പൊലീസിനിട്ടു കൊട്ടി ഒരു കലക്കൻ പാട്ട്

മുടി നീട്ടി വളർത്തിയാൽ മാവോയിസ്റ്റാകുമോ എന്ന ചോദ്യം കുറച്ചു കാലങ്ങൾക്കു മുൻ‌പ് ഒരു ഗായകന് ചോദിക്കേണ്ടി വന്നിരുന്നു പൊലീസിനോട്. സദാചാരത്തിന്റെ മുഷ്ടി ചുരുട്ടി ഇതുപോലെ ഭരണകൂടം എത്തുന്നതിന് ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ നമ്മൾ പലവട്ടം സാക്ഷികളായി. ആ സാഹചര്യങ്ങളോടുള്ള മറുപടിയാണ് ഈ പാട്ടിലുള്ളത്. ഒരു മെക്സിക്കൻ അപാരത എന്ന സിനിമയിലെ രണ്ടാം ഗാനമാണിത്. ആദ്യ പാട്ടു പോലെ ഇതും വിപ്ലവാത്മകം. 

ഏമാൻമാരെ ഏമാൻമാരേ 

ഞങ്ങളുമുണ്ടേ ഇവന്റെ കൂടെ...എന്നു തുടങ്ങുന്ന പാട്ട് എഴുതിയതും ഈണമിട്ടതും രഞ്ജിത് ചിറ്റാടെയാണ്. പാടിയത് ഷെബിൻ മാത്യുവും. ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തിലെ വിദ്യാർഥി രാഷ്ട്രീയത്തിന്റെ നാൾവഴികളിലൂടെയുള്ള യാത്രയാണ്. അനൂപ് കണ്ണനാണ് നിർമ്മാണം. ടൊവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. 

വസ്ത്രവും ഭക്ഷണവും യാത്രാ സ്വാതന്ത്രവും അടക്കമുള്ള അടിസ്ഥാന അവകാശങ്ങളിൽ പോലും ഭരണകൂടം കൈകടത്തുന്ന അസ്വാസ്ഥ്യകരമായ അവസ്ഥയ്ക്ക് നമ്മൾ നിരന്തരം സാക്ഷികളാകുകയാണ്. വികലമായ ആ നടപടികളോടുള്ള ചോദ്യമാണ് ഈ പാട്ടിലുള്ളത്. ഒരു ജനത ചോദിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ പാട്ടു രൂപം. സാമൂഹിക യാഥാര്‍ഥ്യങ്ങളോടു ചേർന്നു നിൽക്കുന്ന ഗാനം അതുകൊണ്ടു പ്രിയപ്പെട്ടതാകുകയും ചെയ്തു.