മനം നിറയ്ക്കും ധ്യാനനാദമായി ആത്മാവിന്റെ സംഗീതം

ധ്യാനത്തിനുള്ള സംസ്കൃത ശ്ലോകങ്ങളുടെ സംഗീതാവിഷ്ക്കാരത്തിനായി തൃശൂർ പുത്തൻപള്ളിയിൽ പ്രതിധ്വനി പകർത്തുന്ന സംഗീത സംവിധായകൻ ഫ്രാങ്കോ. സജി ആർ നായർ, വില്യം ഫ്രാൻസിസ് എന്നിവർ സമീപം.

പരിശുദ്ധ വ്യാകുലമാതാവിൻ ബ‌സിലിക്കയിലെ (പുത്തൻപള്ളി) ചുമരുകളിൽ ഓളം വെട്ടിയ സംഗീതം അവർ മൈക്കുകൾ വച്ചു പിടിച്ചെടുത്തു. സംസ്കൃതത്തിലുള്ള വരികളും നൂറുകണക്കിനു സംഗീതോപകരണങ്ങളിൽ നിന്നുള്ള സംഗീതവും പ്രതിധ്വനിക്കവെ ന്യൂ ജനറേഷൻ സംഗീതത്തിലെ അമരക്കാരിലൊരാളായ ഫ്രാങ്കോ അൾത്താരയ്ക്കു സമീപം കണ്ണുകൾ അടച്ചു കൂപ്പുകൈകളോടെ നിന്നു.

ഇടിമുഴക്കമുള്ള ശബ്ദവും വെളിച്ചവും പുകയുമുള്ള വേദികളിൽ ആടിത്തിമിർക്കുന്നത് ഈ ചെറുപ്പക്കാരൻ തന്നെയാണോ എന്നു സംശയം തോന്നുന്ന സമയം. ഇതേ ഫ്രാങ്കോയുടെ ‘ എന്തണ്ടാ ക്ടാവേ’ എന്ന പാട്ട് ഇപ്പോഴത്തെ ന്യൂജെൻ ഹിറ്റാണ്.

വിശ്വാസികൾക്കു ധ്യാനനിരതരായി ഇരിക്കാനായി തയാറാക്കിയ സംഗീതത്തിനു വേണ്ടിയാണ് പള്ളിയിലെ ചുമരുകളിൽ നിന്നുള്ള പ്രതിധ്വനി റിക്കോർഡ് ചെയ്തത്. പള്ളിക്കകത്തെ അന്തരീക്ഷം അതേ പടിപകർത്താനായി വിദേശത്ത് ഈ രീതി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇന്ത്യയിൽ അപൂർവമാണ്.

ധ്യാനത്തിനായി ഇതുപയോഗിക്കുമ്പോൾ മനസിൽ ആത്മീയ പ്രതിധ്വനി പ്രതിഫലിക്കാൻ വേണ്ടിയാണിതു ചെയ്യുന്നത്. ഗോത്തിക് ശൈലിയിൽ നിർമിച്ച വ്യാകുലമാതാവിൻ പള്ളി ഇത്തരം ശബ്ദ പ്രതിഫലന ഗുണത്തോടെ നിർമിച്ച പള്ളിയാണ്. പള്ളിയുടെ ഏതു ഭാഗത്തിരുന്നാലും ഒരു പോലെ സംഗീതം കേൾക്കുന്ന തരത്തിലാണു ഇവിടത്തെ ശബ്ദ വിന്യാസം നിർമാണത്തിൽത്തന്നെ ഇതുറപ്പാക്കിയിട്ടുണ്ട്.

ഡോ. കെ.യു ചാക്കോ എഴുതിയ യേശു സുപ്രഭാതം, ജീസസ് സഹസ്രനാമം എന്നീ സംസ്കൃത പുസ്തകങ്ങളിൽ നിന്നാണ് ധ്യാനത്തിനുള്ള എട്ടുശ്ലോകങ്ങൾ തിരഞ്ഞെടുത്തത്. ഇതിനു ഫ്രാങ്കോ സംഗീതം നൽകി. ഭാരതീയ സംഗീതധാരയിൽ ഉറച്ചുനിന്നാണു താൻ സംഗീതം നൽകിയതെന്നു ഫ്രാങ്കോ പറഞ്ഞു. "സംഗീതം പഠിക്കാത്ത എന്നെ ഇവിടെവരെ എത്തിച്ചതു ദൈവമാണ്. അതുകൊണ്ടു തന്നെ നാലു വർഷത്തിലേറെയായി ഞാനീ സമർപ്പണത്തിനു തയാറെടുക്കുന്നു"- ഫ്രാങ്കോ പറഞ്ഞു. മനസിനെ സംഗീതത്തിലൂടെ സമാധാനിപ്പിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഇതുപയോഗിക്കാം. സംസ്കൃതം ധ്യാന സംഗീതത്തിന് ഏറ്റവും ഉതകുന്ന ഭാഷയായതിനാൽ അതുപയോഗിച്ചുവെന്നു ഫ്രാങ്കോ പറഞ്ഞു. ജനുവരിയോടെ ഇതു ജനങ്ങളിലെത്തും.

ദൈവം നിന്റെ കൂടെയാണ് എന്നർഥം വരുന്ന മോറൻ അമേഖ് എന്ന അരമായ വാക്കാണ് ഈ ധ്യാന സംഗീതത്തിന്റെ പേര്. ബൈബിൾ രചിച്ചത് അരമായ ഭാഷയിലാണ്. പ്രശസ്ത സംഗീതജ്ഞനായ ഔസേപ്പച്ചൻ, വയലിനിസ്റ്റ് ഭവ്യലക്ഷ്മി, കീബോർഡ് വിദഗ്ധൻ വില്യം ഫ്രാൻസിസ് തുടങ്ങിയ പ്രമുഖരുടെ നിരയാണ് പിന്നണിയിൽ അണിനിരന്നിരിക്കുന്നത്. ക്വയർ ഗായകനായ അമൽ ആന്റണിയാണ് ഗായകരെ നയിച്ചത്. സജി ആർ നായർ റെക്കോർഡിങ് നിർവഹിച്ചു.