ഡിജെ എഡ്വേർഡിന് പ്രിയങ്കയുമായി ഒന്നിക്കണം

ബോളിവുഡ് ചിത്രങ്ങളുടെ ആരാധകനാണ് റുമാനിയൻ ഡിജെയായ എഡ്വേർഡ് മായ. അടുത്തിടെ ഇന്ത്യയിലെത്തിയ ഡിജെക്ക് പ്രിയങ്കചോപ്രയുടെ കൂടെ ഗാനം പുറത്തിറക്കാനാഗ്രഹം. ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഡിജെ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. ബോളിവുഡിലെ ഗാനങ്ങൾക്ക് അർഥങ്ങളും കഥകളുമുണ്ട് എന്നാൽ, ഹോളിവുഡിലെ ഗാനങ്ങൾക്ക് അർഥമുള്ള വരികളില്ല എന്നും എഡ് വേർഡ് പറഞ്ഞു. പഴയകാല നടൻ രാജ്കുമാർ മുതലുള്ള ബോളിവുഡ് ചിത്രങ്ങൾ താൻ കാണ്ടിട്ടുണ്ട്. ഷാറൂഖ് ഖാൻ, എ ആർ റഹ്മാൻ എന്നിവരെ വളരെ ഇഷ്ടമാണെന്നും താരം അഭിമുഖത്തിൽ പറഞ്ഞു. മൂന്ന് ഇന്റർനാഷണൽ ഹിറ്റുകൾ പുറത്തിറക്കിയിട്ടുള്ള പ്രിയങ്ക ചോപ്ര മികച്ച ഗായികയാണെന്നും ഒന്നിച്ച് ഗാനം പുറത്തിറക്കാൻ താൽപര്യമുണ്ടെന്നുമാണ് ഡി ജെ എഡ്വർഡ് അഭിമുഖത്തിൽ പറഞ്ഞത്.

2009 ൽ പുറത്തിറക്കിയ സ്റ്റീരിയോ ലൗ എന്ന ഗാനത്തിലൂടെ പ്രശസ്തനായ എഡ് വേർഡ് റുമാനിയയിലെ ഏറ്റവും പ്രശസ്തനായ ഡിജെയാണ്. സ്റ്റീരിയോ ലൗ, ഏഞ്ചൽസ് എന്നിങ്ങനെ രണ്ട് സ്റ്റുഡിയോ ആൽബങ്ങൾ എഡ്വേർഡിന്റേതായി പുറത്തുവന്നിട്ടുണ്ട്. ബോളിവുഡ് നടിയായ പ്രിയങ്ക ചോപ്ര ഇൻ മൈ സിറ്റി എന്ന സിംഗിളിലൂടെയാണ് ഇംഗ്ലീഷ് പോപ്പ് രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അമേരിക്കൻ റാപ്പറായ വിൽ ഐ ആമുമായി സഹകരിച്ച് താരം പുറത്തിറക്കിയ ആദ്യ സിംഗിൾ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു. തുടർന്നു പിറ്റ് ബുള്ളമായി സഹകരിച്ച് എക്സോട്ടിക്ക് എന്ന ഗാനം പുറത്തിറക്കി.

പാട്ടുകാരി എന്ന നിലയിൽ പ്രിയങ്കയ്ക്ക് അന്തർദേശീയ ശ്രദ്ധ നേടിക്കൊടുത്ത ഗാനമായിരുന്നു എക്സോട്ടിക്ക്. അതിന് 1990 കളിൽ ബോണി റയ്ത് പുറത്തിറക്കിയ ഐ ക്യാന്റ് മെയ്ക് യു ലവ് മി എന്ന ഗാനത്തിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നായി തെരഞ്ഞെടുത്തിട്ടുള്ള ഗാനമാണ് ഐ ക്യാന്റ് മെയ്ക് യു ലവ് മി. ഇൻ മൈ സിറ്റി ഇതുവരെ 1.6 കോടി ആളുകളും, എക്സോട്ടിക്ക് 6.3 കോടി ആളുകളും, ഐ ക്യാന്റ് മെയ്ക് യു ലവ് മി 82 ലക്ഷം ആളുകളും ഇതുവരെ യൂട്യൂബിലൂടെ കണ്ടിട്ടുണ്ട്.