മകന്റെ 'ഇടി'...ഉമ്മയുടെ 'താരാട്ട്'...

മാമുണ്ണാൻ കൂട്ടാക്കാതെ കരയുന്ന കുഞ്ഞുസാജിദിനെ കൈയിലെടുത്ത് ഉമ്മ കൊച്ചുകൊച്ചു പാട്ടുകൾ പാടിക്കൊടുത്തു. വെളിച്ചെണ്ണയും ഉപ്പും ചേർത്തു ഞെരടിയ ചോറ് ഉരുളകളാക്കി വായിൽവച്ചുകൊടുക്കുമ്പോൾ പാട്ടിൽ പരിഭവം മറന്നു സാജിദ് അതു കഴിച്ചു. 

വർഷങ്ങൾ പലതു കഴിഞ്ഞു. കുഞ്ഞു സാജിദ് വളർന്നു. താൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ നായകനെ കുട്ടിക്കാലത്തു പാടിയുറക്കാൻ അമ്മ പാടുന്ന താരാട്ടു പാടാൻ ഗായികയെത്തേടുകയാണ്. ഉമ്മയുടെ താരാട്ടുപാട്ടിനെക്കുറിച്ചു സാജിദ് പറയുന്ന കഥകൾ കേട്ട സംഗീതസംവിധായകന് സംശയമൊന്നുമുണ്ടായിരുന്നില്ല. സംവിധായകന്റെ ഉമ്മ പാടിയാൽ മതി.

വരുന്ന വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്ന ജയസൂര്യയുടെ സിനിമ ഇടി(ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം)യിൽ താരാട്ടുപാട്ടു പാടി ഗായികയായെത്തുകയാണ് സംവിധായകൻ സാജിദ് യഹിയയുടെ ഉമ്മ സീമ യഹിയ.

ആലപ്പുഴ വലിയകുളത്തെ വീട്ടിൽ പാട്ടിനേക്കാളേറെ രാഷ്ട്രീയം കേട്ടാണു സാജിദ് വളർന്നത്. ലീഗിന്റെ ജില്ലാ നേതാവായ ഉപ്പ യഹിയ മുല്ലയ്ക്കൽ വാർഡിൽനിന്നുള്ള നഗരസഭാംഗം ആയിരുന്നു. ഉമ്മ സീമ യഹിയ വനിതാ ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. പ്രസംഗിച്ചു നല്ല പരിചയമുണ്ടെങ്കിലും ശാസ്ത്രീയമായി സീമ പാട്ടുപഠിച്ചിട്ടില്ല. കുട്ടിക്കാലത്ത് ഓത്തുപള്ളിയിലും മറ്റും മാപ്പിളപ്പാട്ടുകൾ പാടി സമ്മാനംവാങ്ങിയ കഥകൾ ഉമ്മ പറയാറുണ്ട്. ഉമ്മയ്ക്ക് അന്നു സമ്മാനമായിക്കിട്ടിയ സോപ്പുപെട്ടികളും ഗ്ലാസുകളുമൊക്കെയാവണം സാജിദിന്റെ മനസിലെ കലാകാരനെ ഉണർത്തിയത്.

ലജനത്തുൽ മുഹമ്മദീയ സ്കൂളിലും ലിയോ തേർട്ടീൻത് സ്കൂളിലും പഠിച്ചിറങ്ങിയ ശേഷം എൻജിനീയറിങ്‌ വിദ്യാർഥിയായി കോയമ്പത്തൂരിലായിരുന്നു സാജിദ്. എങ്കിലും എല്ലാക്കാലത്തും സിനിമയായിരുന്നു സാജിദിന്റെ മനസു നിറയെ. 2007 മുതൽ പല പല സിനിമകളിൽ പ്രവർത്തിച്ച സാജിദ് ശ്രദ്ധ നേടിത്തുടങ്ങിയത് കലക്ടർ, ഡാഡികൂൾ, ബാംഗ്ലൂർ ഡേയ്സ് തുടങ്ങിയ സിനിമകളിലൂടെയാണ്. സക്കറിയായുടെ ഗർഭിണികളിലെ ‘വെയിൽച്ചില്ല പൂക്കും’ എന്ന ഗാനരംഗത്തിൽ അഭിനയിച്ചതോടെ പാട്ടുകാരനെന്ന നിലയിലും സാജിദ് അറിയപ്പെട്ടു. ആ പാട്ട് താനല്ല പാടിയത് എന്നു സാജിദ് ആണയിടുമ്പോഴും കൂട്ടുകാരും പ്രേക്ഷകരും ഇപ്പോഴും വിശ്വസിച്ചിട്ടില്ല.

ആദ്യ സിനിമയായ ഇടിയിൽ നായകന്റെ കുട്ടിക്കാലം അവതരിപ്പിക്കാനായാണു ഗാനരചയിതാവ് മനു മഞ്ജിത്തും സംഗീതസംവിധായകൻ രാഹുൽ രാജും മാപ്പിളപ്പാട്ടിന്റെ ഇശലുകൾ ചേർന്നു താരാട്ടുപാട്ട് ഒരുക്കിയത്.

കൊച്ചിയിൽ ഉപ്പ യഹിയയ്ക്ക് ഡയാലിസിസിനായി എത്തുമ്പോഴാണ് ഉമ്മയെ പാട്ടുപാടിക്കാൻ സ്റ്റുഡിയോയിലേക്ക് കൊണ്ടുവരുന്നത്. വലിയ മൈക്കും ഹെഡ്ഫോണുമൊക്കെ കണ്ടതോടെ സീമ യഹിയയുടെ ധൈര്യമെല്ലാം ചോർന്നുപോയി. പക്ഷേ തമാശയും കളികളുമായി സാജിദും രാഹുൽരാജുമൊക്കെ ആ പ്രശ്നത്തെ മറികടന്നു.

അങ്ങനെ മലയാള സിനിമയിൽ ആദ്യമായി ഒരു ഉമ്മ തന്റെ സംവിധായകനായ മകനുവേണ്ടി താരാട്ടു പാടുകയാണ്. ഈ പാട്ടിൽ വിരിയുന്നത് സ്നേഹത്തിന്റെ, കരുതലിന്റെ ആയിരം പൂക്കളാണ്.