എന്റെ പേരിൽ പ്രമുഖ പാർട്ടി പ്രചരിപ്പിക്കുന്നത് വ്യാജ പോസ്റ്റർ: ഗായത്രി

തിരഞ്ഞെടുപ്പിലും താരങ്ങളാണ് താരങ്ങള്‍. ചിലർ മത്സരിക്കുന്നു, ചിലര്‍ മൽസരിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നു. അതേത്തുടർന്നുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നു. എന്നാൽ മറ്റു ചിലരുടെ കാര്യമാണ് കഷ്ടം. അവർ പോലുമറിയാതെയാണ് അവരുെട ചിത്രം പ്രമുഖ പാർട്ടി തങ്ങളുടെ പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത്. അതിലൊരാളാണ് പാട്ടുകാരി ഗായത്രി. ഇതിനെതിരെ ഗായത്രി തന്നെ നേരിട്ട് രംഗത്തെത്തി.

ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ല താനെന്ന് ഗായത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തന്റെ അനുവാദം കൂടാതെയാണ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. വാട്സ് ആപ്പിലും ഫെയ്സ് ബുക്കിലും താൻ വോട്ട് അഭ്യർഥിക്കുന്നു എന്ന് കാണിച്ച് പ്രചരിക്കുന്ന പോസ്റ്റുകളുമായി ഒരു ബന്ധവുമില്ല. ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നവർ ഇതിൽ നിന്ന് പിന്തിരിയണമെന്നും ഗായത്രി ആവശ്യപ്പെട്ടു.

ഗായത്രി മാത്രമല്ല, നടൻ നീരജ് മാധവും പൃഥ്വിരാജുമെല്ലാം ഇത്തരം വ്യാജ പ്രചരണങ്ങളുടെ ഇരകളാണ്. ഇരുവരും ശക്തമായ ഭാഷയിൽ ഇതിനകം തന്നെ മറുപടി പറഞ്ഞു കഴിഞ്ഞു.

ചലച്ചിത്ര ഗാനങ്ങൾക്കു പുറമേ ഗസലുകളും ഭജന്‍സും ഹിന്ദുസ്ഥാനി സംഗീതവുമായി പാട്ടുലോകത്തെ നിറസാന്നിധ്യമാണ് ഗായത്രി. 2003ൽ സസ്നേഹം സുമിത്ര എന്ന ചിത്രത്തിലെ എന്തേ നീ കണ്ണാ എന്ന ഗാനം പാടി മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടിട്ടുണ്ട്.