ബച്ചനെ വിടാതെ വിവാദം, ഇപ്പോൾ പൊലീസിൽ പരാതിയും

ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് മത്സരത്തിൽ ദേശീയ ഗാനം ആലപിച്ച അമിതാഭ് ബച്ചനെ വിട്ടൊഴിയാതെ വിവാദം ഇപ്പോൾ പൊലീസ ് കേസും. ദേശീയ ഗാനം തെറ്റായ രീതിയിൽ ആലപിച്ചുവെന്നാരോപിച്ച് ഷോർട്ട് ഫിലിം സംവിധായകനായ ഉല്ലാസ് പി ആർ ആണ് ബച്ചനെതിരെ ഡൽഹി അശോക് നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അമ്പത്തിരണ്ട് സെക്കൻഡാണ് ദേശീയ ഗാനം പാടിത്തീർക്കുവാൻ വേണ്ടത്. പക്ഷേ ബച്ചൻ ഒരു മിനുട്ട് പത്ത് സെക്കൻഡുകൾ പാട്ടു പാടാനായി എടുത്തു. പാടിത്തീർ‌ക്കാനുള്ള സമയത്തിൽ സെക്കൻഡുകളുടെ വ്യത്യാസം വരാം. അത് മനസിലാക്കാവുന്നതേയുള്ളൂ. പക്ഷേ ബച്ചൻ ഇക്കാര്യത്തിൽ പരിധി ലംഘിച്ചു. ദേശീയ ഗാനത്തിൽ സിന്ധ് വാക്കിനു പകരം സിന്ധു എന്നാണ് അദ്ദേഹം ഉപയോഗിച്ചതെന്നത് പരാതിയിലെ മറ്റൊരു വാദവും.

ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിലാണ് ബച്ചൻ ദേശീയ ഗാനം ആലപിച്ചത്. ഇതിനു പിന്നാെല ബച്ചൻ നാലു കോടി രൂപ ഇതിനായി പ്രതിഫലം വാങ്ങിയെന്ന വിവാദം കത്തിക്കയറി. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇതേ സംബന്ധിച്ച് ബച്ചന്റെ നിരപരാധിത്വം തെളിയിച്ച് പ്രസ്താവന ഇറക്കിയെങ്കിലും അദ്ദേഹത്തിനെതിരായ വിമർശനങ്ങൾ സാമുഹ്യ മാധ്യമങ്ങളിൽ തകൃതിയാണ്. ഈ വാദങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ബച്ചൻ ട്വിറ്ററിലൂടെ പ്രതികരിച്ചതും. ഈ പ്രശ്നങ്ങളെല്ലാം ശാന്തമായി വരുന്നതിനിടയിലാണ് പൊലീസ് പരാതിയെന്ന മറ്റൊരു പ്രശ്നം കൂടി ബച്ചനിലേക്ക് നീളുന്നത്.