യൂസഫലികേച്ചേരി പുരസ്കാരവുമായി അബു പാറത്തോട്

അബു പാറത്തോട്

ലോകത്തെക്കുറിച്ച് ജീവിതത്തെക്കുറിച്ച്, കാലത്തെക്കുറിച്ച് ബേജാറായി ആധുനിക ജീവിതത്തിലെ തീഷ്ണഭാവങ്ങളെ കവിതയിലൂടെ പകർത്തിയ കവി അബു പാറത്തോടിന്റെ ‘ബേജാറ്’ എന്ന കവിതാ സമാഹാരത്തിന് പ്രഥമ യൂസഫലി കേച്ചേരി പുരസ്കാരം ലഭിച്ചു.

തൃശൂർ ശ്രുതിലയം നൽകുന്ന പ്രഥമ യൂസഫലി കേച്ചേരി പുരസ്കാരം തന്നിലുള്ള കവിയുടെ ഉത്തരവാദിത്വം വർധിപ്പിച്ചുവെന്ന് അബു പാറത്തോട് ഹത്തയിൽ പറഞ്ഞു. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിയായ അൻവർഷായുടേയും റജീനാ ബീവിയുടേയും മകനായ അബു പാറത്തോട് ഹത്തയിൽ ഫാർമിസ്റ്റ് ആയി ജോലി ചെയ്യുകയാണ്. ഒത്തിരി മോഹം ഒത്തരി സ്വപ്നം എന്ന പേരിൽ അബു എഴുതി പുറത്തിറങ്ങിയ ഓഡിയോ സിഡി കൂടുതൽ ജനപ്രീതി നേടിയിരുന്നു. തുടർന്ന് നിരവധി അയ്യപ്പഭക്തിഗാന സിഡികൾക്ക് വേണ്ടിയും ക്രിസ്തീയ ഭക്തിഗാന ഓഡിയോ സിഡികൾക്ക് വേണ്ടിയും അബു പാറത്തോട് ഗാനങ്ങൾ എഴുതി. അതും ശ്രദ്ധേയമായതോടെ അബു സിനിമാ ഗാനരചനാ രംഗത്തും ചുവടുകൾ വയ്ക്കുകയാണ്. ഏഴു ദേശങ്ങൾക്കുമകലെ എന്ന ചിത്രത്തിന് ശേഷം റാഷിദ് മൊയ്തു സംവിധാനം ചെയ്യുന്ന ഫൈനൽ ബെൽ എന്ന ചിത്രത്തിന്റെ ഗാനരചന നിർവഹിക്കാൻ അബു പാറത്തോടിന് അവസരം ലഭിച്ചു കഴിഞ്ഞു.

യൂസഫലി കേച്ചേരി, ഒ എൻ വി തുടങ്ങിയ മഹാന്മാരായ കവികളുടെ പുറകേ ആരാധനകളോടെ നടന്ന ഒരു കാലമുണ്ട് അബുവിന്. ഇവരെപോലെ കവിത എഴുതണമെന്ന് സ്വപ്നം കണ്ട അബു ഈ കവികളുടെ പാതയിലൂടെ മുന്നേറുകയാണ്.

യൂസഫലി കേച്ചേരിയുടെ പേരിലുള്ള പ്രഥമ പുരസ്കാരം എനിക്കു തന്നെ ഊർജം വലുതാണ് അതെന്നെ മുന്നോട്ടു നയിക്കും. അബു പാറത്തോട് പറയുന്നു. എഴുത്തിന്റെ ഭ്രാന്തിൽ ബി.ഫാം പഠനം സ്തംഭിച്ചു പോയ ഒരു ഭൂതകാലം അബു പാറത്തോടിനുണ്ട്. അന്ന് വലുതും ചെറുതും ആയ ഒരു ചാക്ക് കെട്ട് കവിതകൾ അബു എഴുതികൂട്ടി. ബാപ്പായ്ക്ക് അത് കണ്ട് കലി വന്നു. തനിക്ക് രണ്ട് മക്കൾ വേറെ ഉണ്ടെന്നും അതുകൊണ്ട് ഈ കവിതകൾ താൻ കത്തിക്കുമെന്നും ബാപ്പ ഭീഷണിപ്പെടുത്തി. പിന്നെ തന്റെ സ്വപ്നവും പ്രാണനുമായ കവിതകൾ അബു കണ്ടിട്ടില്ല. അതോടെ കവിത എഴുത്ത് നിർത്തി പഠനത്തിൽ ശ്രദ്ധിക്കാൻ തീരുമാനിച്ചു. അതിന്റെ ഗുണവുമുണ്ടായി. നല്ല മാർക്കോടെ അബു പരീക്ഷ പാസായി. അന്ന് പിതാവ് സ്നേഹത്തോടെ അബുവിന്റെ അടുത്ത് വന്നിരന്ന് ചോദിച്ചു. അന്ന് നിന്റെ കവിതകൾ ഞാൻ കത്തിച്ചു കളഞ്ഞുവെന്ന് കരുതുന്നുണ്ടോ? അബു മിണ്ടാതിരുന്നപ്പോൾ പിതാവ് അകത്തെ മുറിയിലേക്ക് അബുവിനെ കൂട്ടിക്കൊണ്ട് പോയി. പിന്നെ മച്ചിലേക്ക് കയറി, കവിത സൂക്ഷിച്ചിരുന്ന ചെറിയ ചാക്കുകെട്ട് താഴേക്കിട്ടു. ‘ നിന്റെ കവിതകൾ അതിലില്ലേയെന്ന് നോക്കൂ’ പിതാവ് അത് പറഞ്ഞപ്പോൾ അബുവിന്റെ കണ്ണ് നിറഞ്ഞുപോയി. അബു പിതാവിനെ കെട്ടിപ്പിടിച്ചു കരഞ്ഞുപോയി. അപ്പോൾ പിതാവ് പറഞ്ഞ ഒരു വാക്കുണ്ട്. ‘ ഇനിയും നീ എഴുതണം ഒരുപാടൊരുപാട്. ഉള്ളിൽ മരുന്നുണ്ടെങ്കിൽ വെടി എപ്പോൾ വേണമെങ്കിലും പൊട്ടിക്കാം.’ ഈ വാക്കുകൾ അബുവിന്റെ ജീവിതത്തിൽ അർഥവത്തായി എന്നതാണ് സത്യം. ഒരു ഫാർമിസ്റ്റായ അബുവിന്റെ ചുറ്റും ഇന്ന് അനേകം മരുന്നുകൾ. അബുവിന്റെ ഉള്ളിലും മരുന്നുകൾ. ബേജാറ് പിടിച്ച മരുന്നുകൾ. എഴുത്ത് അബുവിന് ഒരേ സമയം രോഗവും മരുന്നുമായിരിക്കുന്നു.

അബുവിനെ സ്വന്തം കാലിൽ നിൽക്കുവാൻ പ്രാപ്തനാക്കാൻ, കവിത അടങ്ങിയ ചാക്ക്കെട്ടുമായി മച്ചിലേക്ക് കയറിപ്പോയ പിതാവിനെ സ്മരിച്ചുകൊണ്ട് അബു പാറത്തോട് ഇപ്പോഴും എഴുതിക്കൊണ്ടേയിരിക്കുന്നു.