നമുക്ക് വേണ്ടത് പട്ടാള ഭരണമാണോ? ബിജിപാൽ ചോദിക്കുന്നു

നിങ്ങൾ രാജ്യദ്രോഹിയാണെന്ന മുദ്രാവാക്യം നമ്മുടെ വീടിനു മുന്നിലേക്കുമെത്തിയേക്കാം ഒരുനാൾ. നിലവിലെ സാഹചര്യം അങ്ങനെ ചിന്തിക്കുവാനാണ് പ്രേരിപ്പിക്കുന്നത്. കനയ്യയും ജെഎൻയുവും ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക ചിന്തകളിൽ തിരുത്തലുകൾ നടത്തുന്ന സാഹചര്യം സംജാതമാകുമ്പോഴും അതിനെ കുറിച്ച് പറയേണ്ടിയിരിക്കുന്നു. നമ്മൾ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്താണ്. അത് തന്നെയാണ് തുടരേണ്ടതും. ഉറച്ച സ്വരത്തിൽ പറയുന്നത് മറ്റാരുമല്ല. സംഗീത സംവിധായകൻ ബിജിപാൽ.

അമിത ദേശീയത ആഗ്രഹിക്കുന്നവർ ഇവിടെ പട്ടാളം വരണമെന്നാണോ പറയുന്നത്? പട്ടാള ഭരണമാണോ നമുക്ക് വേണ്ടത്. അഭിപ്രായ സ്വാതന്ത്ര്യത്തിനു മേൽ വന്നു ചേരുന്ന എതിർപ്പുകളും യുക്തിരഹിതമായ തീരുമാനങ്ങളും ഭയപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ച് കലാരംഗത്ത് തുടരുന്ന ഒരാളെന്ന നിലയിൽ. അസഹിഷ്ണുത ഇല്ലെന്ന് പറയുമ്പോഴും ഓരോ നിമിഷവും അതു തന്നെ വീണ്ടും വീണ്ടും ആഞ്ഞുകൊത്തുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അത് അനുഭവിച്ചറിയാൻ കഴിയുന്നുണ്ട്. നമ്മളിൽ കൂടിയല്ലെങ്കിൽ മറ്റൊരാളിലൂടെ. ബിജിബാൽ പറയുന്നു.

അസഹിഷ്ണുത നിറഞ്ഞ ചിന്തകളും വിറളിപിടിച്ച രാഷ്ട്രീയ നീക്കങ്ങളും രാജ്യത്തെ ചൂടുപിടിപ്പിച്ചപ്പോൾ കനയ്യയും ജെഎൻയുവും അതിനെതിരെ നിലകൊണ്ടപ്പോൾ സോഷ്യൽമീഡിയയിലൂടെ തന്റെ നിലപാട് അടയാളപ്പെടുത്തിയിരുന്നു ബിജിബാൽ. ബിജിബാലിന്റെ വാക്കുകൾ കലാ രംഗത്ത് നിന്ന് വന്ന യുക്തിപൂർവമായ അഭിപ്രായങ്ങളായിരുന്നു. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം തുടർച്ചയായ നാലാം പ്രാവശ്യവും നേടിയ സംഗീതജ്ഞന്റെ രാഷ്ട്രീയ നിലപാടുകളും സാമൂഹിക ചിന്താഗതികളും പ്രതീക്ഷ നൽകുന്നു.