മറക്കാനാകുന്നില്ല ആ വാക്കുകള്‍....

ഷോക്കിങ്, അത്ര മാത്രമേ പറയുവാനുകുന്നൂള്ളൂ. ഈ മരണത്തെ കുറിച്ച്. വിശ്വസിക്കുവാനേ സാധിക്കുന്നില്ല. നാ മുത്തുകുമാറിന്‌റെ മരണത്തെ കുറിച്ച് യുവസംഗീത സംവിധായകന്‍ ഹിഷാം അബ്ദുല്‍ വഹാബിന്‌റെ പ്രതികരണമിതായിരുന്നു. ഹിഷാം ഈണമിട്ട മേരേ ഇന്ത്യയുടെ ഗാനരചയിതാവ് മുത്തുകുമാര്‍ ആയിരുന്നു. ഒരുപക്ഷേ അദ്ദേഹം അവസാനം വരികളെഴുതിയ ചിത്രങ്ങളിലൊന്നും ഇതാകും.

എന്തെങ്കിലും അസുഖം വന്നു കിടപ്പിലായെന്നോ മറ്റോ അറിയില്ലായിരുന്നു. ഞാന്‍ സിനിമയില്‍ ആദ്യമായി അസിസ്റ്റ് ചെയ്യുന്ന ഗാനരചയിതാവ്. ആദ്യമായി ഈണമിട്ടത് അദ്ദേഹത്തിന്‌റെ വരികള്‍ക്കാണ്. മേരേ ഇന്ത്യ എന്ന ചിത്രത്തിനായിരുന്നു അത്. അതിനു ശേഷമാണ് സാള്‍ട്ട് മാംഗോ ട്രീയില്‍ ഈണമിടുന്നത്. അതുകൊണ്ടു തന്നെ ഞാനൊരു വിദ്യാര്‍ഥിയെ പോലെയായിരുന്നു അദ്ദേഹത്തിനു മുന്‍പില്‍.

നമ്മളൊരു ഈണം പറഞ്ഞാല്‍ ഉടനടി വരികളും തരുവാന്‍ അദ്ദേഹത്തിനാകും. ചിന്തിച്ചു കൊണ്ടായിരിക്കും വരികള്‍ പറയുക. നമ്മളത് കേട്ട് എഴുതിയെടുക്കണം. ഒരുപാട് ആശയങ്ങള്‍ ആ മനസിലുണ്ടാകും. നമ്മളോട് അതു ഷെയര്‍ ചെയ്യാനും മടിയില്ല അദ്ദേഹത്തിന്. ഹിഷാം പറഞ്ഞു. യുവന്‍ ശങ്കര്‍ രാജ, ജി.വി. പ്രകാശ് ഇവര്‍ക്കൊക്കെ ആദ്യം വരികളെഴുതി കൊടുത്തത് ഞാനാണ്. പിന്നീടവര്‍ക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിനക്കും അതുപോലെ തന്നെയാകും. ഇനിയും നമ്മള്‍ കാണും. അങ്ങനെയൊക്കെ പറഞ്ഞ് ആശംസകള്‍ നേര്‍ന്നിട്ടാണു പോയത്. അന്ന് അവസാനം കാണുമ്പോള്‍ അദ്ദേഹം അങ്ങനെ പറഞ്ഞിരുന്നു. എന്നിട്ടാണിങ്ങനെ...