ഗ്രാമി അവാർഡുകൾ നാളെ പ്രഖ്യാപിക്കും

അമ്പത്തിയെട്ടാമത് ഗ്രാമി അവാർഡ് പ്രഖ്യാപനം നാളെ. ഇന്ത്യൻ സമയം രാവിലെ ആറരയ്ക്ക് ലോസ് ആഞ്ചൽസിലെ ദി സ്റ്റേപ്പിൾസ് സെന്റെറിലാണ് ലോക സംഗീതത്തിലെ ഓസ്കർ പുരസ്കാര ദാന ചടങ്ങ് തുടങ്ങുക. 2014 ഒക്ടോബർ ഒന്നിനും 2015 ‌സെപ്റ്റംബർ 30നും ഇടയ്ക്ക് ലോകത്ത് പിറന്ന സംഗീത ആൽബങ്ങൾക്കും ആലാപന ഭംഗിക്കും സംഗീത സംവിധാനത്തിനും തുടങ്ങി പാട്ടു ലോകത്തെ സമസ്ത മേഖലകളിലേയും മികച്ച സൃഷ്ടികൾ‌ക്കാണ് ഈ ഗ്രാമഫോൺ സമ്മാനിക്കുന്നത്. ‌സിബിഎസ് ടെലിവിഷൻ നെറ്റ്‌വർക്കിനാണ് സംപ്രേഷണാവകാശം.

എൺപത്തിമൂന്ന് പുരസ്കാരങ്ങളാണ് സംഗീത ലോകത്തെ പ്രതിഭകൾക്കായി അക്കാദമി കാത്തുവച്ചിരിക്കുന്നത്. പതിനൊന്ന് നോമിനേഷനുകളുമായി കെൻഡ്രിക് ലാമറാണ് പുരസ്കാരം ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. ഏഴ് നോമിനേഷനുകളുമായി ടെയ്‌ലർ സ്വിഫ്റ്റും ഡ്രേകുമാണ് മുന്നിൽ. ആറ് നോമിനേഷനുകളുമായി മാക്സ് മാർട്ടിൻ തൊട്ടുപുറകിലുണ്ട്. ഡിസംബർ ഏഴിനാണ് നോമിനേഷൻ ആർക്കൊക്കെയാണെന്ന് പ്രഖ്യാപിച്ചത്. അഡെൽ, കെൻഡ്രിക് ലാമർ, ജസ്റ്റിൻ ബീബർ എന്നിവരാണ് ഗ്രാമി പുരസ്കാര വേദിയെ തങ്ങളുടെ പ്രകടനങ്ങളിലൂടെ പ്രകമ്പനംകൊള്ളിക്കാനെത്തുക