യൂറോ കപ്പിന്റെ ഔദ്യോഗിക ഗാനം തയ്യാറാക്കുന്നത് ഡേവിഡ് ഗ്യുറ്റ

അടുത്ത വർഷം ജൂണിൽ നടക്കുന്ന യൂറോ കപ്പിന്റെ ഔദ്യോഗിക ഗാനം തയ്യാറാക്കുന്നത് ഡേവിഡ് ഗ്യുറ്റ. താരം തന്നെ തന്റെ ട്വീറ്റിലൂടെ ആരാധകരെ അറിയിച്ചതാണീ കാര്യം. താനാണ് യൂറോ 2016 ന്റെ മ്യൂസിക്കൽ അമ്പാസിഡർ എന്നാണ് താരം പറഞ്ഞിരിക്കുന്നത്. ഇത്രവലിയൊരു പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയ കാര്യമാണെന്നും ഏറ്റവും മികച്ചതും എന്നും ഓർത്തിരിക്കുന്നതുമായ സംഗീതം ഒരുക്കാൻ ശ്രമിക്കുമെന്നും താരം പറയുന്നുണ്ട്.

ലോകത്ത് ഏറ്റവും അധികം പ്രതിഫലം പറ്റുന്ന ഡിജെ കളിൽ ഒരാളാണ് ഗ്യുറ്റ. ഫ്രഞ്ച് ഡിസ്ക് ജോക്കിയായ ഗ്യുറ്റ 2002 ൽ പുറത്തിറങ്ങിയ ആൽബം ജെസ്റ്റ് എ ലിറ്റിൽ മോർ ലൗവിലൂടെയാണ് പ്രശസ്തനാവുന്നത്. തുടർന്ന് 2004 ൽ ഗ്യുറ്റാ ബ്ലാസ്റ്റർ 2007 ൽ പോപ്പ് ലൈഫ്, 2009 ൽ വൺ ലൗവ്, 2011 ൽ നത്തിങ് ബട്ട് ദ ബീറ്റ്, 2014 ൽ ലിസൺ തുടങ്ങിയ ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 2011 ൽ ലോകത്തെ ഏറ്റവും മികച്ച ഡിജെയായി തിരഞ്ഞെടുക്കപ്പെട്ട ഗ്യൂറ്റയുടെ ആൽബങ്ങൾ ഒമ്പത് ദശലക്ഷത്തോളവും സിംഗിളുകൾ മൂന്ന് കോടിയോളവും ലോകത്താകെമാനം വിറ്റു പോയിട്ടുണ്ട്.