ചങ്കരൻ പിന്നേം തെങ്ങിലായിരിക്കാം പക്ഷേ...ഏറ്റുപാടാം ഗോഡ്സേയിലെ ഈ കള്ളുപാട്ട്

ചങ്കരൻ പിന്നേം തെങ്ങിൽ തന്നെയെന്നു പറയാറില്ലേ. നമ്മളുടെ ചില നേരത്തെ സ്വഭാവം കാണുമ്പോൾ വീട്ടുകാരും ചില അനുഭവങ്ങൾ കിട്ടുമ്പോൾ നമ്മൾ സ്വയവും പറയാറുള്ള പ്രയോഗം. പക്ഷേ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? തെങ്ങിൽ കയറിയിരിക്കാറുള്ള ശങ്കരൻ പലപ്പോഴും നാട്ടിലെ പച്ചപ്പരമാർഥങ്ങൾ വിളിച്ചു കൂവിടിയിട്ടുണ്ട്. ദാ ഈ പാട്ടുപോലെ. ഗോഡ്സേ എന്ന ചിത്ര‌ത്തിലെ ഈ പാട്ട് അക്കൂട്ടത്തിലുള്ളതാണ്. കുടിക്കുമ്പോൾ നമ്മളുടെ മനസിലുള്ളതെല്ലാം അറിയാതങ്ങു പുറത്തുവന്നോളും എന്നു പറയുന്നതുപോലെയാണീ പാട്ടും. അനിൽ പനച്ചൂരാൻ-ബിജിബാൽ കൂട്ടുകെട്ടിൽ നിന്നു വീണ്ടുമെത്തിയ പാട്ടിന് സ്വരം സന്നിധാനന്റേതാണ്. 

പായ്ക്കറ്റ് അച്ചാറ് പൊട്ടിച്ച് നക്കി, ബിവറേജസിൽ ക്യൂ നിന്ന് വാങ്ങിയ സാധനം വായിലേക്കൊഴിച്ച് ഇടയ്ക്കിത്തിരി ഇഡ്ഢലിയും നക്കിത്തിന്ന് ആരംഭിക്കുന്ന ജീവിതങ്ങൾ ചേർന്നു പാടുന്ന പാട്ടിന്റെ പേര് ചങ്കരൻ എന്നാണ്. കുളിക്കാൻ മടിയുള്ള സദാ കള്ളുകുടിക്കുന്ന ആകാശവാണി അനൗൺസറായി വിനയ് ഫോർട്ട് കലക്കുന്നു. ഇതുവരെ സിനിമകളിൽ കുറച്ചു നേരമേയുളളൂവെങ്കിലും നമ്മുടെ മനസു തൊട്ട ചില നടൻമാരുണ്ടല്ലോ. അവരാണീ പാട്ടിലെ ഹൈലൈറ്റ്. ഒരു ലോഡ്ജിൽ താമസിക്കുന്ന കുറേ കുടിയൻമാരുടെ കുത്തഴിഞ്ഞ ജീവിതം കാണിച്ചു തരുന്ന പാട്ട് പക്ഷേ, നാടൻ‌ കള്ളു പോലെ കിടിലൻ. നമ്മൾ ഏറ്റുപാടിപ്പോകുന്നൊരു നാടൻ പാട്ട്. 

വരികൾ യാഥാർഥ്യ ബോധത്തോടെ കുറിച്ചിരിക്കുന്നതിനാൽ മനസിലേക്കത് എളുപ്പം കയറിക്കൂടും എന്നുപറയും. നേരു പറഞ്ഞൂടാ നാട്ടാരുടെ നെറ്റി ചുളിഞ്ഞീടും എന്നും ശങ്കരൻ എന്നത് തെങ്ങിൽ കയറുന്ന ശങ്കരൻ മാത്രമല്ല ആദി ശങ്കരൻ മുതൽ ഇഎംഎസ് നമ്പൂതിരിപ്പാടു വരെ നിരവധി പേരുണ്ടെന്നും പറയുന്ന വരികൾ. ഷെറിയാണ് ഗോഡ്സേയുടെ സംവിധാനം. ചിത്രത്തിൽ ആകെ ഈ ഒരു ഗാനമേയുള്ളൂ.