ദീപക് ദേവ് ഇതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല...

ദീപക് ദേവ്, കിങ് ലയറിലെ പോസ്റ്ററുകളിൽ നിന്ന്

പെരുംനുണയനെ കണ്ടിറങ്ങിയവർക്കൊപ്പം കൂടിയത് അയാളുടെ കൂറ്റൻ തമാശകൾ മാത്രമല്ല ആ പാട്ടു കൂടിയായിരുന്നു. അഞ്ജലി...അഞ്ജലി...എന്ന ഗാനം. കിങ് ലയർ എന്ന ഈ ചിത്രത്തിനായി പശ്ചാത്തല സംഗീതമൊരുക്കുകയെന്നതായിരുന്നു ദീപക് ദേവിനുണ്ടായിരുന്ന ദൗത്യം. പക്ഷേ പശ്ചാത്തല സംഗീതമൊരുക്കുന്നതിനിടയിൽ ചിത്രം കണ്ടപ്പോൾ പാട്ടിനൊരു ചെറിയ ഇടം കൂടി ബാക്കിയുണ്ടെന്ന് ദീപകിന് തോന്നി. പിന്നെ വൈകിയില്ല കുഞ്ഞനൊരു പാട്ട് റെക്കോർ‍ഡ് ചെയ്ത് സംവിധായകൻ ലാലിന് അയച്ചുകൊടുത്തു. ലാലിനും അതിൽ മറിച്ചൊരു അഭിപ്രായമുണ്ടായിരുന്നില്ല. അങ്ങനെ അഞ്ജലി അഞ്ജലി എന്ന പാട്ട് സിനിമയിലെത്തി.

അലക്സ് പോൾ ആയിരുന്നു ചിത്രത്തിലെ പാട്ടുകൾക്ക് സംഗീതം ചെയ്തിരുന്നതെന്നതിനാൽ പുതിയൊരു പാട്ടുമായി ചെല്ലുവാൻ മടിയുണ്ടായിരുന്നുവെന്ന് ദീപക് ദേവ് തന്നെ സമ്മതിക്കുന്നു. പക്ഷേ പെട്ടെന്നങ്ങ് തീർന്നുപോയല്ലോ...നല്ല പാട്ടാണല്ലോ എന്ന് അലക്സ് പോൾ അഭിപ്രായം പറഞ്ഞപ്പോൾ... പാട്ടിനെ കുറിച്ച് നല്ല വാക്കുകൾ പറഞ്ഞ് അപ്രതീക്ഷിതമായി ഒരുപാട് ഫോൺ കോളുകൾ വന്നപ്പോൾ ഒറിജിനൽ ട്രാക്കിനായുള്ള അന്വേഷണമെത്തുമ്പോൾ ദീപക് ദേവ് സന്തോഷവാനാണ്. ആ അന്വേഷണങ്ങളാണ് പാട്ടിനൊരു മേക്കിങ് വിഡിയോ ഇറക്കുവാനുള്ള പ്രേരണയായത്.

ദുബായുടെ പശ്ചാത്തലത്തിലെടുത്ത ചിത്രമായതിനാൽ അറബിക് സംഗീതം ഇടകലർത്തിയാണ് ദീപക് ദേവ് പശ്ചാത്തല സംഗീതമൊരുക്കിയത്. ചിരിയും തമാശയും പുതുമയും നിറഞ്ഞു നിൽക്കുന്ന ഈ ഈണങ്ങളും പ്രേക്ഷക പക്ഷത്തിന്റെ പ്രശംസ നേടിയെടുത്തു. കിങ് ലയറെന്ന ചിത്രവും തീയറ്റർ നിറഞ്ഞോടുകയാണ്. ദിലീപും മഡോണയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.