പശ്ചാത്തലത്തിന്റെ ബിജിബാൽ

ബിജിബാലെന്ന പേര് കേൾക്കുമ്പോൾ ഒരു ഗാനം അകമ്പടിയായി പിന്നണിയിൽ മുഴങ്ങുന്നുവോ? സംശയിക്കണ്ട. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന പുരസ്കാരം തുടർച്ചയായ നാലാം പ്രാവശ്യം നേടിയ ഒരു സംഗീതജ്ഞനെ കുറിച്ചോര്‍ക്കുമ്പോൾ അങ്ങനെ തോന്നിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. ബിജിബാൽ സംസാരിക്കുന്നു പശ്ചാത്തലത്തിൽ നല്ല സംഗീതമൊരുക്കിയതിനു കിട്ടിയ പുരസ്കാരത്തെ കുറിച്ച്.

രണ്ടു ചിത്രങ്ങളും, നീ-നയും പത്തേമാരിയും തന്നത് നല്ല അനുഭവങ്ങളാണ്. സന്തോഷം അതുമാത്രമാണ് മനസിലേക്ക് വരുന്നത്. ഈ സംഗീതം അംഗീകരിക്കപ്പെട്ടതാണ് അതിനേക്കാളുപരിയുള്ള സന്തോഷം. ഓരോ തവണയും കിട്ടുന്ന അവാര്‍ഡ് എനിക്ക് മാത്രമുള്ള അവാര്‍ഡല്ല. ഒപ്പം പ്രവർത്തിക്കുന്ന സംവിധായകർ, സംഗീതജ്‌ഞർ ഇവർക്കെല്ലാമുള്ള അവാർഡാണ്. അവർക്കായി സമർപ്പിക്കുന്നു ഞാനിത്. ബിജിബാൽ പറഞ്ഞു. നാലു തവണ അവാര്‍ഡെന്നതിൽ ഒരു ജാള്യതയുമുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല. നല്ല മത്സരവും നല്ല നിലവാരവുമുള്ള പാട്ടുകൾ തന്നെയാണ് എല്ലാവരും ചെയ്യുന്നത്. പത്തേമാരിയിലേയും നീ-നായിലേയും അണിയറ പ്രവര്‍ത്തകർക്കും ഒപ്പം നിന്നവർക്കും ഞാൻ ഈ അവാർഡ് സമർപ്പിക്കുന്നു. ബിജിബാൽ പറഞ്ഞു.

2007ൽ ആണ് ബിജിബാല്‍ മലയാള സംഗീതത്തിലേക്കെത്തുന്നത്. ചിത്രത്തിലെ തിരികെ ഞാൻ വരുവാനെന്ന പാട്ട് ബിജിബാലിന്റെ സംഗീതം വീണ്ടും വീണ്ടും കേൾക്കുവാൻ കാതുകളെ തിരികെ വിളിച്ചു. പിന്നീടങ്ങോട്ട് ലളിത സംഗീതംകൊണ്ട് സിനിമയുടെ ഫ്രെയിമുകൾക്കൊപ്പവും പിന്നണിയിലും നിന്ന് മാജിക് തന്നെയാണ് ബിജിബാൽ കാണിച്ചത്. സംഗീത സംവിധായകനായും ഗായകനായും. 2012ൽ കളിയച്ഛന്, 2013ൽ ബാല്യകാല സഖിക്ക്, 2014ൽ ഞാൻ, ഇപ്പോൾ നീ-നക്കും പത്തേമാരിക്കും. പശ്താത്തലത്തിലെ മികച്ച സംഗീതത്തിന് സംസ്ഥാന അവാർഡുകൾ ബിജിബാലിലേക്കെത്തിയത് ഈ ചിത്രങ്ങളിലൂടെയാണ്. 2012ൽ കളിയച്ഛനിലൂെട പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്കാരവും ബിജിബാലിന് ലഭിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരമെന്ന ചിത്രത്തില്‍ ഗായകനായും സംഗീത സംവിധായകനായും ബിജിബാൽ ഒന്നുകൂടി പ്രതിഭയറിയിച്ചു.