എന്റെ പൊന്നേടി... ബിജു മേനോന്റെ കോട്ടയം പാട്ട്

കോട്ടയം ഒരു കുഞ്ഞു പട്ടണമാണ്. എന്റെ പൊന്നേടി എന്ന് വിളിച്ച് വർത്തമാനം പറയുന്ന ചങ്ങാതിമാരുടെ നാട്. അറിഞ്ഞു മാത്രം ചെലവഴിക്കുന്ന ഇത്തിരി പിശുകുള്ള വ്യാപാരികളുടെ നാട്. ചെറിയ വലിയ വിശേഷങ്ങളും നുറുങ്ങു കഥകളും ഒരുപാടൊരുപാട് പറയുവാനുള്ള നാട്. ഈ നാടിനെ കുറിച്ചാണ് ആലപ്പുഴയ്ക്കുള്ള ബോട്ട് പിടിക്കാനുള്ള തിരിക്കിനടിയൽ കുട്ടിയപ്പൻ , അല്ല ബിജു മേനോൻ പാടുന്നത്.

വട്ടോളം വാണിയാരേ കേട്ടു കൊൾക

കോട്ടയം പട്ടണമേ കണ്ടുകൊൾ‌ക

മേലേ പടിഞ്ഞാറായി കാണുന്നൊരു

അമ്പലമിതാ

തിരുനക്കരയാണവിടാ

നാദസ്വര കൂത്തുകേൾക്കാം...

പണ്ടു പണ്ടേ നാട്ടാര് പാടി നടക്കണ പാട്ടാണ് രഞ്ജിതിന്റെ ലീലയെന്ന പുത്തൻ ചിത്രത്തിൽ പുത്തൻ ഈണത്തില്‍, പുതിയ ശബ്ദത്തിലെത്തുന്നത്. തനി നാടൻ പാട്ടും ഗായകനല്ലാത്ത ബിജു മേനോന്റെ ശബ്ദവും ചേർന്നപ്പോൾ 'എന്നാ പാട്ടാ' ഇതെന്ന് സന്തോഷത്തോടെ നമ്മൾ പറ‍ഞ്ഞുപോകും. നാലു താടിക്കാരൻമാർ, രഞ്ജിതും ബിജിബാലും ഉണ്ണി ആറും ബിജു മേനോനും സ്റ്റുഡിയോക്കുള്ളിലിരുന്ന് പാട്ടൊരുക്കുന്നതിന്റെ വിഡിയോയും രസകരം തന്നെ.

വള്ളം തുഴഞ്ഞ് അകലങ്ങളിൽ നിന്ന് കോട്ടയം പട്ടണം കാണാൻ പോന്ന ആരുടെയോ മനസിൽ വിരിഞ്ഞതാകും ഈ കുഞ്ഞു പാട്ട്. കോട്ടയത്തിന്റെ മേളത്തിന്റെ ഇടം തിരുനക്കരയാണ്. നാദസ്വര മേളം കേൾക്കാം, നാലണയ്ക്ക് നല്ല അസല് ഊണം കിട്ടും അവിടന്ന് പിന്നങ്ങോട്ട് പോയാൽ പുലികളായ വക്കീലൻമാരുടെ ഓഫിസാണ്. കെ ടി തോമസും ശങ്കുണ്ണി മേനോനും കെ ടി മത്തായീം അവിടെയാണുള്ളത്. ജില്ലാ കോടതിയും വക്കീലാപ്പീസും ബിസിഎം കോളെജും സെന്റ് ആൻസ് സ്കൂളും ജില്ലാ ആശുപത്രീം പിന്നെ ഞങ്ങള്, മനോരമക്കാരുടെ ആപ്പീസുമെല്ലാമടങ്ങുന്ന കോട്ടയം കാഴ്ചകളുടെ കൗതുകമാണ് ഈ പാട്ടിന്റെ വരികളിലുള്ളത്.

ആലപ്പുഴയിൽ നിന്ന് കോട്ടയത്തെത്താനും തിരിച്ചും ഇന്ന് ഒന്നോ രണ്ടോ മണിക്കൂറുകളുടെ യാത്രയേ ആവശ്യമുള്ളൂ. പക്ഷേ പണ്ടങ്ങനെ ആയിരുന്നില്ല. രാവും പകലും വള്ളത്തിൽ ചെലവഴിച്ചാലേ ഈ രണ്ടിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനാകുമായിരുന്നുള്ളൂ. കലർപ്പില്ലാത്ത ഒരായിരം സൗഹൃദങ്ങള്‍ക്കും കൂടൊരുക്കിയിരുന്നു ആ യാത്ര . പട്ടണത്തിന്റെ കൗതുകക്കാഴ്ചകളും ജീവിതം കരുപ്പിടിക്കുവാനുള്ള ഓട്ടവുമെല്ലാം ആ യാത്രകളിൽ പാട്ടായും കഥകളായും പുനർജനിച്ചിരുന്നു. ആ ചങ്ങാതിക്കൂട്ടങ്ങളുടെ ഓർമകളെ, അവർ പങ്കിട്ട കാലത്തെ തിരികെ വിളിക്കുകയാണ് ഈ പാട്ട്. കുട്ടിയപ്പൻ, കോട്ടയത്തിന്റെ പാട്ട്. റോഡ് പണിയാനും പാലം കെട്ടാനും നമ്മള്‍ കുത്തിക്കുത്തി വികൃതമാക്കിയ പുഴകളുടെ മൃതപ്രായമായ ഓളങ്ങൾ ഒരുപക്ഷേ ഈ പാട്ട് ഇപ്പോഴും താളം പിടിക്കുന്നുണ്ടാകും.

വട്ടോളം വാണിയാരേ കേട്ടു കൊൾക

കോട്ടയം പട്ടണമേ കണ്ടുകൊൾ‌ക(2)

മേലേ പടിഞ്ഞാറായി കാണുന്നൊരു

അമ്പലമിതാ

തിരുനക്കരയാണാ വീട്

നാദസ്വര കൂത്തുകേൾക്കാം...

പട്ടമ്മാരൊത്തൊരു പൂജ നടത്തുന്

നല്ല ശാപ്പാട് നാലണയ്ക്കുണ്ടല്ലോ

തൂശനിലയിട്ട പുത്തരിച്ചോറും

സാമ്പാറും പച്ചടി കിച്ചടി തോരനും പച്ചപ്പുളിശേരി

തീയലും കാളനും പാൽപ്പായസോം അടപ്രഥമനും നാരങ്ങേം

(വട്ടോളം വാണിയാരേ)

നേരെ അങ്ങോട്ട് ചെന്നാൽ

കാണുന്നൊരു ജില്ലാ കോടതി(2)

കൊടികെട്ടിപറപ്പറക്കണ പുലികളായ വക്കീലൻമാർ

കെടി തോമസും ശങ്കുണ്ണി മേനോനും കെടി മത്തായീടെ വക്കീലാപ്പീസും

ബിസിഎം കോളെജും

സെന്റ് ആൻസ് സ്കൂളും

ജില്ലാ ആശുപത്രീ

മനോരമേടെ ആപ്പീസും

കാഴ്ചകളങ്ങനെ വേറെയുമുണ്ടല്ലോ

എല്ലാം പറയുവാൻ നേരമില്ലിന്നിനി

ആലപ്പുഴയ്ക്കുള്ള കേവഞ്ചി കേറണം

എന്റെ പൊന്നേടീ യ്യോ...

പിള്ളേച്ചോ കിട്ടിയോ

കിട്ട്കേല...അതാ...