മുടി നീട്ടി വളർത്തുന്നവരെല്ലാം കുഴപ്പക്കാരാണോ?

സാധാരണക്കാരനെ തല്ലാൻ പൊലീസിന് മാനദണ്ഡങ്ങൾ എന്തൊക്കെയാണ്? നീട്ടിയ മുടിയോ അതോ ദുഷിച്ച വ്യവസ്ഥിതിക്കെതിരെയുള്ള പാട്ടോ? സംഗീത സംവിധായകൻ ബിജിബാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്. ഊരാളി മ്യൂസികൽ ബാൻഡിന്റെ പാട്ടുകാരനായ പാട്ടുകാരനായ മാര്‍ട്ടിൻ ജോൺ ചാലിശേരിയെ അകാരണമായി മർദ്ദിച്ച പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ബിജിബാൽ മാത്രമല്ല, വ്യവസ്ഥതിയുടെ ചാട്ടവാറടിക്കെതിരെ ശബ്ദമുയർത്തിയിട്ടുള്ളവരെല്ലാം മാർട്ടിൻ ചാലിശേരി അഥവാ മാർട്ടിൻ ഊരാളിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിനെതിരെ രൂക്ഷമായി പ്രതികരിക്കുന്നുണ്ട്.

തൃശൂർ അയ്യന്തോൾ പൊലീസാണ് മാർട്ടിൻ ഊരാളിയെ മർദ്ദിച്ചത്. ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്യുകയായിരുന്നു മാർട്ടിൻ. അകലെ നിന്ന് പൊലീസ് ചെക്കിങ് കണ്ടതോടെ വണ്ടിയുടെ ഡ്രൈവർ മാർട്ടിനെ വഴിയിലിറക്കിയിട്ട് വണ്ടി തിരച്ചു വിട്ടു. ബുക്കും പേപ്പറും ഇല്ലാത്തതിനാലായിരുന്നുവെന്നതിനാലായിരുന്നു അത്. ഇക്കാര്യം കണ്ടുനിന്ന പൊലീസ് മാർട്ടിനെ ചോദ്യം ചെയ്യാനാരംഭിച്ചു. താൻ ലിഫ്റ്റ് ചോദിച്ച് കയറിയതാണെന്നും ആരാണ് അയാളെന്ന് അറിയില്ലെന്നും പറഞ്ഞെങ്കിലും പൊലീസ് വിശ്വസിക്കാൻ തയ്യാറായില്ല. തലമുടി നീട്ടി വളർത്തിയ മാർട്ടിനോട് നിന്റെ കണ്ടാലറിയാമല്ലോ കുഴപ്പകാരനാണെന്ന് പറഞ്ഞ് അപമാനിച്ച പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. കലാകാരനാണെന്ന വാദമൊന്നും പൊലീസ് ചെവിക്കൊണ്ടില്ല. നാളെ ആർക്കും ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വരും. ഒരാളുടെ വ്യക്തിത്വത്തെ തന്നെ അപമാനിക്കുന്ന ചോ‌ദ്യങ്ങളാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ബിജിബാൽ പറഞ്ഞു.