ബീപ് ഗാന വിവാദം, ചിമ്പു ഒളിവിൽ?

ചിമ്പുവും അനിരുദ്ധ് രവിചന്ദറും

ബീപ് ഗാന വിവാദത്തിൽ ചിമ്പു അറസ്റ്റ് ഭയന്ന് ഒളിവിലെന്ന് പൊലീസ്. സൈബർ സെൽ റജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുന്നതിനായി പലതവണ ടി നഗറിലുളള വീട്ടിൽ എത്തിയിട്ടും ചിമ്പുവിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അതിനാൽ ഒളിവിലാണെന്നു സ്ഥിരീകരിച്ചതായും പൊലീസ് പറഞ്ഞു. തിരച്ചിലിനായി രണ്ടു പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിമ്പുവിനും ബീപ് ഗാനത്തിന് സംഗീതം നൽകിയ അനിരുദ്ധ് രവിചന്ദറിനുമെതിരെ പതിനൊന്നോളം കേസുകളാണ് ഇതുവരെ സൈബർ സെല്ലും കോയമ്പത്തൂർ പൊലീസും ചേർന്ന് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

അതേസമയം ഇതെല്ലാം തെറ്റായ വിവരങ്ങളാണെന്ന നിലപാടിലാണ് ചിമ്പുവിന്റെ പിതാവും നടനുമായ ടി രാജേന്ദജർ. തന്റെ മകനിപ്പോഴും സിനിമാ പ്രവർത്തനങ്ങളിൽ സജീവമാണെന്നും അവനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിടുകയാണെന്നും അദ്ദേഹം പറഞ്ഞു. പാട്ടിന്റെ ഉത്തരവാദിത്ത‌ത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന നിലപാടാണ് ചിമ്പുവും അനിരുദ്ധും സ്വീകരിക്കുന്നത്. ചിമ്പുവിന്റെ പാട്ട് മറ്റാരോ യുട്യൂബിൽ അപ്‍ലോഡ് ചെയ്തതതാണെന്നാണ് ചിമ്പുവിന്റെ പിതാവിന്റെ പക്ഷം. ഭീഷണി സഹിക്കാൻ കഴിയാതെ ചിമ്പുവിന്റെ കുടുംബം തമിഴ്നാട് വിടാനൊരുങ്ങുന്നുവെന്നും വാർത്തകളുണ്ടായിരുന്നു.

ഇതിനിടയിൽ ചിമ്പുവിനെതിരെ പിഎംകെ പ്രവർത്തകൻ വെങ്കിടേശ് നൽകിയ പരാതി പിൻവലിച്ചു. ചിമ്പുവിന്റെ മാതാപിതാക്കൾ നൽകിയ വിശദീകരണം തൃപ്തികരമായതിനാലും പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതിനാലുമാണ് പരാതി പിൻവലിക്കുന്നതെന്നാണ് വിശദീകരണം.

സ്ത്രീകളെ കുറിച്ചുള്ള അശ്ലീല പദങ്ങൾക്ക് പകരം ബീപ് എന്ന ശബ്ദം ഉൾക്കൊള്ളിച്ചാണ് ചിമ്പുവും അനിരുദ്ധും ചേർന്ന് പാട്ട് തയ്യാറാക്കിയത്. പാട്ട് ചിമ്പുവെഴുതി പാടി. പാട്ട് പുറത്തിറങ്ങിയതിനു പിന്നാലെ തമിഴ്നാട്ടിലെ സ്ത്രീപക്ഷ സംഘടനകളും വിദ്യാർഥിനി സമൂഹവും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് ചിമ്പുവും പാട്ടും പൊലീസ് സ്റ്റേഷനിലേക്കെത്തിയത്.