സംഗീതമാന്ത്രികന് കാലം കാത്തുവെച്ച ഡൂഡിൽ

അലസമായ മുടിയും മുഷിഞ്ഞ വസ്ത്രങ്ങളും കിറുങ്ങിയ കണ്ണുകളുമായി ഒരു പിയാനോക്ക് മുന്നിലിരുന്ന് ലോകത്തെ നോക്കുന്ന ഒരു മനുഷ്യൻ. കാലം നോക്കി നിൽക്കുന്ന പ്രതിഭയാണിദ്ദേഹം. നൂറ്റാണ്ടിലൊരിക്കലൊരിക്കൽ സംഭവിക്കുന്ന അത്ഭുതം. ആ അത്ഭുതത്തിന്റെ പേര് ബീഥോവൻ എന്നാണ്. സംഗീതത്തിന്റെ പ്രണയസ്വരങ്ങള്‍കൊണ്ട് സിംഫണികളൊരുക്കിയ ബീഥോവന്റെ 245ാം ജന്മദിനമാണിന്ന്. സംഗീതം കൊണ്ടും വിചിത്രമായ ജീവിത രീതികൾകൊണ്ടും വിസ്മയിപ്പിച്ച ബീഥോവന്റെ പിറന്നാൾ ദിനത്തിൽ ലോകത്തിലേറ്റവുമധികം പേരുപയോഗിക്കുന്ന സെർച്ച് എഞ്ചിൻ, ഗൂഗിളൊരുക്കിയ ഡൂഡിലും ശ്രദ്ദേയമാകുകയാണ്.

ബീഥോവൻ വര: ക്രിസ്റ്റ്യൻ ഹോൺമാൻ

ബീഥോവന് മുൻപോ പിൻപോ ഒരാളില്ല. ആ പേരിനൊപ്പം കൂട്ടിച്ചേർക്കാൻ താരതമ്യം ചെയ്യാൻ മറ്റൊന്നിതുവരെ പിറന്നിട്ടുമില്ല. 1770 ലെ ഡിസംബർ 16നായിരുന്നു ബീഥോവന്റെ ജനനം എന്നാണ് കരുതപ്പെടുന്നത്. ബീഥോവന്റെ സിംഫണികളുടെ മാന്ത്രികത കാലഘട്ടങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

ഗൂഗിൾ ഡൂഡിളിലെ ഒരു ദൃശ്യം

നിഗൂഢമായ സ്വരങ്ങളിലൂടെ ലോകത്തിന്റെ സംഗീത ഭ്രമത്തെ തന്നിലേക്കടുപ്പിക്കുന്നതിനിടയിൽ ബീഥോ‌വന് കേഴ്‌വി ശക്തി നഷ്ടപ്പെട്ടു. ഇതിൽപരം വലിയ ദുരന്തമെന്താണ് ഒരു സംഗീതജ്ഞന്റെ ജീവിതത്തിൽ സംഭവിക്കുവാന്‍. പക്ഷേ പിന്നെയും പിറന്നു ആ മനസിന്റെ ആഴങ്ങളിൽ നിന്ന് ലോകത്തിനായി ഒരുപാടീണങ്ങൾ... പല്ലുകള്‍ക്കിടയിലൊരു കുഞ്ഞുവടി ഘടിപ്പിച്ച് അതുകൊണ്ട് പിയാനോ വായിച്ചുകൊണ്ട്. മുപ്പതാം വയസിൽ കേഴ്‌വി ശക്തി നഷ്ടപ്പെട്ട ബീഥോവൻ അമ്പത്തിയാറാമത്തെ വയസിലാണ് മരിച്ചത്.

ഗൂഗിൾ ഡൂഡിളിലെ ഒരു ദൃശ്യം

ഗൂഗിളിന്റെ ഹോം പേജിലുള്ള ബീഥോവന്റെ ചിത്രം കൊണ്ടുപോകുന്നത് ഒരു കളിയിലേക്കാണ്. ബീഥോവന്റെ മ്യൂസിക് ഷീറ്റ് ശരിയായി ചിട്ടപ്പെടുത്തുക. അദ്ദേഹത്തിന്റെ പ്രശസ്തമായ മൂൺലൈറ്റ് സൊണാറ്റ ഉൾപ്പെടെയുള്ളവയാണ് കളിക്കുന്നവർ ചിട്ടപ്പെടുത്തേണ്ടത്. ഓരോ ഘട്ടം കഴിയുമ്പോഴും കുഴപ്പിക്കുന്ന മത്സരം ഇതിനോടകം ലോകശ്രദ്ധ നേടിക്കഴിഞ്ഞു. ബീഥോവന്റെ സംഗീത ജീവിതത്തിലേക്ക് നയിക്കുന്നതൊന്നാവണം ഡൂ‍ഡിലെന്ന് കരുതിയാണ് ഗൂഗിൾ ഡൂഡിൽ ടീം ഇങ്ങനൊരു സംഭവമൊരുക്കിയത്. രണ്ടു വർഷംകൊണ്ടാണ് ഈ ഡൂഡിലൊരുക്കിയത്.