അമർ അക്ബർ അന്തോണിക്ക് ദീപക് ദേവിന്റേയും നാദിർഷയുടെയും സംഗീതം

മലയാളികൾക്ക് എന്നും ഓർത്ത് ചിരിക്കാൻ വകയുള്ള ഗാനങ്ങളും രംഗങ്ങളും സമ്മാനിച്ചിട്ടുള്ള ആളാണ് നാദിർഷ. നാദിർഷ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ദീപക് ദേവും നാദിർഷയും. ചിത്രത്തിലെ നാല് ഗാനങ്ങളിൽ രണ്ടെണ്ണത്തിന് ദീപക് ദേവ് സംഗീതം നൽകിയപ്പോൾ മറ്റ് രണ്ട് ഗാനങ്ങൾക്ക് താൻ തന്നെയാണ് ഈണം നൽകിയിരിക്കുന്നതെന്ന് നാദിർഷ ഒരു അഭിമുഖത്തിൽ പറഞ്ഞു. കൈതപ്രം, ബാപ്പു വാവാട്, നാദിർഷ എന്നിവരാണ് ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത്.

പൃഥ്വിരാജ്, ജയസൂര്യ ഇന്ദ്രജിത്ത് എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രമാണ് അമർ അക്ബർ അന്തോണി. അമർ സെന്റർ മാളിൽ ജോലിക്കാരൻ, അക്ബർ ഹോസ്പിറ്റലിൽ ലിഫ്റ്റ് ഓപ്പറേറ്റർ, കുസാറ്റിൽ ജോലിക്കാരനാണ് അന്തോണി. സമൂഹത്തിലും ചുറ്റുപാടുകളിലും എന്തുസംഭവിക്കുന്നുവെന്നു ശ്രദ്ധിക്കാതെ അതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമേയല്ല എന്ന ധാരണയിൽ ജീവിതം ആഘോഷിക്കുന്നവരാണിവർ. ഒരിക്കൽ അവരുടെ ജീവിതത്തിലുണ്ടായ യാദൃച്ഛിക സംഭവത്തെത്തുടർന്ന് അവരുടെ വിശ്വാസങ്ങളിലും ധാരണയിലും ഉണ്ടായ മാറ്റങ്ങളാണ് രസകരമായി 'അമർ അക്ബർ അന്തോണി' എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്. പൃഥ്വിരാജ് അമറായിട്ടും ജയസൂര്യ അക്ബറായിട്ടും ഇന്ദ്രജിത് അന്തോണിയായിട്ടും എത്തുന്നു, നമിതാ പ്രെമോദാണ് ചിത്രത്തിലെ നായിക.

പൃഥ്വിരാജിനേയും ജയസൂര്യയേയും, ഇന്ദ്രജിത്തിനേയും നമിതയേയും കൂടാതെ സിദ്ധിഖ്, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, ഇടവേള ബാബു, ശ്രീരാമൻ, ധർമജൻ ബോൾഗാട്ടി, ശശി കലിംഗ, ചാലി പാല, പ്രദീപ് കോട്ടയം, വിഷ്ണു ഉണ്ണികൃഷ്ണൻ, സ്രിന്റ, കെ.പി.എ.സി. ലളിത, ബിന്ദുപണിക്കർ, പ്രിയങ്ക, മോളി കണ്ണമാലി, ബേബി മീനാക്ഷി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

നവാഗതരായ ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ സംഭാഷണവും ഒരുക്കിയിരിക്കുന്നത്. യുണൈറ്റഡ് ഗ്ലോബൽ മീഡിയ എന്റർടെയ്ൻമെന്റ്, അനന്യ ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ആൽവിൻ ആന്റണി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.