മൈ ഗോഡ്....നല്ല പാട്ടുകൾ

പണ്ടു പണ്ടാരോ കൊണ്ടുകളഞ്ഞൊരു കുട്ടിച്ചിരിച്ചെപ്പ്.....കണ്ണീരാറ്റില് കനവിന്റെയാറ്റില് മുങ്ങിയെടുത്തുതരാം...അങ്ങനെ നടന്നുപോന്ന വഴികളിലെവിടെയോ നമ്മളുപേഷിച്ചു പോന്ന കുറച്ച് നല്ല ഓർമകളിലേക്ക് കൊണ്ടുപോകുന്ന വരികൾ. അതിനൊത്ത ദൃശ്യങ്ങളും. റഫീഖ് അഹമ്മദാണ് പാട്ടെഴുതിയത്. പി ജയചന്ദ്രനും ചിത്ര അരുണും ചേർന്ന് അനായാസേന ഈ പാട്ടുപാടി. ഈണമിട്ടത് ബിജിപാൽ.

അർഥവത്തായ ലളിതമായ വരികളും ഈണങ്ങളുമുള്ള പാട്ടുകളാണ് മൈ ഗോഡ് എന്ന എം മോഹനൻ ചിത്രം കേഴ്‌വിക്കാരിലേക്കെത്തിക്കുന്നത്. നിലവിലെ ട്രെൻഡു പോലെ ചിത്രത്തിലെ മൂന്നു പാട്ടുകളും മൂന്ന് ഗാനരചയിതാക്കളുടേതാണ്. രമേശ് കാവിലും ജോസ് തോമസുമാണ് മറ്റ് രണ്ട് പാട്ടുകളെഴുതിയത്. ഉദയ് രാമചന്ദ്രൻ, പീതാംബര മേനോൻ എന്നിവരും ചിത്രത്തിൽ പാടിയിട്ടുണ്ട്. ചിത്രത്തിലെ പാട്ടുകളെല്ലാം നല്ല കേഴ്വി സുഖമുള്ളതു തന്നെ.

സുരേഷ് ഗോപിയും ഹണി റോസും അച്ഛനും അമ്മയുമായി എത്തുന്ന ചിത്രത്തിലെ പ്രമേയം കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളുടേതാണ്. പുറത്തിറങ്ങിയ ആദ്യ പാട്ടിൽ അത് വ്യക്തവുമാണ്. മാസ്റ്റർ ആദർശാണ് കുട്ടിയായി അഭിനയിക്കുന്നത്. ശ്രീനിവാസൻ, ജോയ് മാത്യു, ലെന, രേഖ, ഇന്ദ്രൻസ്, ശ്രീജിത്ത് രവി എന്നിവരും ചിത്രത്തിലുണ്ട്. ജിയോ മാത്യുവും നിജോ കുറ്റിക്കാടുമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. കാരുണ്യ വി ആര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ മഹീന്ദ്രൻ പുതുശ്ശേരിയും ഷൈന കെ.വിയും  നിർമ്മിച്ച വെള്ളിയാഴ്ച തീയറ്ററുകളിലെത്തും.