ബംഗളൂരിൽ ഡോ. കെ രാധാകൃഷ്ണന്റെ കച്ചേരി

കഥകളിയും കർണ്ണാടക സംഗീതവുമെല്ലാം വഴങ്ങുന്ന കലാകാരനായ ശാസ്ത്രകാരൻ എന്ന വിശേഷണത്തിന് അർഹനാണ് ഐഎസ്ആർഒയുടെ മുൻ ചെയർമാൻ ഡോ കെ രാധാകൃഷ്ണൻ. ബംഗളൂരു അദ്ദേഹത്തിന്റെ കച്ചേരിയിൽ മുഴുകാൻ ഒരുങ്ങുകയാണ്. ബാംഗ്ലൂർ ക്ലബ് ഫോർ കഥകളി ആന്റ് ദ ആർട്ട്‌സിന്റെ ഭാഗമായാണ് അദ്ദേഹം ഇന്ത്യയിലെ സിലിക്കൺ വാലിയിലെത്തുന്നത്. സെപ്റ്റംബർ 13ന് വൈകുന്നേരം അഞ്ച് മണിക്ക് നാഷണൽ ഗ്യാലറി ഓഫ് മോഡേൺ ആർട്ട്‌സ് ഓഡിറ്റോറിയത്തിലാണ് അദ്ദേഹത്തിന്റെ കച്ചേരി നടക്കുക. പ്രമുഖ കാലകാരന്മാരായ ബി രഘുറാം(വയലിൻ), ഗാന കലാശ്രീ ചലുവരാജു(മൃദംഗം), എൻ ഗുരുമൂർത്തി(ഘടം) എന്നിവർ അദ്ദേഹത്തിന് അകമ്പടി നൽകും.

ഇരിങ്ങാലകുടയിൽ ജനിച്ച രാധാകൃഷ്ണൻ ചെറുപ്പത്തിലെ സംഗീതവും നൃത്തവും അഭ്യസിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ വിജയഭാനു മഹിളാസമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ നൃത്തക്ലാസ്സിൽ നിന്ന് നൃത്തം പഠിച്ചിട്ടുള്ള കെ രാധാകൃഷ്ണൻ നാഷണൽ ഹയർസെക്കണ്ടറി സ്‌ക്കൂളിൽ പഠിക്കുമ്പോൾ കേരളനടത്തിലൂടെയാണ് കലാരംഗത്ത് ചുവടുറപ്പിക്കുന്നത്. പഠനത്തോടൊപ്പം കലാരംഗത്തേക്കും രാധാകൃഷ്ണൻ മികവുപുലർത്തി. കലാനിലയം രാഘവൻ, പള്ളിപ്പുറം ഗോപാലനാശാൻ, എം.എൻ കരുണാകരൻ പിള്ള എന്നിവരുടെ കീഴിൽ കഥകളിയും അദ്ദേഹം അഭ്യസിച്ചിട്ടുണ്ട്. നളചരിതം ഒന്നാം ദിവസത്തിലെ ദമയന്തി, കൂടൽമാണിക്യത്തിലെ പരശുരാമൻ എന്നിവയിലെ വേഷങ്ങൾ കൂടാതെ കല്ല്യാണസൗഗന്ധികം, ദക്ഷയാഗം, ഉത്തരാസ്വയംവരം, സന്താനഗോപാലം എന്നിവയിൽ വിവിധ വേഷങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചെമ്പൈ സംഗീതോത്സവത്തിൽ കച്ചേരി അവതരിപ്പിക്കുന്ന കെ രാധാകൃഷ്ണൽ നിരവധി വേദികളിൽ കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലേയും കർണ്ണാടകത്തിലേയും തനതു കലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആറ് വർഷം മുമ്പ് സ്ഥാപിച്ചതാണ് ബാംഗ്ലൂർ ക്ലബ് ഫോർ കഥകളി ആന്റ് ദ ആർട്ട്‌സ്. കേരളത്തിൽ യക്ഷഗാനത്തിന്റേയും ബംഗളൂരുവിൽ കഥകളിയുടേയും നിരവധി പരിപാടികൾ ബാംഗ്ലൂർ ക്ലബ് ഫോർ കഥകളി ആന്റ് ദ ആർട്ട്‌സ് നടത്തിയിട്ടുണ്ട്.

ചിത്രങ്ങൾക്കു കടപ്പാട്: ഫേസ്ബുക്ക്