ഷോർട്സും വേണ്ട, ഫേസ്ബുക്കും വേണ്ട...

എംബിഎ വിദ്യാഭ്യാസ യോഗ്യത, ആറടി ഉയരം, വെളുത്ത നിറം... ഈ ഗുണകണങ്ങളെല്ലാമുണ്ട് കഥാനായികയായ അമ്മയുടെ മകന്. അവന് കല്യാണം കഴിക്കുവാനൊരു പെണ്ണിനെ വേണം. അവൾക്ക് ചില യോഗ്യതകളൊക്കെ അത്യാവശ്യമാണ്. അതിലൊരു മാറ്റവുമില്ല. അമ്മ പറയുകയാണ് അതെന്തെല്ലാമെന്ന്...

മദ്രാസ് ഐഐടിയിലെ മൂന്ന് മിടുക്കികൾ തയ്യാറാക്കിയ, യൂട്യൂബിൽ തരംഗമായ സംഗീത വിഡിയോയിൽ നിന്നുള്ള ഭാഗങ്ങളാണിത്. യാഥാസ്ഥിതിക മനോഭാവമുള്ള ഒരു അമ്മ തന്റെ മകനായി പെൺകുട്ടിയെ അന്വേഷിക്കുമ്പോൾ പറയാറുള്ള കാര്യങ്ങളൊക്കെയെന്താണെന്ന് വിവരിക്കുകയാണ് ബീ ഔർ പൊണ്ടാട്ടി എന്നു പേരിട്ട ഈ വി‍ഡിയോയിലൂടെ. വൈവാഹിക പരസ്യങ്ങളിലെ വാചകങ്ങൾ ഉൾക്കൊണ്ടാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. അറേഞ്ച്‍ഡ് മാര്യേജിനെ രൂക്ഷമായി വിമർശിക്കുന്ന തകർപ്പൻ വിഡിയോ. അസ്മിത ഘോഷ്, അനുകൃപ ഏലങ്കോ, കൃപാ വർഗീസ് എന്നിവരാണ് വിഡിയോയ്ക്ക് പിന്നിൽ.

സത്യത്തിൽ എന്തെങ്കിലുമൊരു വിപ്ലവകരമായ കാര്യം ചെയ്തേക്കാമെന്നൊന്നും കരുതിയല്ല ഈ മൂവർ സംഘം ഇത്തരത്തിലൊരു വിഡിയോയിലേക്കെത്തിയത്. ഒരു പാരഡി സോങ് മത്സരത്തിനയയ്ക്കുവാൻ തിരക്കിട്ട് തയ്യാറാക്കിയ വിഡിയോയാണിത്. പക്ഷേ യുട്യൂബിൽ എത്തിയതോടെ സംഗതി തരംഗമാകുകയായിരുന്നു. കാര്‍ലി റേ ജെപ്സണിന്റെ സൂപ്പർ ഹിറ്റ് ഗാനം കോൾ മീ മേബീയുടെ പാരഡിയാണിത്.

വൻ ഗ്രാഫിക്സുകളോ ദൃശ്യങ്ങളോ വിഡിയോലില്ല. പട്ടുസാരിയുടുത്ത് മൂക്കിന്റെ തുമ്പത്തൊരു കണ്ണടയും വച്ച് ഒരു കസേരയിലിരുന്നു സംസാരിക്കുകയാണ് അമ്മായി. മരുമകൾക്ക് വേണ്ട യോഗ്യതകൾ ഇങ്ങനെ; ഫെയ്സ്ബുക്ക് പാടില്ല, ഷോർട്സ് അ‌ണിയരുത്, ഒത്ത വൃത്താകൃതിയിൽ ചപ്പാത്തിയുണ്ടാക്കാനറിയണം, രുചികരമായ സാമ്പാർ വട ഉണ്ടാക്കുവാൻ അറിഞ്ഞിരിക്കണം.

പെൺകുട്ടിക്ക് വേണ്ട യോഗ്യതകളെക്കുറിച്ച് വർണിക്കുന്നതിനിടയിലും അമ്മായി ഒരു കാര്യം സമ്മതിക്കുന്നുണ്ട്. തന്റെ മകന്റെ ജീവിതത്തിലേക്ക് കടന്നുവന്നാൽ പിന്നെ പെൺകുട്ടിക്ക് സ്വന്തമായൊരു ലൈഫ് ഉണ്ടാകില്ല. കാരണം അവളുടെ ജീവിതം അവനിലേക്ക് ഒതുക്കി‌നിർത്തേണ്ടതുണ്ട്. ആകെയുള്ളൊരു ഔദാര്യം പാർട് ടൈം ജോലിക്ക് പോകാമെന്നുള്ളതാണ്. പക്ഷേ കൃത്യം അഞ്ച് മണിക്ക് മുൻപേ വീട്ടിലെത്തിയിരിക്കണം. കാലം ഇത്രയേറെ കഴിഞ്ഞിട്ടും തീർത്തും യാഥാസ്ഥിതിക മനോഭാവത്തോടെ വിവാഹത്തെ കാണുന്ന സാമൂഹിക ചിന്താഗതികളെയാണ് വിഡിയോയിലൂടെ തുറന്നുകാട്ടുന്നത്. കൃപയാണ് അമ്മായിയമ്മയായി വേഷമിട്ടിരിക്കുന്നത്. ഏപ്രിൽ നാലിന് യുട്യൂബിലെത്തിയ ഈ സിമ്പിൾ ആന്‍ഡ് പവർഫുൾ വിഡിയോ രണ്ടു ലക്ഷത്തോളം ആളുകളാണ് ഇതിനകം കണ്ടത്.