രസിപ്പിക്കുന്ന ഈണങ്ങളുമായി ചാർളിയിലെ പാട്ടുകളെത്തി

വരികളെഴുതിയത് റഫീഖ് അഹമ്മദ്. വൈവിധ്യങ്ങളുടെ തന്ത്രികളിലൂടെ ആ വരികൾക്ക് ഗോപീ സുന്ദർ ഈണമിട്ടു. ദുൽഖറും പാർവതിയും നായകനും നായികയുമാകുന്ന ചാർളിയെന്ന ചിത്രത്തിലെ ഈണങ്ങളിൽ പലതും കാതിന് അപരിചിതം തന്നെയെന്നതിൽ സംശയമില്ല. കാതങ്ങളകലെ നിന്ന് ഓടിയെത്തുന്ന നാടൻ ചേലുള്ള ശബ്ദത്തിൽ മാൽഗുഡി ശുഭ പാടിയ അകലെയെന്ന ഗാനം ഏറെ നാളുകൾക്ക് ശേഷം മലയാളി കേൾക്കുന്ന വ്യത്യസ്തമായൊരു പാട്ടാകുമെന്നതിൽ സംശയമില്ല. മാൽഗുഡി ശോഭ, ശ്രേയാ ഘോഷാൽ, ശക്തിശ്രീ ഗോപാൽ, മഖ്ബൂൽ മൻസൂർ തുടങ്ങി ശബ്ദത്തിന്റെ മാധുര്യംകൊണ്ടും ആലാപന ശൈലികൊണ്ടും ശ്രദ്ധേയരായ ഗായകരടങ്ങിയ നിര പാടിയ ആറു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

മുക്കത്തെ പെണ്ണു പാടി നെഞ്ചു കവർന്ന മഖ്ബൂൽ മൻസൂറിന്റെ മറ്റൊരു ഹിറ്റാകും പുലരികളോ എന്ന ഗാനം. കടലിലെ നെഞ്ചുക്കുള്ളേ പാടി തമിഴകത്തിന്റെ പ്രിയ ഗായികയായ മലയാളിയായ ശക്തിശ്രീ ഗോപാലനാണ് മൻസൂറിനൊപ്പം ഈ പാട്ട് പാടുന്നത്. പുതുമഴയായി ഗാനം ശ്രേയാ ഘോഷാൽ പാടി അതിസുന്ദരമാക്കി എന്നു പറയേണ്ടതില്ലല്ലോ. സ്നേഹം നീ നാഥാ എന്ന പാട്ടിലൂടെ രാജലക്ഷ്മിയുടെ പ്രതിഭ ഒന്നുകൂടി മലയാള സംഗീത പ്രേമികളുടെ കാതുകളിലേക്കെത്തി. ഒരു കരിമുകിലിനെന്ന ഗാനം വിജയ് പ്രകാശാണ് പാടിയത്. പുതുമഴയായി എന്ന ഹാനം ദിവ്യ എസ് മേനോൻ എന്ന ഗായികയും ചിത്രത്തിൽ ആലപിച്ചിട്ടുണ്ട് എന്നത് മറ്റൊരു പ്രത്യേകത.

ഓർക്കസ്ട്രയിലെ ഓരോ ഈണപ്പെട്ടികളും സമന്വയം പാലിച്ചപ്പോൾ വരികൾക്കൊപ്പം അവയുടെ ചെറിയ മൂളൽ പോലും കാതുകളോട് എളുപ്പം കൂട്ടുകാരാകുന്നു. ചിത്രത്തിൽ ഗോപീ സുന്ദർ ബാക്കിങ് വോക്കൽസ് പാടിയിട്ടുണ്ട് എന്നത് മറ്റൊരു പ്രത്യേകത. നല്ല വരികളും സംഗീതവുമുള്ള അനേകം ഗാനങ്ങൾ അടുത്തിടെ മലയാളത്തിലിറങ്ങി. എങ്കിലും ചാർളിയിലെ ആലാപനം ഒരു വ്യത്യസ്തത തന്നെ. ഇത്രയേറെ വ്യത്യസ്തമായ സ്വരങ്ങളിലുള്ള ഗാനങ്ങളുമായി ഒരു ചിത്രമെത്തുന്നത് എന്നതാണ് ചാർളിയുടെ പ്രത്യേകത. അതുതന്നെയാണ് പുറത്തിറങ്ങി അധികം കഴിയും മുൻപേ പാട്ടുകൾ തരംഗമായത്.