ഈ ചുന്ദരിപ്പെണ്ണും കൊള്ളാം!

പ്രശസ്തമായ ഗാനങ്ങൾക്ക് കവർ ചെയ്ത് യുട്യൂബിൽ പബ്ലിഷ് ചെയ്യുന്ന രീതി പതിവാണ്. പ്രേക്ഷകർ കാണാനും കേൾക്കാനും ഇഷ്ടപ്പെടുന്ന ഗാനങ്ങളെ എടുത്ത് ഇങ്ങനെ പരീക്ഷണം നടത്തുകയെന്നതൊരു വെല്ലുവിളിയാണെങ്കില്‍ കൂടി. ദുല്‍ഖർ സൽമാന്റെ ചാർലി എന്ന ചിത്രത്തിൽ വ്യത്യസ്തമായ ഒരു കൂട്ടം ഗാനങ്ങളാണുള്ളത്. ആ ഗാനങ്ങളെ വീണ്ടും വീണ്ടും വ്യത്യസ്തമായ ദൃശ്യങ്ങളോടെയും ആലാപനശൈലിയോടെയും അവതരിപ്പിക്കുവാനും ഇഷ്ടപ്പെടുന്നവർ ഏറെയുണ്ട് നമുക്കിടയിൽ. ചുന്ദരി പെണ്ണേ...എന്നു തുടങ്ങുന്ന ദുൽഖർ സൽമാന്‍ പാടിയ ഗാനത്തിന്റെ ഏറ്റവുമൊടുവിലറങ്ങിയ വേർഷൻ ശ്രദ്ധ നേടുകയാണ്.

ദുൽഖർ പാടിയിരിക്കുന്ന ശൈലിയും അതിന് നൽകിയിരിക്കുന്ന ദൃശ്യങ്ങളും പ്രേക്ഷകന്റെ മനസ് നേടിയെടുത്ത് കഴിഞ്ഞതാണ്. പുതിയ ആൽബത്തിലെ ആലാപനവും മനോഹരം തന്നെ. ശബ്ദത്തിൽ കൊണ്ടുവരുന്ന വ്യതിയാനങ്ങൾ കേഴ്‌‍‌വി സുഖം പകരുന്നുണ്ട്. ദൃശ്യങ്ങൾ ലളിതവും. ഗോകുൽ ഹർഷനാണ് പാടിയത്. യുക്തിരാജ് കടലുണ്ടിയാണ് ഛായാഗ്രഹണവും സംവിധാനവും. ഗോകുൽ ഹർഷനും ധ്യാനാ വേണുവുമാണ് പാട്ടിന്റെ രംഗങ്ങളിലുള്ളത്. അബിൻ കെ തോമസ്, ആന്റണി, ഷെബിൻ ബേബി ജോൺ എന്നിവരാണ് പാട്ടിന് ലളിതമായ ഓർക്കസ്ട്ര ഒരുക്കിയത്. ജോർജ് തോമസ് ആണ് മ്യൂസിക് അറേഞ്ച് ചെയ്തത്.