ദാരിദ്ര്യത്തിനിടയിൽ ഇവർക്കു കൂട്ട് പാട്ടു മാത്രം

സങ്കടത്തിന്റെ നടുക്കടലിലാണെങ്കിലും, മനസിനുള്ളിൽ ഒരു നറുപുഞ്ചിരിയുണരും ഒരീണം കേട്ടാൽ. മനുഷ്യന്റെ മനസിനെ അത്രയേറെ സ്വാധീനിക്കുന്നു സംഗീതം. തമിഴിന്റെ തീരദേശത്തെ ഈ കുട്ടികളേയും. ദാരിദ്ര്യത്തിനിടയിലും ഇവർക്ക് കൂട്ട് ഈ ഈണങ്ങളാണ്. മദ്രാസിന്റെ സംഗീത ചക്രവർത്തിയുടെയും പോപ് ഇതിഹാസം മൈക്കേൽ ജാക്സന്റെയും അനശ്വരഗീതങ്ങളെ കൂട്ടിയിണക്കി ഇവർ പാടിക്കയറുകയാണ് മനസുകളിൽ നിന്ന് മനസുകളിലേക്ക്. ചെന്നൈയിലെ ചിൽഡ്രൻസ് ക്വയറിലെ കൂട്ടുക്കാരാണിവർ.

ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നളന്ദാദേവി ഫൗണ്ടേഷനാണ് ഇവരെ ഒന്നുചേർത്തത്. റഹ്മാന്റെ യേ തേര വോ തേര, ജാക്സന്റെ ഹീൽ ദി വേൾ‍ഡ് പോലുള്ള ഗീതങ്ങളാണ് ഇവർ പാടുന്നത്. വളരെ മെലോഡിയസായി പാടിയകലുമ്പോൾ നമ്മുടെ മനസും ഒപ്പം ചേരും. ലോക സംഗീത ദിനത്തിലായിരുന്നു വിഡിയോ റീലീസ് ചെയ്തത്. നളന്ദാദേവി ഫൗണ്ടേഷനാണ് വിഡിയോ നിർമ്മിച്ചതും.

വിശപ്പു മാത്രമല്ല, മുപ്പത്തിരണ്ടംഗ സംഘം നേരിടുന്നത്. ഇവരിലാറുപേരുടെ കൺനിറയെ ഇരുട്ടാണ്. രണ്ടു പേർക്ക് മാനസിക വൈകല്യവുമുണ്ട്. സമൂഹത്തിൽ അരികുചേർക്കപ്പെട്ട കുടുംബങ്ങളിൽ നിന്നാണിവർ വരുന്നതും. പക്ഷേ ഈണങ്ങളും പാട്ടിനോടുളള ഇഷ്ടവും സ്വരഭംഗിയും മറ്റെല്ലാത്തിനേയും മായ്ച്ച് കളയുന്നു. പാടിത്തീരുമ്പോൾ കാതിനുള്ളിൽ ഈ ബാല്യങ്ങളും അവരുടെ നാദവും മാത്രമാകും.  അത്രയേറെ സുന്ദരമാണീ ആലാപനം. വിഡിയോയിലെ ദൃശ്യങ്ങളിൽ കാണുന്ന കടൽത്തിരമാലയെ പോലെ.