ലെൻ എന്ന പാട്ടുകാരന്റെ ആരോപണം. താൻ എഴുതി റിക്കോഡ് ചെയ്ത തന്റെ ഗാനമായ എക്സ് ഓ എക്സ് ഓയുടെ സംഗീതമാണ് ബിയോൺസ് കോപ്പിയടിച്ചതെന്നാണ് ലെൻ പറയുന്നത്. ആരോപണം ഉന്നയിക്കുക മാത്രമല്ല താരത്തിനെതിരെ 7 ദശലക്ഷം ഡോളറിന്റെ (ഏകദേശം 44 കോടി രൂപ) നഷ്ടപരിഹാര കേസും ഗായകൻ നൽകിയിട്ടുണ്ട്. തന്റെ മെലഡി ഗാനത്തിന്റെ ബീറ്റുകൾ തന്നെയാണ് ബിയോൺസിന്റെ എക്സ് ഓയിലുമെന്ന് കേൾക്കുന്ന ആർക്കും മനസിലാകുമെന്നും ലെൻ പറഞ്ഞു.

നേരത്തെ അമേരിക്കയെ പിടിച്ചുകുലുക്കിയ ചലഞ്ചർ സ്പേസ് ഷട്ടിൽ അപകടത്തിന്റെ ഓഡിയോ ഉപയോഗിച്ചതിന്റെ പേരിൽ വിവാദങ്ങളുണ്ടാക്കിയ ഗാനമാണ് എക്സ് ഓ. 1986 ജനുവരി 28നാണ് പത്താമത്തെ തവണ ആകാശത്തേയ്ക്ക് കുതിച്ചുയരുന്നതിനിടെ ചലഞ്ചർ ബഹിരാകാശ വാഹനം പൊട്ടിത്തെറിച്ചത്. അതിലുണ്ടായിരുന്ന എഴു പേരും തൽക്ഷണം മരിച്ചിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമായി വിശേഷിപ്പിക്കുന്ന ചലഞ്ചർ അപകടത്തിനെക്കുറിച്ച് അന്നത്തെ നാസയുടെ പബ്ലിക്ക് അഫേഴ്സ് ഓഫീസർ സംസാരിക്കുന്നതാണ് എക്സ് ഓ യുടെ തുടക്കത്തിൽ നൽകിയിരിക്കുന്നത്. അമേരിക്കൻ ജനതയുടെ വൈകാരികമായ ഒരു സംഭവത്തെ ബിയോൺസെ ഉപയോഗപ്പെടുത്തിയത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ബിയോൺസ് 2013 ൽ പുറത്തിറക്കിയ ബിയോൺസ് എന്നുതന്നെ പേരുള്ള ആൽബത്തിലെ ഗാനമാണ് എക്സ് ഓ. ആൽബത്തിലെ ഏറെ ജനശ്രദ്ധ നേടിയ ഗാനമായിരുന്നു എക്സ് ഓ.

പോപ്പ് ലോകത്തെ രാജ്ഞി എന്നറിയപ്പെടുന്ന ബിയോൺസ് 1990 കളുടെ അവസാനം ഡിസ്നി ബാലതാരമായാണ് തന്റെ സംഗീത ജീവിതം ആരംഭിച്ചത്. 2003 ൽ ആദ്യ ആൽബമായ ഡെയിഞ്ചറസ്ലി ഇൻ ലൗവോടെയാണ് ബിയോൺസ് പ്രശസ്തി ആർജിച്ചത്്. തുടർന്ന് 2006 ൽ ബർത്ത്ഡേ, 2008 ൽ ഐ ആം സാഷാ ഫേർസ്, 2011 ൽ 4, 2013ൽ ബിയോൺസ് എന്നിങ്ങനെ സൂപ്പർ ഹിറ്റായ അഞ്ച് ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഗ്രാമി പുരസ്കാരങ്ങൾ 17 പ്രാവശ്യവും, അമേരിക്കൻ മ്യൂസിക്ക് പുരസ്കാരം 10 പ്രാവശ്യവും, ബിൽബോർഡ് മ്യൂസിക്ക് പുരസ്കാരം 18 പ്രാവശ്യവും ബിയോൺസിനെ തേടി എത്തിയിട്ടുണ്ട്. 2013 ലും 2014 ലും ലോകത്തെ സ്വാധീനിച്ച 100 ആളുകളിൽ ഒരാളായി ടൈം മാസിക ബിയോൺസിനെ തിരഞ്ഞെടുത്തിരുന്നു. കൂടാതെ സംഗീത ലോകത്ത് ഏറ്റവും അധികം വരുമാനമുള്ള വനിത പോപ്പ് താരമാണ് ബിയോൺസ്.