ജിത്തു തിരഞ്ഞെടുപ്പ് പാട്ടുകളുടെ തമ്പുരാൻ

തിരഞ്ഞെടുപ്പ് പാട്ട് വേണമെന്നാവശ്യപ്പെട്ട് ജിത്തു തമ്പുരാന്റെയടുത്ത് ചെന്നാൽ കടുപ്പത്തിലൊരു ചായകുടിച്ചു വരാൻ പറയും. അവസാനത്തെ കവിളും കഴിഞ്ഞ് ഗ്ലാസ് താഴെവയ്ക്കും മുൻപ് പാട്ട് റെഡി. ഏതു ടൈപ്പു പാട്ടും ജിത്തുവിന്റെ പേനത്തുമ്പിലുണ്ട്. കടുപ്പത്തിലുള്ളത്, ലൈറ്റ്, അടിച്ചത്, പതയുന്നത് തുടങ്ങി എല്ലാം..വയനാട്ടിലെ സ്ഥാനാർഥികളായ ഒ.ആർ.കേളു, പി .കെ.ജയലക്ഷ്മി, സി.കെ.ശശീന്ദ്രൻ, എം.വി.ശ്രേയാംസ്കുമാർ എന്നിവരുടെ ഹിറ്റ് ‌തിരഞ്ഞെടുപ്പു ഗാനങ്ങളെല്ലാം എഴുതിയതു കുപ്പാടിത്തറ സ്വദേശി ജിത്തു തമ്പുരാനാണ്. വയനാടിനു പുറത്തുള്ള സ്ഥാനാർഥികൾക്കായും തിരഞ്ഞെടുപ്പു പാട്ടുകൾ എഴുതി. 

പാട്ടെഴുത്ത് ജിത്തു തമ്പുരാന്റെ പുതിയ പരിപാടിയല്ല. ഏറെക്കാലമായി ഗാനരചനാരംഗത്ത് സജീവമാണ്. കവിതകൾ മുതൽ സിനിമാഗാനങ്ങൾ വരെയുണ്ട്. സമൂഹത്തിലെ ദുഷ്പ്രവണതകളെ പരിഹസിക്കുന്ന കവിതകളും ഗദ്യകവിതകളും എഴുതി. അതേസമയം തന്നെ ഭക്തിയും വിശ്വാസവും നിറയുന്ന ഗാനങ്ങളും ഇദ്ദേഹത്തിന്റെ തൂലികയിൽ പിറന്നു. ക്രിസ്ത്യൻ, മുസ്‌ലിം, ഹിന്ദു ഭക്തിഗാന സിഡികൾ പുറത്തിറക്കി.

ഇതിനു മുൻപും പല തിരഞ്ഞെടുപ്പുകളിലും ജിത്തു പാട്ടുകൾ എഴുതിയിട്ടുണ്ട്. സിനിമാപാട്ടുകളുടെ പാരഡി രൂപത്തിലുള്ളവയ്ക്കാണ് ആവശ്യമേറെ. മാപ്പിളപ്പാട്ട്, നാടൻപാട്ട് എന്നിവയുടെ ചുവടു പിടിച്ചുള്ള പാട്ടുകളും ഉണ്ട്. വയനാട്ടിലെ കൊച്ചു പട്ടണങ്ങളിൽ പോലും റിക്കോർഡിങ് സ്റ്റുഡിയോ സജീവമായതോടെയാണ് തിരഞ്ഞെടുപ്പ് ഗാനശാഖ ഇത്രയും സജീവമായത്. കുപ്പാടിത്തറ ചൾക്കാര ശ്രീഗിരിയിൽ തെക്കിനി മാനിയിൽ നാരായണിക്കുട്ടി അക്കമ്മയുടെയും പരേതനായ നിങ്കിലേരി പൊന്നടത്തുപറമ്പ് ഗോവിന്ദൻ കുട്ടിയുടെയും മകനായ ജിത്തു തമ്പുരാനു വ്യക്തമായ രാഷ്ട്രീയം ഉണ്ടെങ്കിലും പാട്ടെഴുത്തിൽ അതു കാണിക്കാറില്ല. രാഷ്ട്രീയം വേറെ, തൊഴിൽ വേറെ, പാട്ടുവേറെ എന്നതാണു ലൈൻ.

ജിത്തു തമ്പുരാന്റെ ചില തിരഞ്ഞെടുപ്പ് പാരഡി പാട്ടുകളും യഥാർഥ പാട്ടു വന്ന സിനിമകളും

വാക്ക്, വികസനനേര്, വീണ്ടും കേൾക്കുന്നില്ലേ (ആക്‌ഷൻ ഹീറോ ബിജു)

പച്ചപ്പിൻ നാട്ടിലെ, കൽപറ്റ മണ്ഡലം (ബാഹുബലി)

വയനാടൻ മലമേട്ടിൽ, അലതല്ലും ദുരിതങ്ങൾ (മഹേഷിന്റെ പ്രതികാരം)

എൽഡിഎഫിന്റെ ചെങ്കൊടിക്കീഴിലെ മുത്താണല്ലോ ഈ കേളുവേട്ടൻ(അമർ, അക്ബർ, അന്തോണി)