ഗിന്നസിൽ കയറിയ ഗിത്താർ

ഗിത്താർ എങ്ങനെ ഗിന്നസ് ബുക്കിൽ ഇടം പിടിച്ചു എന്നല്ലേ...? എങ്കിൽ കേട്ടോളു വിലകൊണ്ടാണ് ഈ ഗിത്താർ റെക്കോർഡ് സൃഷിടിച്ചത്. 2 ദശ ലക്ഷം ഡോളറാണ് (12.74 കോടി രൂപ) ഇതിന്റെ വില. ലോകത്തിലെ ഏറ്റവും വിലയുള്ള ഗിത്താർ എന്ന പേരിൽ ഗിന്നസ്ബുക്കിൽ കയറിയ ഈ ഗിത്താറിന്റെ പേര് ഏദൻ ഓഫ് കോറോനെറ്റെന്നാണ്. 11,441 ഡയമണ്ടുകളും (401.15 കാരറ്റ്) 1.6 കിലോ വൈറ്റ്ഗോൾഡ്കൊണ്ടുമാണ് ഗിത്താർ നിർമ്മിച്ചിരിക്കുന്നത്. പ്ലാറ്റിനത്തിൽ നിർമ്മിച്ച് വജ്രം പതിച്ചിരിക്കുന്ന ഗിത്താർ ഡിസൈനറും പാട്ടെഴുത്തുകാരനുമായ മാർക്ക് ലൂയിയും ആരോൺ ഷം ജ്വല്ലറിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ച ഗിത്താർ 68 ആളുകളുടെ 700 ദിവസത്തെ അധ്വാനത്തിന്റെ ഫലമായാണ് നിർമ്മിച്ചിരിക്കുന്നത്. സ്വർണ്ണവും വജ്രവും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്ന് കരുതി ഇതിൽ സംഗീതമില്ലെന്ന് കരുതരുത്. പൊതുവേയുള്ള ഗിത്താറുകളെപ്പോലെ തന്നെ ഇത് ഉപയോഗിക്കാൻ പറ്റുമോ എന്ന് പരിശോധിച്ചിട്ടാണ് ഗിന്നസ് അധികൃതർ ഇവനെ ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള ഗിത്താറായി പ്രഖ്യാപിച്ചത്. ലോകപ്രശസ്ത ഗിത്താർ നിർമ്മാതാക്കളായ ഗിബ്സണിന്റെ സ്ഥാപകനും സംഗീതജ്ഞനുമായ ലെസ് പോൾ 1953 ൽ നിർമ്മിച്ച ബ്ലാക്ക് ബ്യൂട്ടിയും, ബീറ്റിൽസ് താരം ജോൺ ലിനോൺ ഉപയോഗിച്ച ഗിത്താറുമായിരുന്നു ഇതിനു മുമ്പ് ഏറ്റവും വില പിടിച്ച ഗിത്താറുകൾ.