തോറ്റവന്റെ വേദന ഗോപി സുന്ദറിനും അറിയാം

എസ്എസ്എൽസി ഫലത്തെക്കുറിച്ചുള്ള ആശങ്കകളും അനിശ്ചിതാവസ്ഥയും തുടരവെ സംഗീത സംവിധായകനായ ഗോപി സുന്ദർ തന്റെ ഫെയ്സ്ബുക്ക് പേജിൽ ഒരു പടം പോസ്റ്റ് ചെയ്തു. തന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ ഫോട്ടോ. ഒന്നാം റാങ്ക് കിട്ടിയ സർട്ടിഫിക്കറ്റ് അല്ല മറിച്ച് എസ് എസ് എൽ സി തോറ്റ സർട്ടിഫിക്കറ്റ്.

പരീക്ഷയ്ക്ക് വെറും 200 മാർക്ക് മാത്രം നേടിയ ഗോപിസുന്ദർ ഇതായിരുന്നു തന്റെ ജീവിതത്തിന് പിന്നീട് പ്രചോദനമായതെന്നും വഴിത്തിരിവായതെന്നും അടിക്കുറിപ്പിൽ പറയുന്നു. ഇതൊരു തുടക്കം മാത്രമാണെന്നും മുന്നോട്ട് കുതിക്കാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

‘ചേട്ടന് നന്നായി കോപ്പി അടിക്കാൻ അറിയാവുന്നതല്ലേ, എന്നാലും തോറ്റു അല്ലേ എന്ന് ഒരു വിരുതൻ ഫേസ്ബുക്കിൽ പോസ്റ്റിന് താഴെ കമന്റ് ചെയ്തു. അപ്പോൾ തന്നെ അതിനൊരു ഉഗ്രൻ മറുപടി ഗോപിസുന്ദർ തന്നെ കൊടുത്തു. ‘ഭായ് അന്നെനിക്ക് ഇത്രയ്ക്ക് കഴിവുണ്ടായിരുന്നില്ല എന്നായിരുന്നു ഗോപിയുടെ കിടിലൻ മറുപടി.

പണ്ട് എസ്എസ്എൽസി പരീക്ഷ ആരംഭിക്കുന്നതിനും മാസങ്ങൾക്കും മുൻപേ തുടങ്ങും പേടിയും വെപ്രാളവും. രജിസ്റ്റർ നമ്പർ കയ്യിൽ കിട്ടുമ്പോൾ പേടി പിന്നെയും കൂടും. ഇപ്പൊ കഥയൊക്കെ മാറി. റെക്കോർഡ് വിജയശതമാനം ആണെങ്കിലും തോറ്റവരും ഉണ്ടല്ലോ ചെറിയൊരു ശതമാനം. അവർക്ക് ഉൗർജമാവട്ടെ ഗോപി സുന്ദറിന്റെ ഇൗ വാക്കുകൾ. തോറ്റോന്റെ വേദന തോറ്റോന് മാത്രമല്ല പുണ്യാളാ ഗോപിച്ചേട്ടനും അറിയാം.